കാനറികളെ പൂട്ടി കോസ്റ്ററീക; കോപ്പയിൽ ബ്രസീലിന് ആദ്യ മത്സരത്തിൽ സമനില
text_fieldsലോസ് ആഞ്ചലസ്: കോപ അമേരിക്ക ഗ്രൂപ്പ് ഡിയിലെ ആദ്യ മത്സരത്തിൽ കരുത്തരായ ബ്രസീലിനെ സമനിലയിൽ പൂട്ടി കോസ്റ്ററീക. മത്സരം ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.
ആക്രമണത്തിലും ഗോളിലേക്ക് ഷോട്ടുകൾ തൊടുക്കുന്നതിലും പന്തടക്കത്തിലും കാനറിപ്പട മേധാവിത്വം നിലനിർത്തിയിട്ടും ഗോൾ മാത്രം നേടാനായില്ല. ഫിനിഷിങ്ങിലെ പോരായ്മകളാണ് ബ്രസീലിന് തിരിച്ചടിയായത്. 30ാം മിനിറ്റിൽ പ്രതിരോധ താരം മാർക്വിഞ്ഞോയിലൂടെ ബ്രസീൽ ലീഡെടുത്തെന്ന് തോന്നിപ്പിച്ചെങ്കിലും വാർ പരിശോധനയിൽ റഫറി ഓഫ് സൈഡ് വിധിച്ചു. ലോകകപ്പ് യോഗ്യത മത്സരങ്ങളിലടക്കം തോൽവി സ്ഥിരമാക്കിയ ബ്രസീൽ പുതിയ പരിശീലകൻ ഡോറിവൽ ജൂനിയറിന്‍റെ കീഴിൽ വലിയ പ്രതീക്ഷയോടെയാണ് കോപ്പയിലിറങ്ങിയത്.
വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ ഉൾപ്പെടെ ലോക ഫുട്ബാളിലെ മികച്ച താരങ്ങൾ അണിനിരന്നിട്ടും കോസ്റ്ററീക്കയുടെ പ്രതിരോധ കോട്ട പൊളിക്കാൻ ബ്രസീലിനായില്ല. പ്രതിരോധിച്ചു കളിച്ച കോസ്റ്ററീക അവസരങ്ങൾ കിട്ടുമ്പോൾ മാത്രമാണ് എതിർ പോസ്റ്റിലേക്ക് കടന്നുകയറിയത്. മത്സരത്തിൽ 74 ശതമാനവും പന്ത് കൈവശം വെച്ചത് ബ്രസീൽ താരങ്ങളായിരുന്നു. 19 ഷോട്ടുകളാണ് ഗോളിലേക്ക് അവർ തൊടുത്തത്, കോസ്റ്ററീക്കയുടെ കണക്കിൽ രണ്ടെണ്ണം മാത്രം. 2016ന് ശേഷം ആദ്യമായാണ് കോസ്റ്ററീക കോപ്പ കളിക്കാനെത്തുന്നത്.
വിങ്ങിലൂടെ സൂപ്പർതാരം വിനീഷ്യസ് ജൂനിയർ നടത്തിയ നീക്കങ്ങളൊന്നും സഹതാരങ്ങൾക്ക് ഗോളിലെത്തിക്കാനായില്ല. 60ാം മിനിറ്റിൽ റാഫിഞ്ഞ വലതു വിങ്ങിലൂടെ കടന്നുകയറി ബോക്സിനുള്ളിലേക്ക് നൽകിയ ക്രോസ് ഗോളിനടുത്തെത്തിയെങ്കിലും കോസ്റ്ററീക പ്രതിരോധിച്ചു. 63ാം മിനിറ്റിൽ ബോക്സിനു പുറത്തുനിന്നുള്ള ലൂകാസ് പക്വറ്റയുടെ ഒരു ബുള്ളറ്റ് ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങി. തൊട്ടുപിന്നാലെ താരത്തിന്‍റെ മറ്റൊരു ഷോട്ട് കോസ്റ്ററീക ഗോൾ കീപ്പർ പാട്രിക് സെക്വീര തട്ടിയകറ്റി.
70ാം മിനിറ്റിൽ വിനീഷ്യസിനു പകരം കൗമാത താരം എൻഡ്രിക്ക് കളത്തിലിറങ്ങിയതോടെ ബ്രസീലിന്‍റെ ആക്രമണത്തിന് മൂർച്ചകൂടി. കോസ്റ്ററീക ഗോൾമുഖം തുടരെ തുടരെ വിറപ്പിച്ചിട്ടും പന്ത് വലിയിലെത്തിക്കാനായില്ല. ഇൻജുറി ടൈമിൽ ബ്രസീലിനു സുവർണാവസരം ലഭിച്ചെങ്കിലും ബ്രൂണോ ഗ്യൂമാറെസിന്‍റെ ഷോട്ട് പോസ്റ്റിനു തൊട്ടുമുകളിലൂടെ പുറത്തേക്ക് പോയി. ഒടുവിൽ മത്സരം ഗോൾരഹിതമായി അവസാനിച്ചു. ബ്രസീലിന് നിരാശയാണെങ്കിൽ, കോസ്റ്ററീക്കക്ക് ജയത്തോളം പോന്ന സമിനിലയാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.