കളംവാണ് നെയ്മർ; വലകുലുക്കി പാക്വറ്റ; കാനറികൾ ഫൈനലിൽ
text_fields
സവോപോളോ: മാറക്കാന മൈതാനത്ത് ദിവസങ്ങൾ കഴിഞ്ഞ് കോപ കപ്പ് ചുണ്ടോടുചേർക്കാൻ ഒരു കളി മാത്രം അകലെ കാനറികളും നെയ്മർ ജൂനിയറും. നെയ്മർ- റിച്ചാർളിസൺ- പാക്വറ്റ ത്രയം മൈതാനം ഭരിച്ച സെമി പോരാട്ടത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പെറുവിനെ വീഴ്ത്തിയാണ് ബ്രസീൽ ഫൈനലിലെത്തിയത്. നാളെ അർജൻറീന- കൊളംബിയ സെമി ഫൈനൽ വിജയികളാണ് എതിരാളികൾ.
വല കാത്ത് അലിസണ് പകരം എഡേഴ്സണും പിന്നെ ഡാനിലോ മാർക്വിഞ്ഞോസ്, തിയാഗോ സിൽവ, ലോഡി, ഫ്രഡ്, കാസമിറോ, എവർടൺ, പാക്വറ്റ, റിച്ചാർളിസൺ, നെയ്മർ എന്നിവരുമായി ആദ്യ ഇലവൻ ഇറങ്ങിയ ബ്രസീലിനെതിരെ തുടക്കം മുതൽ ആക്രമണം ശക്തമാക്കുകയെന്ന തന്ത്രവുമായാണ് പെറു പന്തു തട്ടിയതെങ്കിലും നീക്കങ്ങളേറെയും കേന്ദ്രീകരിച്ചത് അവരുടെ തന്നെ മധ്യത്തിൽ. കോപയിൽ ആഴ്ചകൾക്ക് മുമ്പ് ഗ്രൂപ് മത്സരത്തിൽ ഏകപക്ഷീയമായ നാലു ഗോളിന് വീഴ്ത്തിയ ടീമിനെതിരെയായതിനാൽ മാനസിക മുൻതൂക്കം കാനറികൾക്കൊപ്പം നിന്നു. മുൻനിരയിൽ നെയ്മർ, പാക്വറ്റ, റിച്ചാർളിസൺ എന്നിവർ മികച്ച ഒത്തിണക്കം കാണിച്ചപ്പോൾ തുടക്കം മുതൽ ഗോളവസരങ്ങളും പിറന്നു. എട്ടാം മിനിറ്റിൽ അതിവേഗം പന്തുമായി എത്തിയ പാക്വറ്റ നേരെ നീട്ടിനൽകിയത് റിച്ചാർളിസണ്, കാത്തുനിന്ന നെയ്മർക്ക് മറിച്ചുനൽകിയെങ്കിലും ഗോൾ പിറന്നില്ല. 12ാം മിനിറ്റിൽ കാസമിറോ പായിച്ച ബുള്ളറ്റ് ഷോട്ട് ഗോളി ആയാസപ്പെട്ട് കുത്തിയകറ്റി. ഏഴു മിനിറ്റ് കഴിഞ്ഞ് അതേ വേഗവും ദൂരവുമായി കാസമിറോ വീണ്ടും അപകടം വിതച്ചെങ്കിലും ഗോളി ഗാലെസെക്ക് കാര്യമായ അധ്വാനം വേണ്ടിവന്നില്ല.
കാത്തിരുന്ന ഗോളെത്തുന്നത് 35ാം മിനിറ്റിൽ. ഇത്തവണ ആക്രമണത്തിന് തുടക്കമിട്ടത് റിച്ചാർളിസൺ. നെയ്മർക്ക് നീട്ടിനൽകിയ പന്ത് അതിവേഗം പെറു പെനാൽറ്റി ബോക്സിലേക്ക്. മൂന്നു പേർ വട്ടംകൂടി നിന്നെങ്കിലും പന്തിൽ തൊട്ടെന്ന് തോന്നിച്ച മൂന്ന് ചെറു സ്പർശനങ്ങളിൽ എല്ലാവരെയും വെട്ടിയൊഴിഞ്ഞ് സൂപർ താരം നൽകിയ പാസ് സ്വീകരിച്ച പാക്വറ്റ കാത്തുനിൽക്കാതെ പായിച്ച ഷോട്ട് പെറു വലയിൽ.
ഗോൾ വീണതോടെ പ്രതിരോധിക്കാൻ പെറുവും ആക്രമിക്കാൻ കാനറികളും എന്നതായി മൈതാനത്തെ ചിത്രം. അലമാല കണക്കെ അവസരങ്ങൾ ഒന്നിനു പിറകെ ഒന്നായി തീർത്ത് സാംബ താളം അതിദ്രുതമായപ്പോൾ ഏതുനിമിഷവും ലീഡ് ഉയരുമെന്നായി. ഒറ്റയാൻ നീക്കങ്ങളുമായി നെയ്മറുടെ മിന്നൽ പടയോട്ടങ്ങൾ പെറു പ്രതിരോധത്തെ ശരിക്കും മുനയിൽനിർത്തി. അതിനിടെ 83ാം മിനിറ്റിൽ പെറുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ഗോളിലവസാനിക്കേണ്ടതായിരുന്നു. ഗോളി എഡേഴ്സണ് പിഴച്ചെങ്കിലും പെറു താരം കാലെൻസിന് മുതലാക്കാനായില്ല. പന്ത് കുത്തിയിട്ടത് പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്.
അതുകഴിഞ്ഞ് ഫ്രെഡിനെയും റിച്ചാർളിസണെയും ലോഡിയെയും പിൻവലിച്ച ബ്രസീൽ വിനീഷ്യസ്, ഫബീഞ്ഞോ, എഡർ മിലിറ്റാറ്റോ എന്നിവരെ പകരം കൊണ്ടുവന്നു. അൽപം കഴിഞ്ഞ് പാക്വറ്റയെയും പിൻവലിച്ചു. സാംബ താളം വേഗത്തിലായെന്നതൊഴിച്ചാൽ പെറുവിന് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.