Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപന്തിനു പിന്നാലെ...

പന്തിനു പിന്നാലെ പായുന്ന കോസ്റ്റ ഖത്തറിലുമെത്തും

text_fields
bookmark_border
പന്തിനു പിന്നാലെ പായുന്ന കോസ്റ്റ ഖത്തറിലുമെത്തും
cancel
camera_alt

യെ​നാ​ര കോ​സ്​​റ്റ 2010 ദ​ക്ഷി​ണാ​ഫ്രി​ക്ക ലോ​ക​ക​പ്പ് വേ​ദി​യാ​യ സോ​ക്ക​ർ സി​റ്റി സ്റ്റേ​ഡി​യ​ത്തി​നു മു​ന്നി​ൽ

ദോഹ: ഫുട്ബാളിന്റെ സ്വർഗഭൂമികയിൽനിന്ന് കാൽപന്തുകളിയോടുള്ള അടങ്ങാത്ത ആവേശത്താലും ബ്രസീലിനോടുള്ള ആരാധനയാലും ഖത്തറിലേക്ക് കണ്ണുംനട്ടിരിക്കുന്ന ഒരു ബ്രസീലുകാരിയുണ്ട്. പേര്, യെനാര കൊറേയ കോസ്റ്റ. ജീവിതത്തിലെ ആറാമത് ലോകകപ്പിന് നേർസാക്ഷിയാകാൻ ഖത്തറിലേക്ക് പുറപ്പെടാനൊരുങ്ങുകയാണിവർ.

1994ലെ അമേരിക്കൻ ലോകകപ്പ് മുതലാണ് യെനാര കൊറേയ കോസ്റ്റയുടെ ലോകകപ്പ് യാത്ര ആരംഭിക്കുന്നത്. കാംപോ ഗ്രാൻഡെയിൽ ജനിച്ചുവളർന്ന് സാവോ പോളോയിൽ സ്ഥിരതാമസമാക്കിയ കോസ്റ്റ 16ാം വയസ്സിലാണ് കാൽപന്തുകളിയോടുള്ള പ്രണയവും പന്തിനൊപ്പമുള്ള പ്രയാണവും ആരംഭിക്കുന്നത്. സാവോ പോളോയിൽനിന്നുള്ള പ്രസിദ്ധ ക്ലബുകളിലൊന്നായ കൊറിന്ത്യൻസിന്റെ കടുത്ത ആരാധകരായ കൂട്ടുകാരിലൂടെയാണ് കാൽപന്തുകളിയുടെ ആവേശം ജനിക്കുന്നത്.

കൂട്ടുകാരോടൊപ്പം കൊറിന്ത്യൻസും പാൽമിറാസും തമ്മിലുള്ള മത്സരം കാണാൻ പോയത് ഒട്ടും താൽപര്യമില്ലാതെയാണ്. എന്നാൽ, മത്സരം കഴിഞ്ഞതോടെ കൊറിന്ത്യൻസിന്റെ വലിയ ആരാധികയായി. അതിനുശേഷം ഇഷ്ടക്ലബിന്റെ ഒരു മത്സരവും നഷ്ടമായിട്ടില്ല -കോസ്റ്റ പറഞ്ഞു.ലോകകപ്പ് മത്സരം നേരിൽ കാണുകയെന്ന സ്വപ്നം സാക്ഷാത്കരിച്ചത് 1994ലെ അമേരിക്കൻ ലോകകപ്പിലാണ്. 23 വയസ്സായിരുന്നു അന്ന് പ്രായം. ഇന്റേൺഷിപ്പിൽനിന്ന് ലഭിക്കുന്ന കുറഞ്ഞ വേതനം സ്വരുക്കൂട്ടി 10 ദിവസത്തോളം ലോകകപ്പിനായി അമേരിക്കയിലെത്തി.

റ​ഷ്യ​ൻ ലോ​ക​ക​പ്പ് വേ​ദി​യി​ൽ

ബ്രസീലിന്റെ മത്സരം നേരിൽ കാണാൻ കഴിഞ്ഞതിൽ ഏറെ ഭാഗ്യം ചെയ്തവളും സന്തോഷവതിയുമായിരുന്നുവെന്നും ജീവിതത്തിലെ ഏറ്റവും ആസ്വാദ്യകരമായ നാളുകളായിരുന്നു അതെന്നും കോസ്റ്റ ഓർക്കുന്നു.പിന്നീട് 1998ൽ ഫ്രാൻസിലും 2010ൽ ദക്ഷിണാഫ്രിക്കയിലും 2014ൽ സ്വന്തം നാട്ടിലും 2018ൽ റഷ്യയിലും ലോകകപ്പിന്റെ ഗാലറികളിൽ ഇടംപിടിച്ചു. ഓരോ ലോകകപ്പും വ്യത്യസ്ത അനുഭവങ്ങളായിരുന്നു സമ്മാനിച്ചത്. ദക്ഷിണാഫ്രിക്കയിലെ സാമൂഹികാന്തരീക്ഷം ബ്രസീലിനോട് ഏറെ സാമ്യമുള്ളതായിരുന്നു. എന്നാൽ, റഷ്യൻ ജനതയുടെ സൗന്ദര്യത്തിലും ഊഷ്മളതയിലും ഏറെ ആകൃഷ്ടയായി -ബ്രസീലിയൻ വാർത്ത ഏജൻസിയോട് കോസ്റ്റ പറയുന്നു.

