ചാമ്പ്യൻസ് ലീഗിലെ എക്കാലത്തേയും ഉയർന്ന ഗോൾ സ്കോറർ; ക്രിസ്റ്റ്യാനോയെ ആദരിച്ച് യുവേഫ
text_fieldsമൊണാക്കോ: ചാമ്പ്യൻസ് ലീഗിലെ എക്കാലത്തേയും ഉയർന്ന ഗോൾ സ്കോററായ ക്രിസ്റ്റ്യാനോ റൊണോൾഡോക്ക് ആദരവുമായി യുവേഫ. ഓൾടൈം ടോപ് സ്കോറർ പുരസ്കാരം സമ്മാനിച്ചാണ് റൊണോയെ യുവേഫ ആദരിച്ചത്. ചാമ്പ്യൻസ് ലീഗിൽ ക്ലബി ഡി പോർച്ചുഗൽ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് ക്ലബുകൾക്കായി ക്രിസ്റ്റ്യാനോ കളിച്ചിട്ടുണ്ട്. 183 മത്സരങ്ങളിൽ നിന്നും 140 ഗോളുകളാണ് റൊണോൾഡോ നേടിയത്.
രണ്ടാമതുള്ള ലയണൽ മെസിയേക്കാൾ 11 ഗോളും മൂന്നാമതുള്ള റോബർട്ട് ലെവൻഡോവസ്കിയേക്കാൾ 46 ഗോളും ക്രിസ്റ്റ്യാനോ അധികമായി നേടിയിട്ടുണ്ട്. 18 വർഷത്തോളം നീണ്ടുനിന്നതാണ് റൊണോൾഡോയുടെ ചാമ്പ്യൻസ് ലീഗ് കരിയർ.
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാണ് റൊണോൾഡോയെന്ന് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ പറഞ്ഞു. റൊണോൾഡോയുടെ ഗോളടി മികവ് വരും തലമുറകൾക്ക് അദ്ദേഹത്തിന്റെ റെക്കോഡുകൾ മറികടക്കുകയെന്നത് ബുദ്ധിമുട്ടേറിയതാക്കി മാറ്റുകയാണ്. അദ്ദേഹത്തിന്റെ പ്രൊഫഷണലിസം, ജോലിയിലെ നൈതികത, വലിയ വേദികളിൽ കളിക്കുമ്പോഴുള്ള സമർപ്പണം എന്നിവയെല്ലാം യുവതാരങ്ങൾക്ക് മാതൃകയാക്കാവുന്നതാണെന്നും യുവേഫ പ്രസിഡന്റ് പറഞ്ഞു.
മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഗോൾനേടുന്ന ആദ്യ താരമെന്ന നേട്ടം റോണോയുടെ പേരിലാണ്. തുടർച്ചയായ 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ സ്‌കോർ ചെയ്യുകയുമുണ്ടായി. റയലിനിനൊപ്പവും യുണൈറ്റഡിനൊപ്പവുമായി കരിയറിൽ അഞ്ചു തവണയാണ് ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയത്. 2008ൽ യുണൈറ്റഡിനൊപ്പമാണ് ആദ്യ ട്രോഫി നേടിയത്. പിന്നീട് 2014,16,17,18 വർഷങ്ങളിലും കിരീടത്തിൽ മുത്തമിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.