കോവിഡ് ചട്ടം ലംഘനം; ബംഗളൂരു എഫ്.സിയോട് ഉടൻ സ്ഥലം വിടാൻ ആവശ്യപ്പെട്ട് മാലദ്വീപ് കായിക മന്ത്രി
text_fieldsന്യൂഡൽഹി: കോവിഡ് ചട്ടം ലംഘിച്ചുവെന്നാരോപിച്ച് ഐ.എസ്.എൽ ക്ലബായ ബംഗളൂരു എഫ്.സിയോട് ഉടൻ മാലദ്വീപ് വിടാൻ കായിക മന്ത്രി ആവശ്യപ്പെട്ടു. ഇതോടെ ഈഗിൾസ് എഫ്.സിക്കെതിരെ മേയ് 11ന് നടക്കേണ്ട എ.എഫ്.സി കപ്പ് പ്ലേഓഫ് മത്സരത്തിന്‍റെ ഭാവി അനിശ്ചിതത്വത്തിലായി.
ഇന്ത്യൻ നായകൻ സുനിൽ േഛത്രി നായകത്വം വഹിക്കുന്ന ബംഗളൂരു എഫ്.സി ചെയ്ത കുറ്റം എന്താണെന്ന് വ്യക്തമല്ലെങ്കിലും അംഗീകരിക്കാനാവാത്ത പ്രവർത്തി ടീമിന്‍റെ ഭാഗത്ത് നിന്നുണ്ടായതായി കായിക മന്ത്രി അഹ്മദ് മഹ്ലൂഫ് പറഞ്ഞു.
'ഹെൽത്ത് പ്രൊട്ടക്ഷൻ ഏജൻസിയിൽ നിന്നുള്ള കർശനമായ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്ന തരത്തിൽ അസ്വീകാര്യമായ പെരുമാറ്റം ബംഗളൂരു എഫ്.സിയുടെ ഭാഗത്ത് നിന്നുണ്ടായി. ഞങ്ങൾ ഈ പ്രവൃത്തി അംഗീകരിച്ച് തരാത്തതിനാൽ ക്ലബ് ഉടൻ തന്നെ മാലിദ്വീപ് വിടണം' -മന്ത്രി ട്വീറ്റ് ചെയ്തു.
പ്ലേഓഫ് മത്സരത്തിനും എല്ലാ ഗ്രൂപ്പ് ഡി മത്സരങ്ങൾക്കും മാലദ്വീപാണ് വേദിയൊരുക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ഒറ്റ വേദിയിൽ മത്സരം സംഘടിപ്പിക്കാനുള്ള എ.എഫ്.സിയുടെ നിർദേശത്തെ തുടർന്നാണിത്. ബി.എഫ്.സി -ഇൗഗിൾസ് മത്സരത്തിലെ വിജയികൾ മേയ് 14ന് എ.ടി.കെ മോഹൻ ബഗാനെ നേരിടും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.