ക്രിസ്റ്റ്യാനോ, ബെൻസേമ, കാന്റെ,സിയേഷ്...; വൻസ്രാവുകൾക്ക് മരുഭൂമിയിലെന്ത് കാര്യം
text_fieldsറിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദിയിൽ കാലുകുത്തി ആറു മാസം പിന്നിടവെ അറേബ്യൻ മരുഭൂവിലേക്ക് കൂടുതൽ പ്രമുഖരെത്തുന്നു. പോർചുഗീസ് നായകന് പിന്നാലെ ലയണൽ മെസ്സിയെയും പ്രതീക്ഷിച്ചെങ്കിലും അർജന്റീന ക്യാപ്റ്റൻ അമേരിക്കൻ മേജർ സോക്കർ ലീഗാണ് തെരഞ്ഞെടുത്തത്. റയൽ മഡ്രിഡിൽനിന്ന് ലോക ഫുട്ബാളർ കരീം ബെൻസേമയും ചെൽസിയിൽനിന്ന് എൻഗോളോ കാന്റെയും സൗദി പ്രോ ലീഗ് ജേതാക്കളായ അൽ ഇത്തിഹാദിലേക്ക് ചേക്കേറിക്കഴിഞ്ഞു. മൊറോക്കൻ പ്ലേ മേക്കറും ലോകകപ്പ് ഹീറോയുമായ ഹകീം സിയേഷും ചെൽസിയിൽനിന്ന് ക്രിസ്റ്റ്യാനോയുടെ അൽ നസ്റിലെത്തുന്നുവെന്നാണ് പുതിയ വാർത്തകൾ. ചെൽസിയിൽനിന്ന് ഡിഫൻഡർ കാലിദു കൂലിബാലിയെയും വൂൾഫ്സിൽനിന്ന് മിഡ്ഫീൽഡർ റൂബെൻ നെവസിനെയും അൽ ഹിലാലിൽ കൊണ്ടുവരുന്നതിന് നടപടികൾ പുരോഗമിക്കുകയാണ്.
യൂറോപ്പും ലാറ്റിനമേരിക്കയും വാഴുന്ന ലോക ക്ലബ് ഫുട്ബാളിൽ ഏഷ്യൻ രാജ്യമായ സൗദിയിലെ പ്രോ ലീഗ് ചിത്രത്തിലേയില്ലായിരുന്നു. ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്കും സ്പാനിഷ് സൂപ്പർ കപ്പ് ഫുട്ബാളടക്കം സുപ്രധാന ടൂർണമെന്റുകൾക്കും ആതിഥ്യമരുളി ലോക കായിക ഭൂപടത്തിൽ ഇടമുണ്ടാക്കിയ സൗദി 2030ലെ ലോകകപ്പിന് ആതിഥ്യമരുളാനും താല്പര്യം പ്രകടിപ്പിച്ചു. മെസ്സിയെ ടൂറിസം അംബാസഡറാക്കിയ സൗദി അർജന്റീന ഇതിഹാസത്തെ പ്രോ ലീഗിലെ ഏതെങ്കിലും ക്ലബിൽ കളിപ്പിക്കാനും ശ്രമം നടത്തിയിരുന്നു. ഇത് സാധിച്ചില്ലെങ്കിലും ക്രിസ്റ്റ്യാനോ, ബെൻസേമ, കാന്റെ, സിയേഷ് തുടങ്ങിയവരുടെ സാന്നിധ്യം പ്രോ ലീഗിന് കൂടുതൽ ജനശ്രദ്ധ നേടിക്കൊടുക്കും.
മാഞ്ചസ്റ്റർ യുനൈറ്റഡ് ഡിഫൻഡർ ലെഫ്റ്റ് ബാക്ക് അലക്സ് ടെല്ലസിൽ അൽ നസ്ർ താല്പര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ആഴ്സനൽ മിഡ്ഫീൽഡർ തോമസ് പാർട്ടിയും സൗദിയിലേക്കാണെന്നാണ് റിപ്പോർട്ടുകൾ.
ജനുവരിയിൽ ക്രിസ്റ്റ്യാനോ മാഞ്ചസ്റ്റർ യുനൈറ്റഡിൽനിന്ന് സൗദിയിലെത്തുമ്പോൾ വലിയ വിമർശനവും ഉയർന്നിരുന്നു. പ്രോ ലീഗ് മത്സരാത്മകമാണെന്നാണ് നിരവധി കളികൾക്ക് സാക്ഷിയായ തന്റെ അനുഭവമെന്നും എതിർക്കുന്നവർ അതേപ്പറ്റി അറിയാത്തവരാണെന്നും താരം പ്രതികരിച്ചു. യൂറോപ്പിലെ ജോലി പൂർത്തിയായെന്നും ഇതൊരു വെല്ലുവിളിയാണെന്നും ക്രിസ്റ്റ്യാനോ കൂട്ടിച്ചേർക്കുകയുണ്ടായി. കളിയുടെ സമഗ്രതക്ക് കോട്ടം തട്ടുന്നില്ലെന്ന് ഉറപ്പാക്കാൻ പ്രീമിയർ ലീഗ് സൗദി അറേബ്യയിലേക്കുള്ള കൈമാറ്റങ്ങൾക്ക് തൽക്ഷണം ഉപരോധം ഏർപ്പെടുത്തണമെന്നാണ് ഫുട്ബാൾ വിദഗ്ധൻ ഗാരി നെവിൽ ഇയ്യിടെ ബി.ബി.സിയോട് പറഞ്ഞത്. എന്നാൽ, രാജ്യത്തെ ഭരണകൂടത്തിന്റെ നിറഞ്ഞ പിന്തുണയിൽ ഇറങ്ങിക്കളിക്കുകയാണ് സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.