'തീരാത്ത വിസ്മയം'; ഹാട്രികുമായി റൊണാൾഡോ, തകർത്തടിച്ച് പോർച്ചുഗൽ
text_fieldsലിസ്ബൺ: പ്രായം 36 പിന്നിട്ടിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന പോരാളിയുടെ കരുത്ത് ചോരുന്നില്ല. ലോകകപ്പ് യോഗ്യത റൗണ്ടിൽ ലക്സംബർഗിനെതിരെ ഹാട്രിക് ഗോളുകളുമായാണ് റൊണാൾഡോ നിറഞ്ഞാടിയത്. റൊണാൾഡോയുടെ കരുത്തിൽ പോർച്ചുഗൽ എതിരില്ലാത്ത അഞ്ചുഗോളുകൾക്ക് ലക്സംബർഗിനെ തരിപ്പണമാക്കി. രണ്ടു ദിവസം മുമ്പ് നടന്ന ഖത്തറിനെതിരായ സൗഹൃദമത്സരത്തിലും റൊണാൾഡോ ഗോൾ നേടിയിരുന്നു.
മത്സരം തുടങ്ങി എട്ടാം മിനിറ്റിൽ തന്നെ വീണുകിട്ടിയ പെനൽറ്റി ഗോളാക്കി റൊണാൾഡോ സ്വതസിദ്ധമായ ആഘോഷം തുടങ്ങി. അഞ്ചുമിനിറ്റ് തികയും മുേമ്പ വീണ്ടുമൊരു പെനൽറ്റി. ആദ്യം അടിച്ച കിക്ക് ഗോളായെങ്കിലും റഫറി ഫൗൾ വിധിച്ചു. തുടർന്ന് രണ്ടാമൂഴത്തിലും ഉന്നം തെറ്റാതെ റൊണാൾഡോ നിറയൊഴിച്ചതോടെ പോർച്ചുഗൽ രണ്ട് ഗോളിന് മുന്നിൽ. 17ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസും നിറയൊഴിച്ചതോടെ പോർച്ചുഗൽ ലീഡുയർത്തി. ആദ്യ പകുതിയിൽ മറ്റുഗോളുകൾ ഒന്നും പിറന്നില്ല.
തുടർന്ന് കിട്ടിയ ഏതാനും മികച്ച അവസരങ്ങൾ ഗോളാക്കി മാറ്റാൻ റൊണാൾഡോക്കായില്ല. 67ാം മിനിറ്റിൽ റൊണാൾഡോയുടെ ഉഗ്രൻ ബൈസികിൾ കിക്ക് ലക്സംബർഗ് ഗോളി തട്ടിയകറ്റി. 68ാം മിനിറ്റിൽ ഹെഡറിലൂടെ പൗളിഞ്ഞോ പറങ്കികളുടെ ലീഡ് നാലായി ഉയർത്തി. 86ാം മിനിറ്റിൽ ഹെഡർ ഗോളിലൂടെയാണ് റൊണാൾഡോ തന്‍റെ കരിയറിലെ 58ാം ഹാട്രിക് സ്വന്തമാക്കിയത്. ലോകപ്പ് യോഗ്യത റൗണ്ടിൽ ഗ്രൂപ്പ് എയിൽ ഏഴ് കളികളിൽ നിന്നും 17 പോയന്‍റുമായി സെർബിയയാണ് ഒന്നാമത്. 6 കളികളിൽ നിന്നും 16 പോയന്‍റുള്ള പോർച്ചുഗൽ രണ്ടാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.