‘നല്ലൊരു മനുഷ്യനാണെന്ന് തോന്നുന്നു’; മാഞ്ചസ്റ്റർ വിട്ടതിൽ ആദ്യമായി പ്രതികരിച്ച് ക്രിസ്റ്റ്യാനോ
text_fieldsമാഞ്ചസ്റ്റർ യുനൈറ്റഡ് ക്ലബ് വിട്ടതിൽ ആദ്യമായി പ്രതികരിച്ച് പോർചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ക്ലബിനെയും പരിശീലകൻ ടെൻ ഹാഗിനെയും നിശിത ഭാഷയിൽ വിമർശിച്ച് താരം നൽകിയ വിവാദ അഭിമുഖത്തിനു പിന്നാലെയാണ് കഴിഞ്ഞ നവംബറിൽ ക്ലബ് വിട്ടത്.
റെക്കോഡ് തുകക്കാണ് ക്രിസ്റ്റ്യാനോ പിന്നാലെ സൗദി ലീഗിലെ വമ്പന്മാരായ അൽ നസ്ർ ക്ലബിലെത്തുന്നത്. പരസ്പര ധാരണയിലാണ് അന്ന് ക്ലബ് വിട്ടത്. നല്ലൊരു മനുഷ്യനാണെന്ന് ഇപ്പോൾ തോന്നുന്നതായി താരം പ്രതികരിച്ചു.
‘ഞാൻ പറഞ്ഞത് പോലെ, എന്റെ കരിയറിലെ (മാഞ്ചസ്റ്റർ യുനൈറ്റഡ് വിടൽ) ഒരു മോശം ഘട്ടത്തിലൂടെയാണ് ഞാൻ കടന്നുപോയത്, ഒരുപക്ഷേ ആദ്യമായിട്ടായിരിക്കാം. അത് എന്റെ വളർച്ചയുടെ ഭാഗമായിരുന്നു. കൂടുതൽ തയാറെടുപ്പുമായാണ് ഇപ്പോൾ ഞാനുള്ളത്, വലിയൊരു അനുഭവ പാഠമാണത്, ഞാൻ നല്ലൊരു മനുഷ്യനാണെന്ന് എനിക്ക് തോന്നുന്നു’ -ക്രിസ്റ്റ്യാനോ പറഞ്ഞു.
ക്രിസ്റ്റ്യാനോയുടെ മുൻ ക്ലബിലേക്കുള്ള മടങ്ങി വരവ് അത്ര സുഖകരമായിരുന്നില്ല. യുവന്‍റസിൽനിന്ന് 2021ലാണ് താരം മാഞ്ചസ്റ്റർ യുനൈറ്റഡിൽ മടങ്ങി എത്തുന്നത്. സീസണിൽ ക്ലബിന് 39 മത്സരങ്ങളിൽനിന്നായി 24 ഗോൾ നേടി. പ്രീമിയർ ലീഗിൽ ആറാമതായാണ് ക്ലബ് ഫിനിഷ് ചെയ്തത്. ലോക ഫുട്‌ബാളിലെ തന്നെ മികച്ച ലീഗുകളിലൊന്നായി സൗദി പ്രോ ലീഗ് മാറുമെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോലെയല്ല സൗദി ലീഗ്, പക്ഷെ ഇവിടെയുള്ള കാര്യങ്ങൾ എന്നെ അത്ഭുതപ്പെടുത്തുന്നു. അവർ ആഗ്രഹിക്കുന്ന രീതിയിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ ലോകത്തിലെ തന്നെ മികച്ച ഫുട്‌ബാൾ ടൂർണമെന്റുകൾ നടക്കുന്ന അഞ്ചാമത്തെയോ ആറാമത്തെയോ ലീഗായി സൗദി മാറുമെന്നും താരം കൂട്ടിച്ചേർത്തു. 2024 യൂറോ യോഗ്യത മത്സരത്തിന് മുന്നോടിയായി മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായുരുന്നു അദ്ദേഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.