കോപ അമേരിക്ക ടൂർണമെൻറിന് നാളെ ബ്രസീലിൽ തുടക്കം
text_fieldsസാവോപോളോ: നീണ്ട അനിശ്ചിതത്വത്തിനും വിവാദങ്ങൾക്കും അവസാനം കുറിച്ച് യൂറോപ്പിലെ ഫുട്ബാൾ കാർണിവലിെനാപ്പം ലാറ്റിനമേരിക്കയിലും കാൽപന്തുകളിയുടെ ആവേശം ഉണരും. ടൂർണമെൻറ് നടത്താൻ ബ്രസീൽ സുപ്രീം കോടതി അനുമതി നൽകിയതോടെയാണ് കോവിഡിനെ തട്ടിമാറ്റി കോപ അമേരിക്ക പോരാട്ടത്തിന് അരങ്ങൊരുങ്ങുന്നത്. 11 ജഡ്ജിമാരും ഐകകണ്ഠ്യേനയാണ് കോവിഡ് പ്രോട്ടോകോൾ പാലിച്ച് ടൂർണമെൻറ് നടത്താൻ ഉത്തരവിട്ടത്. വിധി ബ്രസീൽ പ്രസിഡൻറ് ജെയർ ബോൽസൊനാക്കും ബ്രസീൽ ഫുട്ബാൾ അസോസിയേഷനും ആശ്വാസമാവും.
നേരത്തെ, അർജൻറീന-കൊളംബിയ രാജ്യങ്ങൾ സംയുക്തമായാണ് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് കുതിച്ചുയർന്ന പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും ടൂർണമെൻറ് നടത്താൻ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ, ബ്രസീൽ ടൂർണമെൻറ് ഏറ്റെടുത്തു. ഇതിനെതിരെ ബ്രസീലിയൻ ഫുട്ബാൾ താരങ്ങളടക്കം രംഗത്തുവന്നിരുന്നു. ലാറ്റിനമേരിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യമാണ് ബ്രസീൽ. ടൂർണമെൻറ് അമേരിക്കയിലേക്ക് മാറ്റണമെന്നും ആവശ്യമുയർന്നു. പ്രതിപക്ഷ കക്ഷികൾ ടൂർണമെൻറ് നടത്തുന്നതിനെതിരെ കേസുമായി ഇറങ്ങിയതോടെയാണ് കോപ കോടതി കയറിയത്. ഒടുവിൽ വിധി അനുകൂലമായതോടെ ലാറ്റിനമേരിക്കൻ ഫുട്ബാൾ പോരാട്ടം വീണ്ടും കാൽപന്തുകളിയുടെ ഈറ്റില്ലമായ ബ്രസീലിൽ ഉദിച്ചുയരും. 2019ലും ബ്രസീൽ തന്നെയായിരുന്നു ആതിഥേയത്വം വഹിച്ചിരുന്നത്.
നാലു നഗരങ്ങളിലായി അഞ്ചു മൈതാനങ്ങളിലാണ് മത്സരങ്ങൾ മുഴുവനും. ഗാരിഞ്ച സ്റ്റേഡിയത്തിൽ ബ്രസീൽ-വെനിസ്വേല പോരാട്ടത്തോടെയാണ് ആവേശപ്പോരിന് തുടക്കമാവുക. മാറാക്കാന സ്റ്റേഡിയത്തിൽ ജൂലൈ പത്തിനാണ് ഫൈനൽ േപാരാട്ടം. രണ്ടു ഗ്രൂപ്പുകളിലായി അഞ്ചു രാജ്യങ്ങൾ വീതം മാറ്റുരക്കും
ഗ്രൂപ്പ് -എ അർജൻറീന, ഉറുഗ്വായ്, ചിലി, പരഗ്വേ, ബൊളീവിയ
