റൊണാൾഡോ ഒരു വിഡ്ഡി, മൗറീന്യോ സമനില തെറ്റിയയാൾ; റയൽ പ്രസിഡന്‍റിന്‍റെ ശബ്ദരേഖ പുറത്ത്
text_fieldsമഡ്രിഡ്: റയൽ മഡ്രിഡ് പ്രസിഡന്‍റ് ഫ്ലോറന്‍റീനോ പെരസ് ക്ലബ് താരങ്ങളായിരുന്ന റൗളിനെയും ഐകർ കസിയസിനെയും രൂക്ഷമായി വിമർശിക്കുന്ന ശബ്ദരേഖകൾ പുറത്ത് വന്നത് ഫുട്ബാൾ ലോകത്ത് വലിയ ചർച്ചയായിരുന്നു. എന്നാൽ, വിവാദങ്ങൾ അവിടെ കൊണ്ടൊന്നും അവസാനിക്കുന്ന മട്ടല്ല. റയൽ മുൻ താരവും പോർചുഗൽ നായകനുമായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മുൻ പരിശീലകൻ ഹോസെ മൗറീന്യോയെയും പെരസ് കളിയാക്കുകയും വിമർശിക്കുകയും ചെയ്യുന്നതിന്‍റെ പുതിയ ഓഡിയോ ക്ലിപ്പുകൾ 'എൽ കോൺഫിഡൻഷ്യൽ' പുറത്തുവിട്ടു. 2012 ഒക്ടോബറിൽ നടന്നതാണ് സംഭാഷണമെന്നാണ് നിഗമനം.
റൊണാൾഡോയെ വിഡ്ഡിയെന്നും മൗറീന്യോയെ സമനില തെറ്റിയ ആളെന്നും വിശേഷിപ്പിക്കുന്ന പെരസ് ഇരുവരും വലിയ അഹംഭാവികളാണെന്നും തുറന്നുപറയുന്നു.
'റൊണാൾഡോക്ക് ഭ്രാന്താണ്, അയാളൊരു വിഡ്ഢിയാണ്, അയാളുടെ മനോനില തെറ്റിയിരിക്കുന്നു. അയാൾ സാധാരണ നിലയിലാണെന്ന് നമുക്ക് തോന്നുമെങ്കിലും അതല്ല യാഥാർഥ്യം. നോർമലായിരുന്നെങ്കിൽ ഇങ്ങനെയൊന്നും ഉണ്ടാകുമായിരുന്നില്ല. അവസാനം ചെയ്‌ത മണ്ടത്തരം ലോകം മുഴുവൻ കണ്ടു കാണും. എന്തിനാണ് അയാളിങ്ങനെ വിഡ്ഡിത്തം എഴുന്നള്ളിക്കുന്നത്' -പെരസ് സംഭാഷണത്തിനിടെ പറഞ്ഞു. അഹംഭാവം കാണിക്കുന്നതിനും യാഥാർഥ്യത്തിന് നേരെ കണ്ണടക്കുകയും ചെയ്യുന്നതിന് റൊണാൾഡോക്കും മൗറീന്യോക്കും എതിരെ പെരസ് ആഞ്ഞടിക്കുന്നുണ്ട്.
'ജോർജ് മെൻഡസിന് റൊണാൾഡോയുടെയും മൗറീന്യോയുടെയും മേൽ യാതൊരു നിയന്ത്രണവുമില്ല. അഭിമുഖങ്ങൾക്കും അവർ രണ്ടുപേരും അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങൾ ചെവികൊള്ളാറില്ല. അവർ രണ്ടുപേർക്കും വലിയ തലക്കനമുണ്ട്. വൻ തുക സമ്പാദിക്കുന്നത് കൊണ്ടു തന്നെ രണ്ടു പേരും യാഥാർഥ്യങ്ങളെ ഉൾക്കൊള്ളാൻ തയാറല്ല' -പെരസ് പറഞ്ഞു.
ഓഡിയോ ക്ലിപ്പിൽ ഇരുവരെയും കൂടാതെ പോർചുഗീസ് താരമായ ഫാബിയോ കോയണ്ട്രോയും പെരസിന്‍റെ വിമർശനത്തിന് പാത്രമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ശബ്ദരേഖ പുറത്തു വന്നത് വിവാദമായതോടെ പെരസ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. അത് വലിയൊരു സംഭാഷണത്തിലെ ചെറിയ ഭാഗം മാത്രമാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ഏറെ കാലങ്ങൾക്ക് ശേഷം ഈ ഓഡിയോ ക്ലിപ്പുകൾ പുറത്തു വന്നതിൽ ദുരൂഹതയുണ്ടെന്നും യൂറോപ്യൻ സൂപ്പർ ലീഗുമായി വിഷയം ബന്ധപ്പെട്ടു കിടക്കുന്നതായി തനിക്ക് സംശയമുള്ളതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.