ക്രിസ്റ്റ്യാനോക്ക് റിയാദിൽ ഇന്ന് വൻ സ്വീകരണം; ടിക്കറ്റുകൾ ഓൺലൈനിൽ
text_fieldsറിയാദ്: ലോക ഫുട്‌ബാൾ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിങ്കളാഴ്ച രാത്രി സകുടുംബം റിയാദിലെത്തി. രണ്ടര വർഷത്തെ കരാറിന്റെ ഭാഗമായി സൗദി അൽ നസ്ർ ക്ലബ്ബിൽ ചേരുന്നതിനാണ് 37 കാരനായ താരം റിയാദിലെത്തിയത്.
അഞ്ച് തവണ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനുള്ള 'ബാലൺ ഡി ഓർ' അവാർഡ് നേടിയ താരത്തിന് ഇന്ന് വൈകുന്നേരം പ്രാദേശിക സമയം ഏഴ് മണിക്ക് 25,000 ഇരിപ്പിട ശേഷിയുള്ള മിർസൂൽ പാർക്ക് സ്റ്റേഡിയത്തിൽ (കിങ് സഊദ് സ്റ്റേഡിയം) വൻ സ്വീകരണം ഒരുക്കിയിട്ടുണ്ട്.
മാഞ്ചസ്റ്റർ യുനൈറ്റഡിന്റെയും റയൽ മാഡ്രിഡിന്റെയും മുൻ താരത്തെ കായികലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതിന് മുമ്പ് സൗദി പ്രോ-ലീഗിൽ മത്സരിക്കാൻ പര്യാപ്തനാണെന്ന് ഉറപ്പാക്കുന്ന ആരോഗ്യ പരിശോധന നടത്തും.
സ്റ്റേഡിയത്തിൽ ക്ലബിനും ആയിരക്കണക്കിന് ആരാധകർക്കും മുന്നിൽ അൽ നസ്ർ ക്ലബ് മേധാവി മുസല്ലി അൽ-മുഅമ്മർ ലോക താരത്തെ അവതരിപ്പിക്കും. 15 റിയാലാണ് സ്വീകരണ പരിപാടിയിലേക്കുള്ള ടിക്കറ്റ് നിരക്ക്. ഇതിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അൽ ഇഹ്‌സാൻ ചാരിറ്റി ഗ്രൂപ്പിന് കൈമാറുമെന്ന് അൽ നസ്ർ ക്ലബ് പ്രഖ്യാപിച്ചിട്ടുണ്ട്. http://tickets.victoryarena.com എന്ന ലിങ്ക് വഴി ഫുട്‌ബാൾ പ്രേമികൾക്ക് പ്രവേശനം ഉറപ്പാക്കാം.
ഒരു ടി.വി അഭിമുഖത്തിൽ ക്ലബിനെ വിമർശിച്ചതിന് ശേഷം മാഞ്ചസ്റ്റർ യുനൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ ചരിത്രത്തിലെ ഏറ്റവും വലിയ കരാർ തുകയ്ക്കാണ് ഒമ്പത് തവണ സൗദി ലീഗ് ചാമ്പ്യൻമാരായ അൽ നസ്റിൽ ചേർന്നത്. എല്ലാ സൗകര്യങ്ങളും ഒത്തിണങ്ങിയ വീട് സജ്ജമാകുന്നത് വരെ താരവും കുടുംബവും റിയാദിലെ പ്രമുഖ ഹോട്ടലിലാകും താമസിക്കുക.
റൊണാൾഡോയുടെ വരവിനെ ആഘോഷമാക്കുന്ന അൽ നസ്ർ, ക്ലബിന്റെ ഭാവിക്കും രാജ്യത്തിനും റൊണാൾഡോയുടെ വരവ് പ്രചോദനമാകുമെന്ന് അവകാശപ്പെട്ടു.
അതിനിടെ അന്താരാഷ്ട്ര താരങ്ങളുമായി മികച്ച ഇടപാടുകൾക്ക് തങ്ങളുടെ മറ്റ് ക്ലബുകളെയും പ്രേരിപ്പിപ്പിക്കുമെന്ന് സൗദി കായികമന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.