എന്റെ അവസാന യൂറോ -ക്രിസ്റ്റ്യാനോ
text_fieldsഫ്രാങ്ക്ഫർട്ട്: പെനാൽറ്റി പാഴാക്കി വിവാദനായകനായതിന് പിറകെ ഇനി യൂറോ കപ്പിൽ പന്തുതട്ടാനില്ലെന്ന് പ്രഖ്യാപിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ. ആറാം തവണയും യൂറോയിൽ ഇറങ്ങിയെങ്കിലും ബ്രിട്ടനിലും അയർലൻഡിലുമായി നടക്കുന്ന അടുത്ത തവണ നിസ്സംശയം താൻ കളിക്കില്ലെന്ന് റോണോ പറഞ്ഞു.
2003ലാണ് താരം ആദ്യമായി പോർചുഗൽ ജഴ്സിയിൽ യൂറോയിൽ ഇറങ്ങുന്നത്. 2016ൽ ടീം കിരീടം നേടുമ്പോൾ പ്രധാന സാന്നിധ്യമായി. 130 അന്താരാഷ്ട്ര ഗോളുകൾ നേടിയിട്ടുണ്ട്.
‘‘ഇത് ഫുട്ബാളാണ്. തോൽക്കുന്നവർ ശ്രമം നടത്തിയവർ കൂടിയാണ്. ഈ ജഴ്സിക്കായി ഞാൻ പരമാവധി സമർപ്പിക്കും’’-താരത്തിന്റെ വാക്കുകൾ.
മിസ് യൂ റോണോ
ഫ്രാങ്ക്ഫർട്ട്: തളികയിലെന്ന പോലെ കാലിലെത്തിയ ഗോളവസരങ്ങൾ പലത് കളഞ്ഞുകുളിച്ചിട്ടും അധികസമയത്ത് ലഭിച്ച വിധിനിർണായക പെനാൽറ്റി എടുക്കാനുള്ള നറുക്ക് ക്രിസ്റ്റ്യാനോക്ക് തന്നെയായിരുന്നു. ഗോളായാൽ അവസാന എട്ടിലേക്ക് ടിക്കറ്റാകുമെന്ന സമയത്തു പക്ഷേ, കിക്ക് െസ്ലാവീനിയൻ ഗോളി ജാൻ ഒബ്ലാകിന്റെ കൈകളിൽ തട്ടി പോസ്റ്റിലും പിന്നെ പുറത്തേക്കും പറന്നു. നിരാശയിൽ മുങ്ങി പതിവില്ലാതെ റോണോ കണ്ണീരുമായി നിന്ന നിമിഷങ്ങൾ. ക്രിസ്റ്റ്യാനോ പറങ്കിപ്പടയുടെ നിർഭാഗ്യ പുരുഷനാകുമെന്ന് തോന്നിച്ചേടത്ത് ഷൂട്ടൗട്ടിൽ പോർചുഗൽ ഗോളി ഡീഗോ കോസ്റ്റയുടെ ചിറകേറി ടീം ക്വാർട്ടറിലേക്ക് കയറി.