1993നു ശേഷം ഒരു കിരീടം, ഏറെ നാളായ് കൊണ്ടുനടക്കുന്ന ആ സ്വപ്നവുമായാണ് ഗ്രൂപ് എയിലെ വമ്പന്മാരായ അർജൻറീന ഇത്തവണയും കോപക്ക് കോപ്പുകൂട്ടുന്നത്. 2019ലെ വാർഷിക കോപ ടൂർണമെൻറിൽ സെമിയിൽ മുഖ്യശത്രുക്കളായ ബ്രസീലിനു മുന്നിലാണ് സുവർണ കിരീടമെന്ന അർജൻറീനയുടെ മോഹം വീണുടഞ്ഞത്. രണ്ടു വർഷങ്ങൾക്കുശേഷം വീണ്ടും അതേ കോപക്ക് ഒരുങ്ങുേമ്പാൾ, ലയണൽ മെസ്സിയും സംഘവും അതിജീവന പാഠങ്ങൾ പയറ്റിത്തെളിഞ്ഞ് ബ്രസീൽ കീഴടക്കാൻ എത്തുകയാണ്. സൂപ്പർതാരം ലയണൽ മെസ്സിക്കൊപ്പം സെർജിയോ അഗ്യൂറോ, എയ്ഞ്ചൽ ഡി മരിയ, െസർജിയോ അഗ്യൂറോ തുടങ്ങിയ 'വല്യേട്ടന്മാർ' ഉൾപ്പെടുന്നതാണ് കോച്ച് ലയണൽ സ്കാലോണിയുടെ ടീം. എന്നാൽ, വിയ്യറയലിനെ യൂറോപ ലീഗ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഡിഫൻറർ യുവാൻ ഫോയിത്തിനെയും സെവിയ്യ സ്ട്രൈക്കർ ലൂകാസ് ഒകാേമ്പാസിനെയും കോച്ച് തഴഞ്ഞു. ക്രിസ്റ്റ്യൻ റൊമേരോ, നോഹേൽ മൊളിന ലൂസിറോ എന്നിവരാണ് പുതുമുഖങ്ങളായുള്ളത്.
ലോകകപ്പ് യോഗ്യത റൗണ്ട് അവസാന രണ്ടു മത്സരങ്ങളിൽ സമനില വഴങ്ങിയത് അർജൻറീനയെ കുഴക്കുന്നുണ്ട്. മുഴുവൻ പടയുമായി ഇറങ്ങിയിട്ടും ചിലിക്കെതിരെയും കൊളംബിയക്കെതിരെയും മുൻ ലോകചാമ്പ്യന്മാർ സമനിലയിലായി. എങ്കിലും 14 തവണ കോപ ചാമ്പ്യന്മാരായ അർജൻറീന, സൂപ്പർതാരം ലയണൽ മെസ്സിയുടെ േതാളിലേറി കിരീടത്തിലേക്ക് കുതിക്കാൻ തയാറായിക്കഴിഞ്ഞു.
ഗ്രൂപ്പിൽ ഉറുഗ്വായിയാണ് അർജൻറീനയുടെ പ്രധാന എതിരാളി. പഴയ ആയുധങ്ങൾ തന്നെയാണ് ഇക്കുറിയും ഉറുഗ്വായിക്കുള്ളത്. അത്ലറ്റികോ മഡ്രിഡ് താരം ലൂയിസ് സുവാരസും മാഞ്ചസ്റ്റർ യുനൈറ്റഡ് താരം എഡിൻസൻ കവാനിയും. കഴിഞ്ഞ കോപയിൽ ക്വാർട്ടറിൽ പുറത്തയ ഉറുഗ്വായിക്ക്, ഇത്തവണ അത്ഭുതം കാണിക്കാനാവുമോയെന്ന് കാത്തിരുന്നു കാണാം. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അവസാന മൂന്നിൽ ഒന്നിൽപോലും ഇവർക്ക് ജയിക്കാനായിട്ടില്ല.
കഴിഞ്ഞ കോപയിലെ സെമിഫൈനലിസ്റ്റുകളായ ചിലിയും ഒട്ടും ഫോമിലല്ല. അട്ടിമറി ലക്ഷ്യമിട്ടാണ് പരഗ്വേയും ബൊളീവിയയും അങ്കത്തിനൊരുങ്ങുന്നത്.
