ഡബ്ളടിച്ച് എൻഡ്രിക്; അധിക സമയപോരിൽ സെൽറ്റ വിഗോയെ വീഴ്ത്തി റയൽ കോപ ഡെൽ റേ ക്വാർട്ടറിൽ
text_fieldsമഡ്രിഡ്: അധിക സമയത്തേക്ക് കടന്ന മത്സരത്തിൽ സെൽറ്റ വിഗോയെ വീഴ്ത്തി സ്പാനിഷ് വമ്പന്മാരായ റയൽ മഡ്രിഡ് കോപ ഡെൽ റേ ക്വാർട്ടർ ഫൈനലിൽ. രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് റയലിന്‍റെ ജയം. നിശ്ചിത സമയത്ത് ഇരുടീമുകളും 2-2 എന്ന സ്കോറിൽ സമനിലയിൽ പിരിഞ്ഞു.
അധിക സമയത്തിന്‍റെ രണ്ടാം പകുതിയിൽ ബ്രസീൽ യുവതാരം എൻഡ്രിക് ഇരട്ട ഗോളുകളുമായി തിളങ്ങി. 108, 119 മിനിറ്റുകളിലായിരുന്നു താരത്തിന്‍റെ ഗോളുകൾ. കിലിയലൻ എംബാപ്പെ (37ാം മിനിറ്റിൽ), വിനീഷ്യസ് ജൂനിയർ (48), ഫെഡറിക് വാൽവെർദെ (112) എന്നിവരും റയലിനായി വലകുലുക്കി. ജൊനാഥൻ ബംബാ (83), മാർകോസ് അലൊൻസോ (90+1) എന്നിവരാണ് സെൽറ്റയുടെ സ്കോറർമാർ.
റയൽ രണ്ടു ഗോളിന്‍റെ അനായാസ ജയം നേടുമെന്ന് ഉറപ്പിച്ചിരിക്കെയാണ് എട്ടു മിനിറ്റിൽ രണ്ടു ഗോളുകൾ മടക്കി സെൽറ്റ ആവേശ സമനില പിടിച്ചത്. പാബ്ലോ ഡുറാന്‍റെ അസിസ്റ്റിൽനിന്നാണ് ബംബാ നിശ്ചിത സമയം അവസാനിക്കാൻ ഏഴു മിനിറ്റ് മാത്രം ബാക്കി നിൽക്കെ ഒരു ഗോൾ മടക്കിയത്. ഇൻജുറിടൈമിൽ ബോക്സിനുള്ളിൽ ബംബായെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി അലൊൻസോ ലക്ഷ്യത്തിലെത്തിച്ച് സമനില പിടിച്ചതോടെ മത്സരം അധിക സമയത്തേക്ക്.
പകരക്കാരനായി കളത്തിലിറങ്ങിയാണ് 18കാരൻ എൻഡ്രിക് ഇരട്ടഗോൾ നേടിയത്. മറ്റൊരു മത്സരത്തിൽ നിലവിലെ ജേതാക്കളായ അത്ലറ്റികോ ബിൽബാവോയെ 3-2 എന്ന സ്കോറിന് ഒസാസുന വീഴ്ത്തി. ആന്‍റെ ബുദിമിറിന്‍റെ ഇരട്ട ഗോളാണ് ഒസാസുനക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ റയൽ സോസിഡാഡും അവസാന എട്ടിൽ ഇടംപിടിച്ചു.
കഴിഞ്ഞദിവസം റയൽ ബെറ്റിസിനെ 5-1ന് തരിപ്പണമാക്കി ബാഴ്സയും അവസാന എട്ടിലെത്തിയിരുന്നു. വിജയികൾക്കായി ഗാവി (3), ജൂൾസ് കൂണ്ഡെ (27), റഫിഞ്ഞ (58), ഫെറാൻ ടോറസ് (67), ലമീൻ യമാൽ (75) എന്നിവർ സ്കോർ ചെയ്തു. 84ാം മിനിറ്റിലെ പെനാൽറ്റി വിക്ടർ റോക്കെ വലയിലെത്തിച്ചതിൽ ബെറ്റിസ് ആശ്വാസം കണ്ടെത്തി.
മറ്റു മത്സരങ്ങളിൽ അത്‍ലറ്റികോ മഡ്രിഡ് 4-0ത്തിന് എൽഷെയെയും ലെഗെൻസ് 3-2ന് അൽമേറിയയെയും ഗെറ്റാഫി ഒറ്റ ഗോളിന് പോണ്ടെവെഡ്രയെയും പരാജയപ്പെടുത്തി ക്വാർട്ടറിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനൽ മത്സരങ്ങളുടെ നറുക്കെടുപ്പ് ഈമാസം 20ന് നടക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.