'പകരക്കാരനായി ഇറങ്ങാൻ വിസ്സമതിച്ചു; അനന്തരഫലം നേരിടേണ്ടി വരും'; ക്രിസ്റ്റ്യാനോക്ക് മുന്നറിയിപ്പുമായി ടെൻ ഹാഗ്
text_fieldsടോട്ടൻഹാമിനെതിരായ മത്സരത്തിൽ ഫൈനൽ വിസിൽ മുഴങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഗ്രൗണ്ടിൽനിന്ന് ഡ്രസിങ് റൂമിലേക്ക് മടങ്ങിയ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ സ്വരം കടുപ്പിച്ച് പരിശീലകൻ എറിക് ടെൻ ഹാഗ്. ബുധനാഴ്ച നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചിരുന്നില്ല. രണ്ടാംപകുതിയിൽ പകരക്കാരനായി ഇറങ്ങാൻ പറഞ്ഞെങ്കിലും താരം തയാറായില്ലെന്ന് ടെൻ ഹാഗ് വെളിപ്പെടുത്തി.
ഇതിന്‍റെ അനന്തരഫലം താരം നേരിടേണ്ടിവരുമെന്ന് പരിശീലകൻ മുന്നറിയിപ്പ് നൽകി. വിവാദമായതോടെ ശനിയാഴ്ച ചെൽസിക്കെതിരെ നടക്കുന്ന മത്സരത്തിൽനിന്ന് താരത്തെ ഒഴിവാക്കിയിരുന്നു. മത്സരത്തിൽ പകരക്കാരനായി ഇറങ്ങാൻ വിസ്സമതിച്ചോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതെ എന്നായിരുന്നു ടെൻ ഹാഗിന്‍റെ മറുപടി.
പ്രീ-സീസണിൽ റയോ വല്ലെകാനോക്കെതിരായ സൗഹൃദ മത്സരത്തിലും രണ്ടാം പകുതിയിൽ താരം കളിക്കാൻ തയാറായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്റ്റ്യാനോയുമായി വിഷയം ചർച്ച ചെയ്തു വരികയാണ്. ക്രിസ്റ്റ്യാനോ ഇപ്പോഴും ടീമിന്‍റെ പ്രധാന ഭാഗമാണ്. ഞാനാണ് മാനേജർ. ഇവിടെ കാര്യങ്ങൾ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും ഞാനാണ്. ഞങ്ങൾ ഒരുടീമിലാണെന്നും ടെൻ ഹാഗ് വ്യക്തമാക്കി.
ക്രിസ്റ്റ്യാനോയുടെ നടപടി വ്യാപക വിമർശത്തിനിടയാക്കിയിരുന്നു. താരത്തിനെതിരെ നിരവധി മുൻ താരങ്ങളും രംഗത്തുവന്നു. ടോട്ടൻഹാമിനെതിരെയുള്ള മത്സരത്തിൽ ടീം, സീസണിലെ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പകരക്കാരുടെ ബെഞ്ചിലിരുന്ന താരം 90ാം മിനിറ്റിലാണ് ഗ്രൗണ്ട് വിട്ടത്. ഈ സമയത്ത് മറുപടിയില്ലാതെ രണ്ടു ഗോളിനു മുന്നിലായിരുന്നു യുനൈറ്റഡ്.
സീസണിൽ യുനൈറ്റഡിന്‍റെ ഭൂരിഭാഗം മത്സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു താരത്തിന് സ്ഥാനം. പ്രീ സീസൺ മത്സരങ്ങളിൽ ടീമിനൊപ്പം ചേരാൻ താരത്തിന് കഴിഞ്ഞിരുന്നില്ല. ടീമിനായി 12 മത്സരങ്ങളിൽനിന്നായി രണ്ടു തവണ മാത്രമാണ് ക്രിസ്റ്റ്യാനോ ഗോൾ നേടിയത്. താരം ജനുവരി ട്രാൻസ്ഫറിൽ ക്ലബ് വിടുമെന്ന അഭ്യൂഹവും ഇതിനിടെ ശക്തമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.