കൊളംബിയയെ വീഴ്ത്തി പെറു; വെനസ്വേല- എക്വഡോർ മത്സരം സമനില
text_fieldsസവോപോളോ: ബ്രസീൽ നയിക്കുന്ന ഗ്രൂപ് എയിൽ പെറുവിന് ജയം. കൊളംബിയയെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് പെറു തകർത്തുവിട്ടത്. സെർജിയോ പീനയും യെറി മീനയും വിജയികൾക്കായി സ്കോർ ചെയ്തപ്പോൾ മിഗ്വേൽ ബോർയയുടെ വകയായിരുന്നു കൊളംബിയയുടെ ആശ്വാസ ഗോൾ. 13ാം മിനിറ്റിൽ സെർജിയോ പീനിയയിലൂടെ പെറുവാണ് അക്കൗണ്ട് തുറന്നത്. അതോടെ കളി മുറുകിയെങ്കിലും കൊളംബിയ സമനില പിടിക്കാൻ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടിവന്നു. 53ാം മിനിറ്റിൽ ഒപ്പം പിടിച്ച കൊളംബിയയുടെ വലയിൽ 10 മിനിറ്റ് കഴിഞ്ഞ് എവർടൺ താരം യെറി മീന സെൽഫ് ഗോളടിച്ചതോടെ കളി വീണ്ടും പെറുവിനൊപ്പം. തിരിച്ചടിക്കാനുള്ള ശ്രമങ്ങൾ വിജയം കാണാതായതോടെ നിർണായക വിജയവുമായി പെറു മടങ്ങി.
രണ്ടാമത്തെ മത്സരത്തിൽ വെനസ്വേലയും എക്വഡോറും രണ്ടു വീതം ഗോൾ നേടി സമനിലയിൽ പിരിഞ്ഞു. അയർടൺ പ്രസ്യാഡോ, ഗൊൺസാലോ പ്ലാറ്റ എന്നിവർ എക്വഡോറിനായും എഡ്സൺ കാസ്റ്റിലോ, റൊണാൾഡ് ഹെർണാണ്ടസ് എന്നിവർ വെനസ്വേലക്കായും ഗോൾ നേടി. കളി സമനിലയിൽ പിരിഞ്ഞതോടെ മൂന്നു മത്സരങ്ങളിൽ രണ്ടു പോയിന്‍റുമായി വെനസ്വേല ഏറെ പിറകിലാണ്. രണ്ടു കളികൾ മാത്രം പൂർത്തിയാക്കിയ എക്വഡോറിന് ഒരു പോയിന്‍റ് മാത്രമാണുള്ളത്. രണ്ടു കളികളിൽ ആറു പോയിന്‍റുമായി ബ്രസീലാണ് ഗ്രുപിൽ ബഹുദുരം മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.