17 മിനിറ്റിനിടെ നാലു ഗോളുകൾ! ക്രിസ്റ്റ്യാനോക്ക് സഹിച്ചില്ല, സഹതാരങ്ങളോട് അശ്ലീല ആംഗ്യം; വിവാദം
text_fieldsറിയാദ്: സൗദി സൂപ്പർ കപ്പ് ഫൈനലിനിടെ സഹതാരങ്ങളോട് അശ്ലീല ആംഗ്യം കാണിച്ച പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വിവാദത്തിൽ. ബദ്ധവൈരികളായ അൽ ഹിലാലിനു മുന്നിൽ ഒരിക്കൽ കൂടി തോൽവി സഹിക്കാനാവാത്തതിന്‍റെ രോഷവും അസ്വസ്ഥതയും താരത്തിന്‍റെ മുഖത്ത് പ്രകടമായിരുന്നു.
ആദ്യ പകുതിയിൽ റൊണാൾഡോയുടെ ഗോളിൽ മുന്നിലെത്തിയ അൽ നസർ, രണ്ടാം പകുതിയിൽ 17 മിനിറ്റിനിടെ നാലു ഗോളുകൾ വഴങ്ങിയാണ് മത്സരം കൈവിട്ടത്. റോക്കോഡ് തുകക്ക് ക്രിസ്റ്റ്യാനോയെ ക്ലബിലെത്തിച്ചശേഷം സൗദി അറേബ്യയിലെ ഒരു ടൂർണമെന്റിൽ പോലും കിരീടം നേടാൻ അൽ നസറിനായിട്ടില്ല. 71ാം മിനിറ്റിൽ മാൽകോം അൽ ഹിലാലിനായി നാലാം ഗോൾ നേടിയതിനു പിന്നാലെയാണ് താരത്തിന് നിയന്ത്രണം നഷ്ടമായത്. സഹതാരങ്ങൾക്കുനേരെ കൈ ചൂണ്ടിയും ഉറങ്ങുന്നതുപോലെ ആംഗ്യം കാണിച്ചും താരം എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്.
ഇതിനിടെ അശ്ലീല ആംഗ്യവും താരം കാണിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. താരത്തിന്‍റെ നടപടി വിവാദമായിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനമാണ് ഉയരുന്നത്. മത്സരശേഷം ഹിലാൽ താരങ്ങൾ വിജയം ആഘോഷിക്കുന്നതിനിടെ, നിരാശയോടെ തലതാഴ്ത്തി ക്രിസ്റ്റ്യാനോ വേഗത്തിൽ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. റണ്ണേഴ്സ് അപ്പിനുള്ള മെഡൽ വാങ്ങാൻ പോലും താരം തയാറായില്ല.
സൂപ്പർതാരം ലയണൽ മെസ്സി ഖത്തർ ലോകകപ്പ് കിരീടം കൈയിലെടുത്ത് നടത്തിയ ആഘോഷത്തിനു സമാനമായാണ് ഹിലാൽ നായകനും കിരീട നേട്ടം ആഘോഷമാക്കിയത്. സെര്‍ഗെജ് (55ാം മിനിറ്റ്), മിട്രോവിച് (63, 69), മാൽകോം (72) എന്നിവരുടെ ഗോളുകളിലാണ് അൽ ഹിലാൽ കിരീടം നേടിയത്. സൗദി പ്രോ ലീഗിൽ കഴിഞ്ഞ തവണ ടോപ് സ്കോററായിട്ടും ക്രിസ്റ്റ്യാനോയുടെ അൽ നസറിന് കിരീടങ്ങളൊന്നും നേടാനായില്ല. 35 ഗോളുകളാണ് താരം നേടിയത്. അൽ ഹിലാലാണ് ഒന്നാമത് ഫിനിഷ് ചെയ്തത്. 14 പോയന്‍റ് പിന്നിലുള്ള നസർ രണ്ടാമതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.