വായ്പയിലെങ്കിലും വാങ്ങിക്കൂടെ!; അവസാന വഴിയും തേടി ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsഈ സീസണിൽ ഏതെങ്കിലും ചാമ്പ്യൻസ് ലീഗ് ക്ലബിലേക്ക് കൂടുമാറാനുള്ള അവസാന വഴിയും തേടുകയാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുനൈറ്റഡ് വിടാൻ താൽപര്യം പ്രകടിപ്പിച്ച താരത്തിനായി ഇതുവരെ ക്ലബുകളൊന്നും മുന്നോട്ടുവന്നിട്ടില്ല.
ശമ്പളം വെട്ടിക്കുറക്കാൻ വരെ തയാറായിട്ടും സൂപ്പർതാരത്തെ ആർക്കും വേണ്ട. ഒടുവിലാണ് വായ്പാടിസ്ഥാനത്തിൽ ഏതെങ്കിലും ചാമ്പ്യൻസ് ലീഗ് ക്ലബിൽ കളിക്കാനാകുമോ എന്ന കാര്യം താരം കാര്യമായി പരിഗണിക്കുന്നത്. താരത്തിന്‍റെ ഏജന്‍റ് ജോർജ് മെൻഡെസ് ഇതിനുള്ള അവസാനവട്ട ശ്രമങ്ങളിലാണ്. യുനൈറ്റഡ് മാനേജ്മെന്‍റുമായി ഏജന്‍റ് ഇതിനുള്ള ചർച്ചകളും തുടങ്ങി.
എന്നാൽ, താരത്തിനുവേണ്ടി ക്ലബുകളൊന്നും താൽപര്യം പ്രകടിപ്പിക്കാത്തതാണ് വെല്ലുവിളിയാകുന്നത്. പോർച്ചുഗീസ് ക്ലബ് സ്പോർട്ടിങ് ലിസ്ബണും ഇറ്റാലിയൻ ക്ലബ് നപ്പോളിയും മാത്രമാണ് താരത്തിനു മുന്നിലുള്ള ഏക ഓപ്ഷൻ. അറ്റ്ലറ്റികോ മാഡ്രിഡ്, പി.എസ്.ജി, ഇന്‍റർ മിലാൻ, ചെൽസി, എ.സി മിലാൻ എന്നീ ക്ലബുകൾ ക്രിസ്റ്റ്യാനോയുമായി കരാറിലെത്താനുള്ള എല്ലാ സാധ്യതകളും ഇതിനകം തള്ളിക്കളഞ്ഞതാണ്.
ആഴ്ചയിൽ 5,85,350 ഡോളറാണ് 37കാരനായ ക്രിസ്റ്റ്യാനോ ശമ്പളമായി വാങ്ങുന്നത്. ഓൾഡ് ട്രാഫോർഡിൽനിന്ന് വായപാടിസ്ഥാനത്തിൽ മറ്റു ക്ലബിലേക്ക് മാറിയാലും ഇതിന്‍റെ പകുതി യുനൈറ്റഡ് തന്നെ വഹിക്കണം. അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവായ താരത്തിന് കരാറിന്റെ അവസാന വർഷം വായ്പാടിസ്ഥാനത്തിൽ യുനൈറ്റഡ് വിടുന്നതിന് തടസ്സമില്ല. കൂടാതെ, ഒരു വർഷം കൂടി കരാർ നീട്ടാനുള്ള ഓപ്ഷനുമുണ്ട്.
ക്ലബ് വിടാനുള്ള തീരുമാനത്തിൽ താരം ഉറച്ചുനിൽക്കുന്നതിനാൽ യനൈറ്റഡിലും കാര്യങ്ങൾ അത്ര ശുഭകരമല്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രീമിയർ ലീഗിൽ അവസാന രണ്ടു കളികളിലും ആദ്യ ഇലവനിൽ ക്രിസ്റ്റ്യാനോക്ക് പരിശീലകൻ ടെൻ ഹാഗ് ഇടംനൽകിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.