ക്രിസ്റ്റ്യാനോയുടെ മുൻ സഹതാരത്തെ ക്ലബിലെത്തിക്കാൻ കരുക്കൾ നീക്കി അൽ-നസ്ർ
text_fieldsപോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കു പിന്നാലെ മറ്റൊരു സൂപ്പർതാരത്തെയും ക്ലബിലെത്തിക്കാൻ കരുക്കൾ നീക്കി സൗദി ക്ലബ് അൽ-നസ്ർ.
യുവന്‍റസിൽ ക്രിസ്റ്റ്യാനോയുടെ സഹതാരമായിരുന്ന കൊളംബിയൻ മധ്യനിര താരം ജുവാൻ ക്വഡ്രാഡോയെ ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങൾ അധികൃതർ ശക്തമാക്കിയതായാണ് പുറത്തുവരുന്ന വിവരം. ക്വഡ്രാഡോയെ ഈ സമ്മർ ട്രാൻസ്ഫറിൽ തന്നെ ടീമിലെത്തിക്കാൻ സൗദി ക്ലബ് മികച്ച ഓഫറാണ് മുന്നോട്ടുവെച്ചിരിക്കുന്നത്.
യുവന്‍റസിൽ ആറു മാസത്തെ കരാർ കാലാവധി കൂടിയാണ് ഇനി ക്വഡ്രാഡോക്കുള്ളത്. അതിനാൽ താരത്തിന് മറ്റു ക്ലബുകളുമായി ചർച്ച നടത്തുന്നതിലും മൂൻകൂട്ടി കരാർ ഒപ്പിടുന്നതിനും നിയമതടസ്സങ്ങളില്ല. മുൻ ചെൽസി താരത്തെ നിലനിർത്താൻ യുവന്‍റസ് താൽപര്യം കാണിക്കുന്നുമില്ല. താരത്തിന് സൗജന്യമായി തന്നെ പുറത്തുപോകാനുള്ള അവസരമാണ് യുവന്‍റസ് മുന്നോട്ടുവെക്കുന്നത്.
കൊളംബിയൻ താരത്തിനായി ഇന്‍റർമിലാൻ രംഗത്തുണ്ടെങ്കിലും ഇതുവരെ കരാറിലെത്താനായിട്ടില്ല. പ്രതിവർഷം 20 കോടി യൂറോ (1,750 കോടി രൂപ) നിരക്കിൽ പ്രതിഫലമുറപ്പിച്ചാണ് റൊണാൾഡോ സൗദിയിലെ മുൻനിര ക്ലബുമായി കരാർ ഒപ്പിട്ടത്. ഫുട്‌ബാൾ ചരിത്രത്തിലെ ഉയർന്ന പ്രതിഫലമാണിത്.
അറബ് ഫുട്‌ബാൾ ആരാധകരുടെ ആവേശത്തിലേക്ക് പറന്നിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗംഭീര വരവേൽപാണ് സൗദി തലസ്ഥാനത്തെ കാൽപന്ത് പ്രേമികൾ നൽകിയത്. പ്രധാന വീഥികളിൽ ‘ഹലാ റൊണാൾഡോ’ എന്നെഴുതിയ കൂറ്റൻ ബോർഡുകളും കമാനങ്ങളും സ്ഥാപിച്ച് ആഘോഷപൂർവമാണ് വരവേറ്റത്.
കളിക്കളത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായി നടന്ന വാർത്തസമ്മേളനത്തിൽ മനസ്സ് തുറന്ന റൊണാൾഡോ തന്റെ ജീവിതത്തിലെ വലിയ തീരുമാനമാണ് അൽ-നസ്റിൽ ചേർന്നതിലൂടെ കൈക്കൊണ്ടതെന്ന് പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.