മെസ്സിയെ പിന്തള്ളി നൂറ്റാണ്ടിന്‍റെ ഫുട്ബാൾ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsദുബൈ: പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കിരീടത്തിൽ ഒരു തൂവൽ കൂടി. ദുബൈയിൽ ഞായറാഴ്ച നടന്ന ഗ്ലോബ് സോക്കർ അവാർഡിൽ അർജന്‍റീന നായകൻ ലയണൽ മെസ്സിയെ പിന്തള്ളി നൂറ്റാണ്ടിന്‍റെ ഫുട്ബാൾ താരമായി യുവന്‍റസ് താരത്തെ തെരഞ്ഞെടുത്തു.
2001 മുതൽ 2020 വരെയുള്ള കാലയളവിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് പുരസ്കാരം നിർണയിച്ചത്. അർമാനി ഹോട്ടലിൽ നടന്ന ചടങ്ങിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗാർഡിയോളയെ മികച്ച കോച്ചായി തെരഞ്ഞെടുക്കപ്പെട്ടു. റയൽ മഡ്രിഡാണ് നൂറ്റാണ്ടിന്‍റെ ക്ലബ്.
ബയേൺ മ്യൂണിക്കിന്‍റെ റോബർട്ട് ലെവൻഡോസ്കിയാണ് 2020ലെ മികച്ച താരം. ചാമ്പ്യൻസ് ലീഗിലും ജർമൻ ബുണ്ടസ് ലിഗയിലും ജേതാക്കളായ ബയേണിനെ മികച്ച ക്ലബായും തെരഞ്ഞെടുത്തു. ബയേണിനായി പോയ സീസണിൽ മിന്നും പ്രകടനം കാഴ്ചവെച്ച പോളിഷ് താരമായ ലെവൻഡോസ്കി 'ഫിഫ ദ ബെസ്റ്റ്' പുരസ്കാരത്തിനും അർഹനായിരുന്നു.
മുന്‍ സ്പാനിഷ് ഗോള്‍കീപ്പര്‍ ഐകര്‍ കസിയ്യസ്, പ്രതിരോധതാരം ജെറാര്‍ഡ് പീക്വേ എന്നിവരും വിവിധ പുരസ്കാരങ്ങൾക്ക് അർഹരായി. ഇംഗ്ലണ്ട്, സ്പെയിൻ, ഇറ്റലി എന്നീ രാജ്യങ്ങളിലെ ഫുട്ബാൾ ലീഗുകളിൽ കിരീടം ചൂടിയ റൊണാൾഡോ നിലവിൽ ഇറ്റാലിയൻ ജേതാക്കളായ യുവന്‍റസിനായാണ് പന്തുതട്ടുന്നത്. മാഞ്ചസ്റ്റർ യുനൈറ്റഡിനൊപ്പം ഒന്നും റയൽ മഡ്രിഡിനൊപ്പം നാലും സഹിതം അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.