കോപയിൽ കൊടുങ്കാറ്റ്
text_fieldsബ്വേനസ് എയ്റിസ്: കിക്കോഫ് കുറിക്കാൻ നാളുകൾമാത്രം ബാക്കിനിൽക്കുേമ്പാഴും കോപ അമേരിക്കയിലെ അനിശ്ചിതത്വ കൊടുങ്കാറ്റ് അടങ്ങുന്നില്ല. ജൂൺ 13ന് തുടങ്ങാനിരിക്കുന്ന ടൂർണമെൻറിന് വേദി എവിടെയെന്ന ആശങ്ക ഇനിയും മാറുന്നില്ല. അർജൻറീനയും കൊളംബിയയും സംയുക്ത ആതിഥേയരായി നടത്തപ്പെടുമെന്ന് തീരുമാനിച്ച തെക്കനമേരിക്കൻ വൻകരയുടെ ചാമ്പ്യൻഷിപ്പിൽനിന്നും ആദ്യം പുറന്തള്ളപ്പെട്ടത് സഹആതിഥേയരായ കൊളംബിയയാണ്. ആഭ്യന്തര സഘർഷങ്ങൾ കാരണം കൊളംബിയയിലെ മത്സരങ്ങൾ റദ്ദാക്കാൻ തെക്കനമേരിക്കൻ ഫുട്ബാൾ അസോസിയേഷൻതന്നെയാണ് തീരുമാനിച്ചത്. ശേഷം, മുഴുവൻ മത്സരങ്ങളും അർജൻറീനയിൽ നടക്കുമെന്ന അറിയിപ്പുണ്ടായെങ്കിലും ഇപ്പോഴിതാ വേദിസംബന്ധിച്ച് വീണ്ടും പ്രതിസന്ധി ഉയരുന്നു.
രാജ്യത്ത് കോവിഡ് വ്യാപനം ശക്തമായതോടെയാണ് അർജൻറീനക്ക് പുറത്തേക്ക് ടൂർണമെൻറ് പറിച്ചു നടാൻ 'കോൺമിബോൾ' കാര്യമായി ആലോചിക്കുന്നത്. ചിലി, എക്വഡോർ, വെനിസ്വേല രാജ്യങ്ങൾ സഹആതിഥേയ താൽപര്യം അറിയിച്ചെങ്കിലും അമേരിക്കയിലേക്ക് മാറ്റാൻ തെക്കനമേരിക്കൻ അസോസിയേഷൻ ആലോചിക്കുന്നതായാണ് വാർത്തകൾ.
നിലവിൽ അർജൻറീനയിലെ കോവിഡ് കേസുകളുടെ പ്രതിദിന കണക്ക് 30,000ത്തിന് മുകളിലായാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇൗ സാഹചര്യത്തിൽ ടൂർണമെൻറ് നടത്തിപ്പിനെതിരെ പലകോണിൽനിന്നും വിമർശനമുയരുന്നതും, വിവിധ താരങ്ങൾ പിൻമാറാനുള്ള സന്നദ്ധത അറിയിച്ചതുമാണ് കൂടുതൽ സുരക്ഷിത വേദി അന്വേഷിക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത്. അതേസമയം, ജൂൺ 10 മുതൽ ആഗസ്റ്റ് ഒന്ന് വരെ നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പിന് അമേരിക്കയാണ് വേദി. ഒമ്പത് നഗരങ്ങളിലെ പത്തു വേദികളിലായാണ് മത്സരങ്ങൾ. അതിനാൽ, മറ്റു നഗരങ്ങൾ തേടേണ്ടി വരും. 2016 കോപ അമേരിക്കയുടെ നൂറാം വാർഷിക ചാമ്പ്യൻഷിപ്പിന് അമേരിക്ക വേദിയായിരുന്നു.
2020ൽ നടക്കേണ്ട 47ാമത് ചാമ്പ്യൻഷിപ്പാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ഇൗ വർഷത്തേക്ക് മാറ്റിവെച്ചത്. എന്തുവിലകൊടുത്തും നേരത്തെ നിശ്ചയിച്ച തീയതികളിൽതന്നെ ടൂർണമെൻറ് നടത്താനാണ് നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.