സ്പോർടിങ് സി.പിയിൽ തുടങ്ങി മാഞ്ചസ്റ്റർ യുനൈറ്റഡ്, റയൽ മഡ്രിഡിലും അവസാനം സൗദി ക്ലബായ അൽനസ്റിലും വീരപുരുഷനായി വാണ ക്രിസ്റ്റ്യാനോ ഇത്തവണ യൂറോയിലും പോർചുഗൽ മുന്നേറ്റത്തിലെ പതിവു സാന്നിധ്യമാണ്. ലോക സോക്കറിൽ സമാനതകൾ കുറവുള്ള മഹാനായ ഇതിഹാസത്തിന് പക്ഷേ, ജർമൻ കളിമുറ്റങ്ങളിൽ ഇത്തവണ കണക്കുകളൊന്നും ശരിയായിട്ടില്ല. ടീം വിജയങ്ങളുമായി മുന്നേറുമ്പോഴും ഒരിക്കൽപോലും തന്റെ ബൂട്ടുകൾ ലക്ഷ്യം കണ്ടിട്ടില്ല. അതും പഴയ റോണോയെ അനുസ്മരിപ്പിച്ച ഷോട്ടുകൾ പലവട്ടം പായിച്ചിട്ടും. ഓരോ തവണയും കൈ തലയിൽവെച്ച് നിരാശ പങ്കുവെച്ച താരം പ്രീക്വാർട്ടറിൽ െസ്ലാവീനിയക്കെതിരായ പെനാൽറ്റി കൈവിട്ടുപോയപ്പോൾ സ്വാഭാവികമായും ശരിക്കും കരഞ്ഞുപോയി. ‘‘ഏറ്റവും കരുത്തരായവർക്കുപോലും അവരുടെ മോശം ദിനങ്ങളുണ്ടാകും. ടീം മികച്ച പ്രകടനം കാത്തിരുന്നപ്പോൾ ഞാൻ ഏറ്റവും മോശമായി’’ -കണ്ണീരിന് കാരണം പിന്നീട് ക്രിസ്റ്റ്യാനോ തന്നെ പങ്കുവെക്കുന്നു.
ഈ യൂറോയിൽ മറ്റാരെക്കാളും ഗോളിലേക്ക് ഷോട്ടുകൾ പായിച്ചത് റൊണാൾഡോയാണ്. അതൊന്നും വലയിലെത്താതെ പോയതിന് നിർഭാഗ്യം കൂടി കാരണമാകണം. അതിനിടെയായിരുന്നു ടീമിന്റെ മൊത്തം സ്വപ്നങ്ങളെയും മുനയിൽ നിർത്തി പെനാൽറ്റിയും വഴിതെറ്റിയത്. എന്നാൽ, 15 മിനിറ്റ് കഴിഞ്ഞ് ഷൂട്ടൗട്ടിലേക്ക് നീങ്ങിയ കളിയിൽ ആദ്യ കിക്കെടുത്ത ക്രിസ്റ്റ്യാനോ അതേ ഒബ്ലാകിനെ വഴിതെറ്റിച്ച് പന്ത് വല കുലുക്കി. പിന്നീടും പോർചുഗീസ് താരങ്ങൾ ലക്ഷ്യം കണ്ടപ്പോൾ െസ്ലാവീനിയക്കായി എടുത്ത ഒരു കിക്ക് പോലും കോസ്റ്റയുടെ നീരാളിക്കൈകൾ കടന്നില്ല. കോസ്റ്റയുടെ സേവുകൾ അങ്ങനെ യൂറോ റെക്കോഡായി. മറുവശത്ത്, യൂറോയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ റെക്കോഡിന് അവകാശിയായ താരം ഈ യൂറോയിൽ പോസ്റ്റിനു മുന്നിൽ ലക്ഷ്യം മറക്കുന്നത് പതിവുകാഴ്ച. പെനാൽറ്റിയിലും അതുതന്നെ കണ്ടുവെന്ന് മാത്രം. പതിറ്റാണ്ടുകൾ നീണ്ട കരിയറിനിടെ 39കാരനായ ക്രിസ്റ്റ്യാനോ 195 പെനാൽറ്റി കിക്ക് എടുത്തിട്ടുണ്ട്. അതിൽ 165ഉം വലയിലെത്തി. 30 എണ്ണം പുറത്തായി. അദ്ദേഹത്തെ സഹായിക്കുന്ന ചില കണക്കുകളുമുണ്ട്. ഏറ്റവും കൂടുതൽ യൂറോകൾ കളിച്ചതിന് പുറമെ കൂടുതൽ ഷൂട്ടൗട്ടുകളിൽ ഗോൾ നേടിയെന്നതും റെക്കോഡാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.