കോപ്പ കിരീടം; മെസ്സിക്ക് ഏഴാം ബാലൺ ഡി ഓർ ഉറപ്പെന്ന് ഫാൻസ്
text_fieldsബ്രസീലിയ: 28 വർഷത്തെ ഇടവേളക്ക് ശേഷം ലയണൽ മെസ്സിയും കൂട്ടരും കോപ്പ അമേരിക്ക കിരീടം അർജന്‍റീനയിൽ എത്തിച്ചിരിക്കുകയാണ്. നീലയും വെള്ളയും വരയുള്ള അർജന്‍റീന ജഴ്സിയിലെ മെസ്സിയുടെ ആദ്യ അന്താരാഷ്ട്ര കിരീടനേട്ടത്തിൽ ആരാധകർ അത്യാഹ്ലാദത്തിലാണ്. ഇതിഹാസങ്ങളുടെ നിരയിൽ ഇരിപ്പുറപ്പിക്കുേമ്പാഴും അന്താരാഷ്ട്ര ട്രോഫിയുടെ അഭാവം എന്നും മെസ്സിക്ക് ഒരു വേദനയായിരുന്നു.
എന്നാൽ മാറക്കാന സ്റ്റേഡിയത്തിൽ എയ്ഞ്ചൽ ഡി മരിയയുടെ ഗോളിലൂടെ അർജന്‍റീന വൻകരയുടെ ജേതാക്കളായപ്പോൾ ദീർഘ നിശ്വാസമെടുത്തത് കാലങ്ങളായി ആ കാഴ്ച കാണാൻ കാത്തിരുന്നത് മലയാളക്കരയിലെ അടക്കമുള്ള ദശലക്ഷക്കണക്കിന് ആരാധകരായിരുന്നു.
നാല് ഗോളുമായി ടൂർണമെന്‍റിലെ ടോപ്സ്കോറർ, മികച്ച താരം എന്നീ പുരസ്കാരങ്ങൾ സ്വന്തമാക്കിയ മെസ്സിക്ക് തന്നെയാകും ഈ വർഷത്തെ ബാലൺ ഡി ഓർ എന്ന് ഉറപ്പിക്കുകയാണ് ആരാധകർ. 'ബാലൺ ഡിഓർ' ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങാണ്. ടൂർണമെന്‍റിലുടനീളം മികച്ച കളി കെട്ടഴിച്ച് വിട്ട മെസ്സിക്ക് ഫൈനലിന്‍റെ അന്ത്യ നിമിഷത്തിൽ ഗോളടിച്ച് പട്ടിക പൂർത്തിയാക്കാനുള സുവർണാവസരം ലഭിച്ചിരുന്നെങ്കിലും മുതലെടുക്കാനായില്ല.
വർഷങ്ങളായുള്ള ട്രോഫി വരൾച്ച അവസാനിപ്പിച്ചതിന് പിന്നാലെ എക്കാലത്തെയും മികച്ച കളിക്കാരൻ (GOAT) ആരെന്ന ചർച്ചകൾ ഇനി വേണ്ടെന്നും ഏഴാം ബാലൺ ഡി ഓർ മെസ്സിക്ക് നൽകണമെന്നുമാണ് ആരാധകർ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെടുന്നത്. കണക്കുകൾ പലതും നിരത്തിയാണ് ആരാധകരുടെ വാദം.
2021ൽ ഇതുവരെ മെസ്സി 38 മത്സരങ്ങളിൽ നിന്നായി 33 ഗോളുകൾ സ്കോർ ചെയ്തിട്ടുണ്ട്. കോപ അമേരിക്ക കൂടാതെ ബാഴ്സലോണക്കൊപ്പം കോപ ഡെൽറേ കിരീടവും സ്വന്തമാക്കി. 14 ഗോളുകൾക്ക് പിന്നിൽ ചരടുവലിച്ച മെസ്സി 26 കളികളിൽ താരമായി. ഇക്കുറി ലാലിഗയിലെ ടോപ് സ്കോററും മെസ്സിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.