കോപ്പ ഇൻ അമേരിക്ക; ആദ്യ കളിയിൽ നാളെ അർജന്റീന കാനഡയെ നേരിടും
text_fieldsവാഷിങ്ടൺ: ലാറ്റിൻ അമേരിക്കൻ സോക്കർ വശ്യതയിൽ കുളിച്ച് കോപ്പക്ക് നാളെ യു.എസിൽ കിക്കോഫ്. പ്രതിഭ ധാരാളിത്തവുമായി മൈതാനത്ത് പിന്നെയും ആയുസ്സ് നീട്ടിയെടുത്ത സാക്ഷാൽ ലയണൽ മെസ്സിയെ കൂട്ടി അർജന്റീന ഉദ്ഘാടന മത്സരത്തിൽ കാനഡയെ നേരിടും. ഇന്ത്യൻ സമയം വെള്ളിയാഴ്ച പുലർച്ചെ 5.30നാണ് കളി.
രണ്ടു വർഷത്തിനിടെ യു.എസിലടക്കം മൂന്നു രാജ്യങ്ങളിലായി ലോകകപ്പിന് വേദിയുണരാനിരിക്കെയാണ് ആവേശപ്പോരാട്ടം വിരുന്നെത്തുന്നത്. നിലവിലെ ചാമ്പ്യന്മാരായ അർജന്റീന 15വട്ടം കിരീടം സ്വന്തമാക്കിയവരാണ്. മെസ്സി തന്നെയാണ് ടീമിന്റെ തുറുപ്പുശീട്ട്. ലോകകപ്പ് കിരീട ജേതാക്കളായ ടീം തന്നെയാണ് ഇത്തവണ യു.എസിലും കളിക്കുക. എയ്ഞ്ചൽ ഡി മരിയ, നികൊളാസ് ഓട്ടമെൻഡി തുടങ്ങിയ വെറ്ററൻ താരങ്ങളെ നിലനിർത്തിയിട്ടുണ്ട്. ചിലിയാണ് അർജന്റീനക്ക് അടുത്ത കളിയിൽ എതിരാളികൾ.
കിരീടത്തിൽ ഏറെ പ്രതീക്ഷ കൽപിക്കപ്പെടുന്ന മറ്റൊരു ടീമായ ബ്രസീൽ സമീപകാലത്ത് മോശം പ്രകടനങ്ങളുടെ പേരിൽ പഴി കേൾക്കുന്നവരാണ്. 2026 ലോകകപ്പ് യോഗ്യത പോരാട്ടങ്ങൾ ആറെണ്ണം പൂർത്തിയാകുമ്പോൾ രണ്ടിൽ മാത്രമാണ് സാംബകൾ ജയിച്ചുകയറിയത്. ഉറുഗ്വായ്, കൊളംബിയ, അർജന്റീന എന്നിവയോട് തോറ്റ് ടീം പോയന്റ് പട്ടികയിൽ ആറാമതാണ്. എന്നാൽ, വിനീഷ്യസും റോഡ്രിഗോയും നയിക്കുന്ന മുന്നേറ്റത്തിന് അതിവേഗം കാര്യങ്ങൾ തിരിച്ചുപിടിക്കാനാകുമെന്നാണ് കോച്ചിന്റെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.