രാജാവ് ഞായറാഴ്ച കളിക്കാനിറങ്ങും! ക്രിസ്റ്റ്യാനോയുടെ കാര്യത്തില്‍ തീരുമാനമായി
text_fieldsഅഭ്യൂഹങ്ങള്‍ക്ക് വിരാമം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ തുടരും. ഞായറാഴ്ച സ്പാനിഷ് ക്ലബ്ബ് റയോ വയ്യെകാനോക്കെതിരെ പ്രീ സീസണ്‍ മത്സരത്തില്‍ മാഞ്ചസ്റ്ററിനായി സൂപ്പര്‍ സ്‌ട്രൈക്കര്‍ കളിക്കാനിറങ്ങുമെന്നത് റൊമാനോ ട്വിറ്ററിലൂടെ അറിയിച്ചത് വൈറലായിരിക്കുകയാണ്.
ക്രിസ്റ്റ്യാനോയും താന്‍ യുനൈറ്റഡില്‍ തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ എന്ത് വേണമെങ്കിലും എഴുതട്ടെ, വൈകാതെ അവര്‍ക്ക് സത്യം എഴുതേണ്ടി വരുമെന്നായിരുന്നു ട്രാന്‍സ്ഫര്‍ സംബന്ധിച്ച വാര്‍ത്തകളോട് പോര്‍ച്ചുഗല്‍ താരത്തിന്റെ പ്രതികരണം.
മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ തായ്‌ലന്‍ഡ്, ഓസ്‌ട്രേലിയ പ്രീസീസണ്‍ പര്യടനത്തില്‍ നിന്ന് ക്രിസ്റ്റ്യാനോ വിട്ടു നിന്നിരുന്നു. ചാമ്പ്യന്‍സ് ലീഗ് യോഗ്യതയില്ലാത്ത മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരാന്‍ താത്പര്യമില്ലെന്നതായിരുന്നു കാരണം. കരിയറിലെ അവസാന കാലത്ത് ചാമ്പ്യന്‍സ് ലീഗ് കളിക്കുക എന്ന ലക്ഷ്യപൂര്‍ത്തീകരണത്തിന് ബയേണ്‍ മ്യൂണിക്ക്, ചെല്‍സി, പി.എസ്.ജി ക്ലബ്ബുകളെ ക്രിസ്റ്റ്യാനോയുടെ ഏജന്റ് മെന്‍ഡസ് സമീപിച്ചിരുന്നു. എന്നാല്‍, മുപ്പത്തേഴ് വയസുള്ള ക്രിസ്റ്റ്യാനോക്ക് വേണ്ടി വലിയ നിക്ഷേപം ഇറക്കാന്‍ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ക്ലബ്ബുകള്‍ തയ്യാറായില്ലെന്നതാണ് വാസ്തവം.
സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡുമായും അവസാന നിമിഷം ചര്‍ച്ച നടന്നിരുന്നു. എന്നാല്‍, റയല്‍ മാഡ്രിഡ് ഇതിഹാസമായ ക്രിസ്റ്റ്യാനോ അത്‌ലറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറുന്നത് തടയാന്‍ വലിയ ഇടപെടല്‍ തന്നെ നടന്നു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ വിഖ്യാത പരിശീലകനും ക്രിസ്റ്റ്യാനോയുടെ ഗോഡ്ഫാദറുമായ അലക്‌സ് ഫെര്‍ഗൂസന്‍ കൂടിക്കാഴ്ച നടത്തിയതും ക്ലബ്ബിനൊപ്പം തുടരാനാവശ്യപ്പെട്ടതും വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.
യുവന്റസില്‍ നിന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചെത്തിയതിന് ശേഷം കഴിഞ്ഞ സീസണില്‍ 24 ഗോളുകളുമായി ക്രിസ്റ്റ്യാനോ ടോപ് സ്‌കോററായിരുന്നു. എന്നാല്‍, മറ്റ് താരങ്ങളൊന്നും കാര്യമായി പ്രയത്‌നിക്കാതെ വന്നതോടെ മാഞ്ചസ്റ്റര്‍ ചരിത്രത്തിലാദ്യമായി പ്രീമിയര്‍ ലീഗ് ടേബിളില്‍ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
പുതിയ കോച്ച് ടെന്‍ ഹാഗിന് കീഴില്‍ മാഞ്ചസ്റ്റര്‍ തിരിച്ചു വരവിനുള്ള തീവ്ര പരിശ്രമത്തിലാണ്. പ്രീ സീസണില്‍ ലിവര്‍പൂളിനെ തകര്‍ത്തു വിട്ടത് ആരാധകര്‍ക്ക് പ്രതീക്ഷയേകുന്നു. ക്രിസ്റ്റ്യാനോ എന്ന സൂപ്പര്‍ സ്‌ട്രൈക്കര്‍ തന്റെ പദ്ധതികളിലുണ്ടെന്നും മാഞ്ചസ്റ്റര്‍ ശക്തമായി തിരിച്ചുവരുമെന്നും കോച്ച് ടെന്‍ ഹാഗ് ആവര്‍ത്തിച്ച് പറയുന്നതും ക്ലബ്ബ് ആരാധകരെ ആവേശം കൊള്ളിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.