വിവാദ ഗോൾ; കൊളംബിയയെ തകർത്ത് ബ്രസീൽ
text_fieldsസവോപോളോ: ഒരു ഗോൾ വഴങ്ങി പിറകിലായ ശേഷം അവസാന നിമിഷങ്ങളിൽ രണ്ടു വട്ടം തിരിച്ചടിച്ച് ആധികാരിക ജയവുമായി സാംബ കരുത്ത്. കളിയുടെ തുടക്കത്തിൽ സിസർ കിക്കിലൂടെ ഡയസ് കൊളംബിയയെ മുന്നിലെത്തിച്ച മത്സരത്തിൽ ഫർമീനോയും ഇഞ്ച്വറി സമയത്ത് കാസമീറോയും നേടിയ ഗോളുകളിലാണ് ബ്രസീൽ ജയം പിടിച്ചത്.
അവസരങ്ങൾ തുറന്നും മൈതാനം ഭരിച്ചും തുടക്കം മുതൽ മുന്നിൽനിന്നത് നിലവിലെ ജേതാക്കൾ തന്നെയായിരുന്നു. പക്ഷേ, 10ാം മിനിറ്റിൽ തന്നെ ഗോൾ നേടി ഞെട്ടിച്ചത് കൊളംബിയ. അതും കോപ കണ്ട ഏറ്റവും മികച്ച ഗോളുകളിലൊന്നും. മനോഹരമായ നീക്കങ്ങളിലൊന്നിൽ വലതുമൂലയിൽ കുതിച്ചെത്തിയ ക്വാഡ്രാഡോ പോസ്റ്റിന് മുന്നിലേക്ക് നീട്ടിയടിച്ച ക്രോസ് പ്രതിരോധമതിലിനുമപ്പുറത്ത് കൺപാർത്തിരുന്ന ഡയസ് പൊള്ളുന്ന സിസർ കിക്കിലൂടെ പായിച്ചത് പോസ്റ്റിലേക്ക്. പ്രതീക്ഷിക്കാത്ത ആംഗിളിൽനിന്ന് പാഞ്ഞുവന്ന പന്ത് ഗോളിയെയും കടന്ന് വലയിൽ. കൊളംബിയ ഒരു ഗോളിന് മുന്നിൽ.
ഇതോടെ തിരിച്ചടിച്ച് നിരന്തരം അവസരങ്ങൾ തുറന്ന സാംബ മുേന്നറ്റം രണ്ടാം പകുതിയിൽ പലവട്ടം പകരംവീട്ടിയെന്ന് തോന്നിച്ചു. 66ാം മിനിറ്റിൽ നെയ്മറിെൻറ മനോഹര കിക്ക് കൊളംബിയ ഗോളിയെയും കടന്ന് പറന്നെങ്കിലും പോസ്റ്റിൽ തട്ടി മടങ്ങി.
78ാം മിനിറ്റിലായിരുന്നു സമനില ഗോൾ. റഫറിയുടെ ശരീരത്തിൽ തട്ടി ദിശമാറിയ പന്ത് എത്തിയത് ഫർമീനോയുടെ കാലിൽ. റഫറി നെസ്റ്റർ പിറ്റാന വിസിൽ മുഴക്കുമെന്ന് കാത്ത് ഒരുനിമിഷം നിശ്ശബ്ദമായ കൊളംബിയൻ ബൂട്ടുകളെ കബളിപ്പിച്ച് ഫർമീനോ വലയിലാക്കി. ഇതോടെ പ്രകോപിതരായ കൊളംബിയൻ താരങ്ങൾ പ്രതിഷേധവുമായി മൈതാനത്ത് കളി തുടരാൻ വിസമ്മതിച്ചുനിന്നെങ്കിലും റഫറി വഴങ്ങിയില്ല. ഏറെ വൈകി പുനരാരംഭിച്ചപ്പോൾ കളി പരുക്കനുമായി. 87ാം മിനിറ്റിൽ ബാരിയോസിനെ കൈമുട്ടുകൊണ്ടിടിച്ചതിന് നെയ്മർ കാർഡ് വാങ്ങി. അതിനിടെ, പതിവുപോലെ എതിർബോക്സിൽ വീണ് പെനാൽറ്റിക്കായി വാദിച്ച നെയ്മറിന് പക്ഷേ, റഫറി തുണയായില്ല. നഷ്ടമായ വിജയം തിരികെ പിടിക്കാൻ കൊളംബിയയുടെ തിരക്കിട്ട നീക്കങ്ങൾക്കിടെ നെയ്മർ സഹായിച്ച് സാംബ ടീമിെൻറ വിജയ ഗോളെത്തി. നെയ്മർ എടുത്ത കോർണർ കിക്കിൽ കാസെമിറോ തലവെക്കുകയായിരുന്നു. ഇതോടെ റഫറി അവസാന വിസിൽ മുഴക്കുകയും ചെയ്തു.
ഇതോടെ ഗ്രൂപിൽ എല്ലാ മത്സരങ്ങളും ജയിച്ച് ഗ്രൂപ് ബിയിൽ ബഹുദൂരം മുന്നിൽ ഒന്നാം സ്ഥാനത്താണ് ബ്രസീൽ. ആദ്യ കളിയിൽ വെനസ്വേലയെ കാൽഡസൻ ഗോളുകൾക്ക് തകർത്ത സാംബ ടീം പെറുവിനെ നിശ്ശൂന്യമാക്കിയത് ഏകപക്ഷീയമായ നാലുഗോളുകൾക്ക്. എക്വഡോറിനെതിരെയാണ് ടീമിെൻറ അവസാന മത്സരം. അഞ്ചു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപിൽനിന്നും നാലു വീതം ടീമുകൾ ക്വാർട്ടറിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.