അൽനസ്റിൽ ചേരലിന് പിന്നിൽ ഫുട്ബാൾ മാത്രമല്ല; മനസ്സ് തുറന്ന് ക്രിസ്റ്റ്യാനോ
text_fieldsജിദ്ദ: അൽനസ്ർ ക്ലബിൽ ചേരാൻ കാരണം ഫുട്ബാൾ മാത്രമല്ല, പുതുതലമുറയുടെ മാനസികാവസ്ഥ മാറ്റാനുള്ള മികച്ച അവസരമായതിനാൽ കൂടിയാണെന്ന് പോർച്ചുഗൽ ഫുട്ബാൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ചൊവ്വാഴ്ച റിയാദിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
'അൽനസ്ർ ക്ലബ്ബിൽ ചേരാനുള്ള തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു. ഏഷ്യൻ ഭൂഖണ്ഡത്തിൽ എനിക്ക് ഇതൊരു പുതിയ വെല്ലുവിളിയാണ്. ഈ അവസരത്തിന് അൽനസ്ർ ക്ലബ്ബിന് നന്ദി പറയുന്നു. അൽനസ്ർ ക്ലബ്ബിനൊപ്പം കളിക്കാനും ഫുട്ബാൾ ജീവിതത്തിൽ ഒരു പുതിയ ഘട്ടം ആരംഭിക്കാനും റെക്കോർഡുകൾ തകർക്കാനും തയാറാണ്. യൂറോപ്പ്, ആസ്‌ട്രേലിയ, പോർച്ചുഗൽ, അമേരിക്ക, ബ്രസീൽ എന്നിവിടങ്ങളിൽ നിന്ന് നിരവധി ഓഫറുകൾ ലഭിച്ചിട്ടും ക്ലബ്ബിന് വാക്ക് നൽകിയാണ് അൽനസ്ർ ക്ലബ്ബ് തെരഞ്ഞെടുത്തത്' -ക്രിസ്റ്റ്യാനോ പറഞ്ഞു.
തനിക്ക് കളിക്കാൻ അവസരം നൽകിയതിന് അൽനസ്ർ ക്ലബ്ബിനോട് നന്ദിയുണ്ട്. സ്‌പോർട്‌സ് കമ്മ്യൂണിറ്റിയിൽ സ്വാധീനം ചെലുത്തുന്നതിനും നല്ല പങ്ക് വഹിക്കുന്നതിനും ശ്രമിക്കും.
2022 ലോകകപ്പിൽ അർജൻറീനക്കെതിരെ സൗദിയുടെ വിജയത്തിൽ പ്രതിഫലിച്ച സൗദി ഫുട്ബാളിന്‍റെ കുതിപ്പിനെ ക്രിസ്റ്റ്യാനോ പ്രശംസിച്ചു. സൗദി ലീഗ് വളരെ മത്സരാത്മകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. സൗദി അറേബ്യയിലെ കായിക മേഖലയുടെ വികസനത്തിന് പിന്തുണ നൽകും. അൽനസ്റിനൊപ്പം ചേരാനുള്ള എന്‍റെ തീരുമാനത്തെക്കുറിച്ച് ആളുകളുടെ പ്രതികരണം എന്താണെന്ന് ഞാൻ കാര്യമാക്കുന്നില്ല. യൂറോപ്പിലെ എല്ലാ റെക്കോർഡുകളും ഞാൻ തകർത്തു. ഏഷ്യയിലെ റെക്കോർഡുകൾ തകർക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
യൂറോപ്പിൽ ഞാൻ മിക്കവാറും എല്ലാം ചെയ്തു. ഇപ്പോൾ ഇതെനിക്ക് പുതിയ അനുഭവമാകും. കോച്ച് തീരുമാനിക്കുകയാണെങ്കിൽ വിജയത്തിനായി അടുത്ത മത്സരത്തിൽ കളിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ പറഞ്ഞു.
അൽ നസ്ർ ക്ലബ്ബിൽ വന്നത് വിജയിക്കാനും ക്ലബ്ബിന്‍റെയും രാജ്യത്തിന്‍റെയും സംസ്കാരത്തിൽ പങ്കുചേരാനുമാണ്. എന്‍റെ കുടുംബം എനിക്ക് വലിയ പിന്തുണയാണ് നൽകിയത്. സൗദി നൽകിയ വരവേൽപ്പിന് നന്ദി പറയുന്നു. ഈ കാലഘട്ടത്തിൽ എല്ലാ ടീമുകളും സജ്ജമാണ്. സംഘടിതമാണ്. അവർക്കെല്ലാം ലോകകപ്പിൽ വെല്ലുവിളി ഉയർത്താൻ കഴിയും. എന്നാൽ സൗദി ദേശീയ ടീം അവതരിപ്പിച്ച പ്രകടനം മറക്കരുത്. എന്നെ സംബന്ധിച്ചിടത്തോളം അതൊരു കുതിച്ചുചാട്ടമാണെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.