റൊണാൾഡോക്ക് അതൃപ്തി; അൽ നസ്ർ പരിശീലകൻ പുറത്ത്
text_fieldsസൗദി ഫുട്ബാൾ ക്ലബ്ബായ അൽ നസ്ർ പരിശീലകൻ റൂഡി ഗാർഷ്യയെ പുറത്താക്കാൻ തീരുമാനിച്ചതായി റിപ്പോർട്ട്. പോർച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അതൃപ്തിയാണ് ഫ്രഞ്ചുകാരന്റെ സ്ഥാനം തെറിപ്പിച്ചതെന്ന് സൗദി അറേബ്യൻ ദിനപത്രമായ ഒകാസ് റിപ്പോർട്ട് ചെയ്യുന്നു. താരങ്ങളും കോച്ചുമായുള്ള ഉടക്കും, ഒപ്പം സൗദി പ്രോലീഗിൽ അൽ നസ്ർ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും ഗാർഷ്യക്ക് വിനയാവുകയായിരുന്നു.
ജനുവരിയിൽ റൊണാൾഡോ സൗദി പ്രോ ലീഗിൽ അരങ്ങേറ്റം കുറിച്ചപ്പോൾ അൽ നസ്റായിരുന്നു ഒന്നാം സ്ഥാനത്ത്. സീസണിന്റെ മധ്യത്തിൽ പോർച്ചുഗീസ് ഐക്കണിന്റെ വരവ് ടീമിന്റെ കിരീട പ്രതീക്ഷകൾ വർധിപ്പിച്ചിരുന്നു. എന്നാൽ, ഏഴ് മത്സരങ്ങൾ അവശേഷിക്കേ ലീഗ് ലീഡർമാരായ അൽ-ഇത്തിഹാദിനേക്കാൾ മൂന്ന് പോയിന്റ് പിന്നിലാണ് അൽ-നസ്ർ ഇപ്പോൾ.
അല്‍ ഇത്തിഹാദിനെതിരായ മത്സരത്തിൽ അൽ നസ്ർ തോറ്റതോടെ ടീമിന്റെ മോശം പ്രകടനത്തിൽ കോച്ചിനെ വിമർശിച്ച് ടീം മാനേജ്മെന്റുമായി റോണോ സംസാരിച്ചതായാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മത്സരത്തിൽ ലീഗിൽ 12ാം സ്ഥാനത്തുള്ള അൽഫൈഹയോട് സമനില വഴങ്ങിയതോടെ ക്ഷമ നശിച്ച ടീം മാനേജ്മെന്റ് കോച്ചിനെ പുറത്താക്കാൻ തീരുമാനിച്ചതായും വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഗാർഷ്യയുടെ പുറത്താക്കൽ അൽ നസ്ർ അധികൃതർ വരും മണിക്കൂറുകളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേസമയം, അദ്ദേഹത്തിന്റെ പിൻഗാമിയെ സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല. കഴിഞ്ഞ വര്‍ഷമായിരുന്നു ഗാര്‍ഷ്യ അല്‍ നസറിന്റെ പരിശീലകനായി ചുമതലയേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.