ഗ്രൂപ്പ് -ബി ബ്രസീൽ കൊളംബിയ വെനിസ്വേല എക്വഡോർ പെറു
കോപയിലൊരു പത്താം മുത്തം, നിലവിലെ ചാമ്പ്യന്മാരായ ബ്രസീൽ സ്വന്തം നാട്ടിൽ പോരിന് ഇറങ്ങുേമ്പാൾ ലക്ഷ്യമതാണ്. 1919ൽ ആദ്യത്തേതും 2019ൽ അവസാനത്തേതും കോപ സ്വന്തമാക്കിയ ബ്രസീലുകാർ ഇതുവരെ ഒമ്പതു തവണ ജേതാക്കളായവരാണ്. കോവിഡിൽ വീണ്ടുമൊരു അവസരം സ്വന്തം നാട്ടിൽ വന്നുചേരുേമ്പാൾ, ടിറ്റെയുടെ ടീം പത്താം കിരീടത്തിലേക്കെന്നാണ് എല്ലാ പ്രവചനങ്ങളും. സമീപകാല പ്രകടനങ്ങൾ കണ്ടാണ് കോപ ഇത്തവണയും ബ്രസീലിനെന്ന് എല്ലാവരും പറയുന്നത്.
ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ ആറിൽ ആറും ജയിച്ച് കാനറിൻ കരുത്ത് ലോകത്തെ വിളിച്ചറിയിച്ചുകഴിഞ്ഞു. പ്രതിരോധവും മധ്യനിരയും മുന്നേറ്റവും ഒന്നിനൊന്ന് മെച്ചം. യോഗ്യത മത്സരങ്ങളിൽ ഇതുവരെ വഴങ്ങിയത് രണ്ടേ രണ്ടു ഗോളുകളാണെന്നത് മാർകിനോസും തിയാഗോ സിൽവയും നേതൃത്വം നൽകുന്ന കാനറികളുടെ പ്രതിരോധത്തിെൻറ ഉറപ്പ് വ്യക്തമാക്കുന്നു. മധ്യനിരയിലും മുന്നേറ്റത്തിലും ചലനമുണ്ടാക്കുന്ന സൂപ്പർ താരം നെയ്മറാണ് ടീമിെൻറ പവർ എൻജിൻ. അഞ്ചു ഗോളുമായി ലോകകപ്പ് യോഗ്യത റൗണ്ടിലെ ടോപ്സ്കോർ പട്ടികയിൽ രണ്ടാമനായുണ്ട്.
ഗ്രൂപ്പിലെ മറ്റൊരു ഫേവറേറ്റുകൾ കൊളംബിയയാണ്. കോച്ച് റീനാൾഡോ റൂഡെയുടെ തിരിച്ചുവരവോടെ ടീം ഏറക്കുറെ മെച്ചപ്പെട്ടിട്ടുണ്ട്. പെറുവിനെ3-0ത്തിന് തോൽപിച്ചും അർജൻറീനയെ ഇഞ്ചുറി സമയം സമനിലയിൽ തളച്ചതുമെല്ലാം അതിെൻറ അടയാളമാണ്. പരിക്ക് കാരണം ഹാമിഷ് റോഡ്രിഗസ് ഇല്ലാത്തത് െകാളംബിയക്ക് തിരിച്ചടിയാവും.നിലവിെല റണ്ണേഴ്സ് അപ്പുകളായ പെറു ഗ്രൂപ് ബിയിലെ മറ്റൊരു കരുത്തരാണ്. എന്നാൽ, ലോകകപ്പ് യോഗ്യതയിൽ തുടർ തോൽവികൾ ഏറ്റുവാങ്ങുന്ന ടീം നിലവിൽ അവസാന സ്ഥാനക്കാരാണ്. അഞ്ചു വർഷത്തോളമായി പെറുവിനെ പരിശീലിപ്പിക്കുന്ന കോച്ച് റികാർഡോ ആൽബർടോ ഗരേകാക്ക് കസേര തെറിക്കാതിരിക്കണമെങ്കിൽ കോപയിൽ മുന്നേറേണ്ടതുണ്ട്.ലോകകപ്പ് യോഗ്യത റൗണ്ടിൽ തകർപ്പൻ പ്രകടനത്തോടെ ട്രാക്കിലുള്ള എക്വഡോറും ചാമ്പ്യന്മാരായ ബ്രസീലിന് വെല്ലുവിളി ഉതിർക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.