തലമുറകളുടെ സ്വപ്ന സാക്ഷാത്കാരം; കോപ്പ അർജന്‍റീനക്ക്
text_fieldsഅർജന്‍റീനയുടെ തലമുറകൾ കാത്തിരുന്ന മാലാഖയായി ഏയ്ഞ്ചൽ ഡി മരിയ മാറക്കാനയിൽ പറന്നിറങ്ങി. ചരിത്രത്തിലേക്ക് നീട്ടിയ മരിയയുടെ ഒറ്റഗോളിന്‍റെ ബലത്തിൽ കോപ്പ കിരീടം നെഞ്ചോടടക്കുേമ്പാൾ വൻകരകൾക്കും രാജ്യാതിർത്തികൾക്കും അപ്പുറത്ത് അർജന്‍റീന ആരാധകർക്ക് ഇത് അനർഘ നിമിഷങ്ങൾ. പതിറ്റാണ്ടുകളായി തുടരുന്ന ഫൈനൽ വീഴ്ചകളുടേയും കിരീട വരൾച്ചയുടെയും നിറം മങ്ങിയ കഥകളിലേക്ക് കിരീടത്തിളക്കത്തിന്‍റെ വർണമഴ പെയ്തിറങ്ങുേമ്പാൾ ഇതിഹാസ താരം ലയണൽ മെസ്സിക്കും ഇത് സംതൃപ്തിയുടെ ദിവസം. ചാമ്പ്യൻമാരെന്ന പകിട്ടോടെയെത്തിയ ബ്രസീലിനും ആരാധകർക്കും ഓർക്കാനിഷ്ടമില്ലാത്ത മറ്റൊരു മാറക്കാന മത്സരം കൂടി.
ഒപ്പത്തിനൊപ്പം ഇരുടീമുകളും മുന്നേറിയ മത്സരത്തിൽ 22ാം മിനിറ്റിൽ ഏയ്ഞ്ചൽ ഡി മരിയ കുറിച്ച ഗോളാണ് അർജന്‍റീനയുടെ വിധി മാറ്റി മറിച്ചത്. ഡി പോളിന്‍റെ സുന്ദരമായ പാസ് ബ്രസീൽ പ്രതിരോധത്തിന്‍റെ പഴുതിലൂടെ സ്വീകരിച്ച മരിയ പന്ത് ചിപ്പ് ചെയ്ത് വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. പന്ത് വലയിലേക്ക് താഴ്ന്നിറങ്ങുേമ്പാൾ നിസഹായതയോടെ നോക്കി നിൽക്കാനേ ബ്രസീൽ ഗോളി എഡേഴ്സണായുള്ളൂ. ആദ്യ പകുതിയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും സുന്ദരമായ മുന്നേറ്റങ്ങളൊന്നും അധികം കണ്ടില്ല.
രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെയാണ് ബ്രസീലെത്തിയതെങ്കിലും പ്രതിരോധത്തിൽ വട്ടമിട്ട അർജന്‍റീനയുടെ ആകാശനീലക്കുപ്പായക്കാരെ മറികടക്കാനായില്ല. 51ാം മിനിറ്റിൽ റിച്ചാൽസൺ കാനറികൾക്കായി വലകുലുക്കിയെങ്കിലും ഓഫ് സൈഡ് പതാക ഉയർന്നതോടെ ആരവങ്ങളൊതുങ്ങി. 87ാം മിനിറ്റിൽ ഗബ്രിയേൽ ബർബോസയുടെ തകർപ്പൻ വോളി അർജന്‍റീനയുടെ ഗോൾകീപ്പർ എമി മാർട്ടിനസ് തടുത്തിട്ടു. 88ാം മിനിറ്റിൽ ഒറ്റക്ക് പന്തുമായി മുേന്നറിയ ലണയൽ മെസ്സി സുന്ദരമായ സുവർണാവസരം കളഞ്ഞുകുളിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.