'നിന്നെയിന്ന് കെട്ടിപ്പിടിക്കാൻ സാധിക്കാത്തതിൽ സങ്കടം'; റെക്കോഡ് മറികടന്ന ക്രിസ്റ്റ്യാനോക്ക് അഭിനന്ദനവുമായി പെലെ
text_fieldsഏറ്റവും കൂടുതൽ ഒഫീഷ്യൽ ഗോളുകളെന്നെ തന്‍റെ റെക്കോഡ് മറികടന്ന ക്രിസ്റ്യാനോ റെണാൾഡോക്ക് ഹൃദയത്തിൽ തൊടുന്ന ഭാഷയിൽ അഭിനന്ദനവുമായി ഫുട്‌ബാൾ ഇതിഹാസം പെലെ.
പെലെയുടെ (767) റെക്കോഡ് മറികടന്ന വിവരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിലൂടെ ക്രിസ്റ്റ്യാനോ റൊണാൾഡോ പങ്കുവെച്ചിരുന്നു. സീരി എയിൽ കാഗ്ലിയാരിക്കെതിരെ ഹാട്രിക് തികച്ചതിന് പിന്നാലെയായിരുന്നു ഇത്.
കാഗ്ലിയാരിക്കെതിരായ ഹാട്രിക്കോടെ ക്ലബുകൾക്കും രാജ്യത്തിനുമായുള്ള ഗോൾസമ്പാദ്യം ക്രിസ്റ്റ്യാനോ 770 ആക്കി ഉയർത്തിയിരുന്നു.
'ഇന്ന്, ഞാൻ പ്രൊഫഷനൽ കരിയറിലെ 770-ാമത്തെ ഗോൾ സ്വന്തമാക്കി. എനിക്കാദ്യം സംസാരിക്കാനുള്ളത് പെലെയെക്കുറിച്ചാണ്. വളർന്നുവരുമ്പോൾ പെലെയുടെ കളിയെക്കുറിച്ചും ഗോളുകളെയും നേട്ടങ്ങളെയും കുറിച്ച് കേൾക്കാത്ത ഒരു കളിക്കാരനും ലോകത്തുണ്ടാവില്ല. ഞാനും അങ്ങനെ തന്നെ. അതുകൊണ്ട്, പെലെയുടെ റെക്കോർഡ് മറികടന്ന് ലോകത്തിലെ ഗോൾ സ്‌കോറിങ് ലിസ്റ്റിലെ മുകളിലെത്തുന്നതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവുമുണ്ട്. മെദീരയിൽ ബാല്യകാലം ചെലവഴിച്ച ഞാൻ ഒരിക്കലും സ്വപ്‌നം കാണാത്ത നേട്ടമായിരുന്നു ഇത്'-പെലെയുടെ റെക്കോഡ് മറികടന്ന വിവരം പങ്കുവെച്ച് ക്രിസ്റ്റ്യാനോ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
'പെലെയോട് എക്കാലവും ഉപാധികളില്ലാത്ത ആദരവാണ് എനിക്കുള്ളത്. ഇരുപതാം നൂറ്റാണ്ടിന്‍റെ മധ്യത്തിലെ ഫുട്‌ബാളിനോടും എനിക്ക് അതിയായ ബഹുമാനമാണ്. സാവോപോളോ സ്‌റ്റേറ്റ് ടീമിനു വേണ്ടി പെലെ നേടിയ ഒമ്പത് ഗോളുകളും ബ്രസീലിയൻ മിലിട്ടറി ടീമിനുവേണ്ടി നേടിയ ഒരു ഗോളും ഔദ്യോഗിക ഗോളുകളായി കണക്കാക്കുമ്പോൾ 767 ഗോളുകൾ അദ്ദേഹം നേടിയെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിനു ശേഷം ലോകം ഏറെ മാറി, ഫുട്‌ബാൾ ലോകവും. എന്നു കരുതി നമുക്ക്, നമ്മുടെ ഇഷ്ടത്തിന് ചരിത്രത്തെ മായ്ച്ചു കളയാനാവില്ല' - സുദീർഘമായ കുറിപ്പിൽ ക്രിസ്റ്റ്യാനോ എഴുതി.
ക്രിസ്റ്റ്യാനോയുടെ കുറിപ്പിന് പെലെ ഇൻസ്റ്റയിലൂടെ തന്നെ മറുകുറിപ്പ് എഴുതി. 'എന്‍റെ ഒഫീഷ്യൽ ഗോളുകളുടെ റെക്കോഡ് മറികടന്നതിന് അഭിനന്ദനങ്ങൾ. നിന്‍റെ കളി കാണുന്നത് എനിക്കേറെ ഇഷ്ടമാണെന്നത് രഹസ്യമല്ലല്ലോ' പെലെ എഴുതി.
'നിന്നെയിന്ന് കെട്ടിപ്പിടിച്ച് അഭിനന്ദിക്കാൻ സാധിച്ചില്ലെല്ലോ എന്നതാണ് എന്‍റെ സങ്കടം. നിന്നോടുള്ള ബഹുമാനാർഥം, വളരെ വാത്സല്യത്തോടെ, നിരവധി വർഷങ്ങളായി നിലനിൽക്കുന്ന ഒരു സുഹൃദ്‌ബന്ധത്തിന്‍റെ പ്രതീകമായി ഞാനീ ചിത്രം പങ്കുവെക്കുന്നു' പെലെ കുറിച്ചു.
മൂന്ന് തവണ ലോകകപ്പ് ജേതാവായ പെലെക്ക് കരിയറിൽ ഔദ്യോഗികമായി 767 ഗോളുകളാണുള്ളത്. അനൗദ്യോഗിക മത്സരങ്ങൾ പരിഗണിച്ചാൽ പെലെയുടെ ഗോളുകളുടെ എണ്ണം 1000 കടക്കും.
ക്ലബ് ജഴ്സിയിൽ ഇതുവരെ 668 ഗോളുകളാണ് പോർചുഗീസ് നായകൻ സ്കോർ ചെയ്തത്. സ്പോർടിങ് ലിസ്ബണിനായി അഞ്ച്, മാഞ്ചസ്റ്റർ യുനൈറ്റഡിനായി 118, റയൽ മഡ്രിഡിനായി 450, യുവന്‍റസിനായി 95 എന്നിങ്ങനെയാണ് താരത്തിന്‍റെ ഗോൾവേട്ട. പറങ്കികളുടെ ജഴ്സിയിൽ 102 ഗോളുകളും താരം നേടി.
ബ്രസീൽ താരമായ റൊമാരിയോക്കും 1000ത്തിലധികം കരിയർ ഗോളുകളുണ്ടെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ, അവയിൽ പലതും അമേച്വർ, അൺ ഒഫീഷ്യൽ, സൗഹൃദ മത്സരങ്ങളിൽ നേടിയവയാണ്. 1931-1955 കാലയളവിൽ കളിച്ച ചെക്ക് സ്‌ട്രൈക്കർ ജോസഫ് ബിക്കാന് 821 കരിയർ ഗോളുകളുണ്ടെന്ന് ക്ലബ് അവകാശപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.