കാലം സാക്ഷി, ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ; ഹംഗറിയെ തുരത്തി പറങ്കിപ്പട
text_fieldsബുഡാപെസ്റ്റ്: ഹെറങ്ക് പുഷ്കാസ് സ്റ്റേഡിയത്തിൽ ആർപ്പുവിളികളുമായി തടിച്ചുകൂടിയ ആയിരങ്ങളെ സാക്ഷിയാക്കിക്രിസ്റ്റ്യാനോ റൊണാൾഡോ മറ്റൊരു ചരിത്ര നേട്ടം കൂടി പേരിലാക്കി. യൂറോകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന റെക്കോർഡ് ഇനി റൊണാൾഡോയുടെ പേരിൽ തിളങ്ങും. ഫ്രഞ്ച് ഇതിഹാസം മിഷേൽ പ്ലാറ്റിനിയുടെ പേരിലുണ്ടായിരുന്ന 9 ഗോളുകളുടെ റെക്കോർഡാണ് റൊണാൾഡോ 86ാം മിനുറ്റിലെ പെനൽറ്റി ഗോളിലൂടെ മറികടന്നത്. മിനിറ്റുകൾക്ക് ശേഷം മറ്റൊരു ഗോൾ കൂടിക്കുറിച്ച് റൊണാൾഡോ യൂറോ തുടക്കം ഗംഭീരമാക്കി. പൊരുതി നിന്ന ഹംഗറിയെ അവസാന പത്തുമിനിറ്റിൽ പിറന്ന മൂന്നുഗോളുകളാൽ നിലവിലെ ചാമ്പ്യൻമാർ നിലംപരിശാക്കുകയായിരുന്നു.
കളിയുടെ സിംഹഭാഗവും പന്ത് കൈവശം വെച്ചിട്ടും ഹംഗറിയുടെ പ്രതിരോധത്തെ മറികടക്കാനാകാതെ മുടന്തിനീങ്ങുന്നതിനിടെ 84ാം മിനുറ്റിൽ റാഫേൽ ഗുറേറിയോയാണ് പോർച്ചുഗൽ കാത്തിരുന്ന നിമിഷം സമ്മാനിച്ചത്. പെനൽറ്റി ബോക്സിൽ നിന്നും ഗുറേറിയോ തൊടുത്ത ഷോട്ട് ഹംഗറിയുടെ പ്രതിരോധ ഭടന്‍റെ കാലിൽതട്ടി ഗോളിലേക്ക് കുതിക്കുകയായിരുന്നു. രണ്ട് മിനുറ്റുകൾക്ക് ശേഷം റാഫയെ പെനൽറ്റി ബോക്സിൽ വെച്ച് ഫൗൾ ചെയ്തതിന് ലഭിച്ച പെനൽറ്റി അനായാസം വലയിലെത്തിച്ച് റൊണാൾഡോ സ്വതസിദ്ധമായ ആഹ്ലാദ പ്രകടനം മുഴക്കി ചരിത്രത്തിലേക്ക് കയറി. ഇഞ്ചുറി ടൈമിലായിരുന്നു റൊണാൾഡോയുടെ രണ്ടാംഗോൾ. തക്കം പാർത്തുനിന്ന മുന്നേറ്റത്തിനൊടുവിൽ ഗോൾകീപ്പറെയും സമർഥമായി വെട്ടിച്ച് റോണോ ഗോളിലേക്ക് നിറയൊഴിക്കുേമ്പാൾ നോക്കി നിൽക്കാനേ ഹംഗറിക്കായുള്ളൂ.
പോർച്ചുഗലിന് മുന്നിൽ പ്രതിരോധം തീർത്ത് കൗണ്ടർ അറ്റാക്കുകളിലൂടെ കുതിച്ചുകയറാനായിരുന്നു ഹംഗറിയുടെ ഗെയിംപ്ലാൻ. 80ാം മിനുറ്റിൽ ഷോൺ ഹംഗറിക്കായി വലകുലുക്കിയെങ്കിലും ഓഫ് സൈഡ് പതാക ഉയർന്നതോടെ ഗാലറിയിലെ ആരവങ്ങളടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.