അതിജീവനപോര്
text_fieldsബംഗളൂരു: നാലു മത്സരങ്ങളിൽ മൂന്ന് തോൽവി, ഒറ്റ ജയം. നാണക്കേടിന്റെ പോയന്റ് നിലയുമായെത്തുന്ന മുൻ ചാമ്പ്യന്മാരായ ഇംഗ്ലണ്ടും ശ്രീലങ്കയും ലോകകപ്പ് ക്രിക്കറ്റിൽ വ്യാഴാഴ്ച പോരിനിറങ്ങുമ്പോൾ ജയം ആർക്കൊപ്പമായാലും അത് ജീവവായുവാകും. ബാറ്റിങ്ങിനെ തുണക്കുന്ന ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചിൽ ജയം നേടാതെ നോക്കൗട്ട് സ്വപ്നം പോലും കാണാനാവില്ലെന്ന നിലയാണ് ഇരു ടീമിനും. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് മേൽക്കൈ പ്രവചിക്കപ്പെടുമ്പോൾ പരിക്കലട്ടുന്ന ടീമുമായി പൊരുതുന്ന ശ്രീലങ്കയെ എഴുതിത്തള്ളാനായിട്ടില്ല.
തങ്ങളുടെ യഥാർഥ ഫോമിന്റെ നിഴലിലാണ് ഈ ലോകകപ്പിൽ ഇംഗ്ലണ്ട്. ഉദ്ഘാടന മത്സരത്തിൽ ന്യൂസിലൻഡ് നൽകിയ പ്രഹരത്തിന്റെ ക്ഷീണം വിട്ടൊഴിയാതെയാണ് വരവ്. പോയന്റ് പട്ടികയിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന ബംഗ്ലാദേശിനെതിരെ 137 റൺസിന്റെ ജയം നേടിയതു മാത്രമാണ് ആകെയുള്ള ആശ്വാസം. അഫ്ഗാൻ പോരാട്ട വീര്യത്തിന് മുന്നിൽ മുട്ടുമടക്കിയ ഇംഗ്ലീഷുകാർ ദക്ഷിണാഫ്രിക്കക്ക് മുന്നിൽ 229 റൺസിന് തകർന്നടിഞ്ഞു. മികച്ച താരങ്ങളുണ്ടായിട്ടും അഗ്രസീവ് ക്രിക്കറ്റ് ശൈലി കൈമോശം വന്നതാണ് ഏകദിനത്തിൽ ഇംഗ്ലണ്ടിന്റെ തുടർച്ചയായ പരാജയങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.
ശ്രീലങ്കയാകട്ടെ ആദ്യ മൂന്ന് മത്സരങ്ങളിലെയും തോൽവിക്ക് ശേഷം നെതർലൻഡ്സിനെതിരെ നേടിയ അഞ്ചു വിക്കറ്റ് ജയത്തിന്റെ ആത്മവിശ്വാസവുമായാണ് ഇംഗ്ലണ്ടിനെ നേരിടാനിറങ്ങുന്നത്. എന്നാൽ, ടീമിനെ വലക്കുന്ന പരിക്കിനോടും പൊരുതേണ്ട ഗതികേടാണ് ദ്വീപുകാർക്ക്. പരിക്കേറ്റ ക്യാപ്റ്റൻ ദസുൻ ശനകയുടെ പുറത്താകലിന് പിറകെ ഫാസ്റ്റ് ബൗളർ മതീഷ പതിരനക്കും പരിക്കാണ്. പാകിസ്താനെതിരായ മത്സരത്തിൽ തോളിന് പരിക്കേറ്റ പതിരനക്ക് പകരം വെറ്ററൻ ഓൾ റൗണ്ടറും മുൻ നായകനുമായ എയ്ഞ്ചലോ മാത്യൂസ് ടീമിലെത്തിയിട്ടുണ്ട്. ശനകക്ക് പകരം ചമിക കരുണരത്നെയും ടീമിൽ ചേർന്നു. ഏകദിനത്തിൽ വിജയമാർജിനിൽ ഇംഗ്ലണ്ടും ലങ്കയും ഏകദേശം ഒപ്പത്തിനൊപ്പമാണ്. ഇതുവരെ 78 തവണ ഏറ്റുമുട്ടിയപ്പോൾ 38 തവണ ഇംഗ്ലണ്ടും 36 തവണ ശ്രീലങ്കയും ജയം കണ്ടു. ഒരെണ്ണം സമനിലയിൽ കലാശിച്ചപ്പോൾ മൂന്നു മത്സരങ്ങൾ ഫലമില്ലാതായി. ബാറ്റിങ്ങിനെ തുണക്കുന്ന വിക്കറ്റിൽ ബൗളിങ്ങിൽ സ്പിന്നർമാർക്ക് മേൽക്കൈ ലഭിച്ചേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.