റാഷ്ഫോഡിന് ചുവപ്പ് കാർഡ്; കോപൻഹേഗനു മുന്നിൽ വീണ് യുനൈറ്റഡ്; ഹാരി കെയ്നിന്‍റെ ഇരട്ടഗോളിൽ ബയേൺ
text_fieldsചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനു തോൽവി. ഡാനിഷ് ക്ലബ് കോപൻഹേഗൻ 4-3 എന്ന സ്കോറിനാണ് ഇംഗ്ലീഷ് ക്ലബിനെ വീഴ്ത്തിയത്.
ഡച്ച് മൈതാനത്ത് ആദ്യ അരമണിക്കൂറിൽ മികച്ച മുന്നേറ്റങ്ങളുമായി കളംനിറഞ്ഞ്, രണ്ടു ഗോളിന്‍റെ ലീഡും നേടിയാണ് ടെൻ ഹാഗും സംഘവും തോൽവി പിണഞ്ഞത്. 42ാം മിനിറ്റിൽ മാർകസ് റാഷ്ഫോഡ് ഡയറക്റ്റ് ചുവപ്പ് കാർഡ് കണ്ട് പുറത്തായതാണ് തിരിച്ചടിയായത്. പത്ത് പേരിലേക്ക് ചുരുങ്ങിയതോടെ യുനൈറ്റഡിന് മത്സരത്തിലെ നിയന്ത്രണവും നഷ്ടമായി.
നാലു കളികളിൽനിന്ന് ഒരു ജയവും മൂന്നു തോൽവിയുമായി നിലവിൽ എ ഗ്രൂപ്പിൽ അവസാന സ്ഥാനത്താണ് യുനൈറ്റഡ്. മൂന്നാം മിനിറ്റിലും 28ാം മിനിറ്റിലും റാസ്മസ് ഹോജ്ലൻഡ് ക്ലോസ് റേഞ്ചിലൂടെ നേടിയ ഇരട്ടഗോളിലൂടെ യുനൈറ്റഡ് മത്സരത്തിൽ വ്യക്തമായ ലീഡെടുത്തിരുന്നു. ഡച്ച് പ്രതിരോധ താരം ഏലിയാസ് ജെലർട്ടിനെ ഫൗൾ ചെയ്തതിനാണ് റാഷ്ഫോർഡിന് വാർ പരിശോധനയിലൂടെ റഫറി ചുവപ്പ് കാർഡ് നൽകിയത്.
ഡച്ചുകാർക്കായി മുഹമ്മദ് എലിയൂസ് 45ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. ഇതിന്‍റെ ആഘാതത്തിൽനിന്ന് യുനൈറ്റഡ് മുക്തമാകുന്നതിനു മുമ്പേ അടുത്ത പ്രഹരം. ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ (45+9) ഡച്ച് ക്ലബിന് അനുകൂലമായി പെനാൽറ്റി. ബോക്സിനുള്ളിൽ ഹാരി മഗ്വയർ പന്ത് കൈ കൊണ്ട് തൊട്ടതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. കിക്കെടുത്ത പോർചുഗീസ് താരം ഡിയോഗോ ഗോൺസാൽവസ് പന്ത് ലക്ഷ്യത്തിലെത്തിച്ചു.
69ാം മിനിറ്റിൽ യുനൈറ്റഡിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ബ്രൂണോ ഫെർണാണ്ടസ് വലയിലാക്കി. മത്സരത്തിൽ വീണ്ടും യുനൈറ്റഡിന് ലീഡ്. എന്നാൽ, 83ാം മിനിറ്റിൽ ലൂക്കാസ് ലെറാഗറിന്‍റെ ഗോളിലൂടെ കോപൻഹേഗൻ വീണ്ടും ഒപ്പമെത്തി. 87ാം മിനിറ്റിൽ യുനൈറ്റഡിനെ ഞെട്ടിച്ച് റൂണി ബർദ്ജി ഡച്ച് ക്ലബിനായി വിജയഗോൾ നേടി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ജർമൻ കരുത്തരായ ബയേൺ മ്യൂണിക്ക് 2-1ന് തുർക്കിഷ് ക്ലബ് ഗലറ്റ്സരായെ പരാജയപ്പെടുത്തി. മത്സരത്തിന്‍റെ 80, 86 മിനിറ്റുകളിലാണ് കെയ്ൻ ഗോൾ നേടിയത്. രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ ബകാംബു ഒരു ഗോൾ മടക്കി. കളിച്ച നാലു മത്സരങ്ങളും ജയിച്ച ബയേൺ എ ഗ്രൂപ്പിൽ ഒന്നാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.