‘സചിനെ പോലെ, കോഹ്‍ലിക്ക് വേണ്ടി ലോകകപ്പ് നേടാൻ ഇന്നത്തെ കളിക്കാർ ആഗ്രഹിക്കുമോ എന്നറിയില്ല’ - ഹർഭജൻ സിങ്
text_fieldsഇന്ന് ആസ്ട്രേലിയക്കെതിരെ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തിനിറങ്ങുകയാണ് ടീം ഇന്ത്യ. പൂർണമായും ഇന്ത്യ ഹോസ്റ്റ് ചെയ്യുന്ന ആദ്യത്തെ ലോകകപ്പായതിനാൽ ആരാധകരിൽ നിന്നും മാധ്യമങ്ങളിൽ നിന്നുമുള്ള സമ്മർദ്ദം ഇത്തവണ നീലപ്പടക്ക് ഏറെ കൂടുതലായിരിക്കും. അതിനിടെ, ഇതിഹാസ താരം സചിൻ ടെണ്ടുൽക്കറിന് വേണ്ടി 2011-ൽ കപ്പുയർത്തിയത് പോലെ ഇന്നത്തെ യുവതാരങ്ങൾ വിരാട് കോഹ്‍ലിക്ക് വേണ്ടി ലോകകപ്പ് നേടണമെന്ന് മുൻ താരങ്ങളടക്കം പലരും അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, അത്തരം അഭിപ്രായങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് മുൻ ഇന്ത്യൻ സ്പിൻ ബൗളറായ ഹർഭജൻ സിങ്. വ്യക്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ രാജ്യത്തിന് വേണ്ടി കളിക്കാനാണ് ഇന്ത്യൻ ടീം നോക്കേണ്ടതെന്ന് അദ്ദേഹം തുറന്നടിച്ചു.
‘‘2011ലെ ടീമും നിലവിലെ ടീമും തമ്മിൽ ഏറെ വ്യത്യാസമുണ്ട്. ധോണിയുടെ ടീം ഒറ്റക്കെട്ടായി നിന്ന് , സച്ചിന് ലോകകപ്പ് നേടിക്കൊടുക്കാൻ ആഗ്രഹിച്ചു. ഇപ്പോഴത്തെ കളിക്കാർ വിരാടിനായി കിരീടമുയർത്താൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഡ്രെസ്സിങ് റൂമിൽ ഏറ്റവും കൂടുതൽ ആദരവ് നേടിയ ക്രിക്കറ്റ് താരമായിരുന്നു സചിൻ ടെണ്ടുൽക്കർ. എം.എസ് ധോണി പോലും വളരെയേറെ ബഹുമാനം നേടിയിട്ടുണ്ട്.
അവർക്ക് ശേഷം അത്രയും ബഹുമാനം മറ്റാർക്കും ലഭിച്ചിട്ടില്ല. ഇന്ത്യൻ താരങ്ങൾക്ക് ടീമിനായി ലോകകപ്പ് നേടണമെന്നുണ്ടെന്ന കാര്യം എനിക്കറിയാം, പക്ഷേ വിരാടിന് വേണ്ടിയാണെന്നുള്ളതിൽ എനിക്ക് ഉറപ്പില്ല, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി തുടങ്ങി ഏത് നായകനായാലും മുന്‍ഗണന രാജ്യത്തിന് മാത്രമാണ്. ഇന്ത്യ ജയിച്ചോ ഇല്ലെയോ എന്നതാണ് ചര്‍ച്ചയാവേണ്ടത്. അല്ലാതെ ഏതെങ്കിലും താരത്തിന്റെയോ നായകന്റെയോ ജയ പരാജയമല്ല വിഷയം'-ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.