റഷ്യയിൽ സ്റ്റേഡിയങ്ങളിലെത്താൻ ഒരുപാട് യാത്ര ചെയ്യേണ്ടതായി വന്നു. ബ്രസീൽ ലോകകപ്പിനെ കുറിച്ച് നിരവധി പേർ തെറ്റായ ധാരണകളാണ് പ്രചരിപ്പിച്ചിരുന്നത്. ഓരോ ബ്രസീലുകാരനെയുംപോലെ പ്രതീക്ഷിച്ചതിലേറെയാണ് 2014ലെ ആ ലോകകപ്പ് ഞങ്ങൾക്ക് നൽകിയത്. എന്നാൽ, കളിക്കളത്തിൽ ജർമനിയോടേറ്റ ബ്രസീലിന്റെ കനത്ത പരാജയം ഓർക്കാൻപോലും വയ്യാത്ത നിമിഷമാണ്.

അമേരിക്കയിലേക്കും ഫ്രാൻസിലേക്കും തനിച്ചും ദക്ഷിണാഫ്രിക്കയിലേക്ക് കൂട്ടുകാരോടൊപ്പവുമായിരുന്നു കോസ്റ്റയുടെ യാത്ര. ബ്രസീലിൽ 11കാരനായ മകനെ കൂടെക്കൂട്ടിയിരുന്നു. ഫുട്ബാളിനെ ഏറെ സ്നേഹിക്കുന്നുവെന്ന് പറയുന്ന യെനാര കൊറേയ കോസ്റ്റ, ലോകകപ്പ് എന്നത് തനിക്ക് കേവലം ഫുട്ബാൾ മാത്രമല്ലെന്നും അത് രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നുവെന്നുവെന്ന് വിശ്വസിക്കുന്നതായും അവർ പറഞ്ഞു.

2012ലെ ഫിഫ ക്ലബ് ലോകകപ്പ് ഫൈനലിൽ കൊറിന്ത്യൻസും ചെൽസിയും ജപ്പാനിൽ ഏറ്റുമുട്ടിയപ്പോഴും കോസ്റ്റ എത്തിയിരുന്നു. ഇഷ്ട ടീമിന്റെ മത്സരം കാണാനും കൊറിന്ത്യൻസിന്റെ വിജയത്തിൽ പങ്കാളിയാകാനും അവർ വൻകരകൾ താണ്ടിയെത്തി. ഓരോ മത്സരത്തിനെത്തുമ്പോഴും ടൂർണമെൻറിൽ പങ്കെടുക്കുമ്പോഴും അതൊന്നും ജോലിയെ ബാധിക്കരുതെന്ന നിബന്ധനയും അവർക്കുണ്ട്.

ഖത്തറിലേക്ക്....

ഖത്തർ ലോകകപ്പിനായി വർഷങ്ങൾക്ക് മുമ്പുതന്നെ കോസ്റ്റ തയാറെടുപ്പുകൾ നടത്തിയിരുന്നു. യാത്രക്കും ടിക്കറ്റിനും ഉൾപ്പെടെയുള്ള പണം നേരത്തേ തന്നെ മാറ്റിവെച്ചു. 20,000 അമേരിക്കൻ ഡോളറാണ് ഖത്തർ ലോകകപ്പിനായി കോസ്റ്റ മാറ്റിവെച്ചിരിക്കുന്നത്. നവംബർ 18ന് ഖത്തറിലെത്തുന്ന കോസ്റ്റക്ക് 20 മത്സരങ്ങളുടെ ടിക്കറ്റുകളാണ് ലഭിച്ചിരിക്കുന്നത്. മത്സരങ്ങൾ കാണാനാണ് എത്തുന്നതെങ്കിലും അതോടൊപ്പം ഖത്തറിനെ കൂടുതൽ അടുത്തറിയുകയെന്നതും ലക്ഷ്യമാണ്.

കഴിഞ്ഞമാസം ഫിഫയുടെ പ്രത്യേക ക്ഷണപ്രകാരം കോസ്റ്റ ഖത്തറിലെത്തിയിരുന്നതിനാൽ മുൻപരിചയം ഇത്തവണ മുതൽക്കൂട്ടാവും. സുപ്രീം കമ്മിറ്റിയുടെ ഫാൻ ലീഡേഴ്സ് പ്രോഗ്രാമിനായി ക്ഷണം ലഭിച്ച ഏക ബ്രസീലുകാരി കൂടിയാണ് ഇവർ. ഖത്തറിന്റെ പ്രധാന ഭാഗങ്ങളിലൂടെയുള്ള സഞ്ചാരത്തോടൊപ്പം ലോകകപ്പ് തയാറെടുപ്പുകളെയും അവർ മനസ്സിലാക്കി.ഖത്തർ ലോകകപ്പിനെത്തുന്ന ബ്രസീൽ ടീം ഏറെ ശക്തരാണെന്നും ഇത്തവണ ഫൈനലിലെത്തുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പ്രത്യാശ പ്രകടിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupYenara Coreya CostaCosta
News Summary - Costa will arrive in Qatar
Next Story