എണ്ണൂറാൻ; കരിയറിൽ 800 ഗോളുകൾ തികച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
text_fieldsക്രിസ്റ്റ്യാനോ റൊണാൾഡോ ഡോസ് സാേൻറാസ് അവെയ്റോ...താങ്കൾ അമാനുഷികനാണ്. അല്ലെങ്കിൽ എങ്ങനെയാണ് 18ാംവയസ്സിൽ ഓൾഡ് ട്രാഫോഡിലെ 'സ്വപ്നങ്ങളുടെ തിയറ്ററി'ൽ ഗോൾ നേടിയപ്പോഴുള്ള അതേ ആവേശം അത്ര തന്നെ വർഷം പിന്നിട്ടിട്ടും അതേ മൈതാനത്ത് ഗോൾ നേടിയപ്പോഴും താങ്കൾക്ക് നിലനിർത്താനാവുന്നത്?
കൗമാരത്തിലും യുവത്വത്തിെൻറ ആദ്യ പകുതിയിലും കളിക്കളത്തിൽ താങ്കൾ പുറത്തെടുത്ത ആവേശവും നിശ്ചയദാർഢ്യവും അതുപോലെയോ അതിൽ കൂടുതലായോ കാൽപന്ത് ആരാധകർക്ക് ഇപ്പോഴും കാണാനാവുന്നുണ്ട് എന്നുള്ളത് ഒട്ടും സാധാരണമല്ലല്ലോ.
ഇപ്പോഴിതാ കരിയറിൽ 800 ഗോൾ തികച്ച് അപൂർവമായ ഒരു നാഴികക്കല്ല് കൂടി താങ്കൾ പിന്നിട്ടിരിക്കുന്നു. അതും തന്നെ ലോകമറിയുന്ന താരമാക്കിയ ഓൾഡ് ട്രാഫോഡിെൻറ കളിമുറ്റത്ത്. ഇരട്ട ഗോളുമായി താങ്കളുടെ ഗോൾനേട്ടം 801ലെത്തി നിൽക്കുമ്പോൾ ഫുട്ബാൾ ലോകം താങ്കൾക്കുമുന്നിൽ തലകുനിക്കുകയാണ്.
സ്യൂൂൂ...ഗോൾ നേടിക്കഴിഞ്ഞാൽ കറങ്ങിത്തിരിഞ്ഞ് ചാടി 'സ്യൂ' പറഞ്ഞുള്ള താങ്കളുടെ ആഘോഷം കൊച്ചുകുട്ടികൾക്ക് പോലും സുപരിചിതമാണ്. എണ്ണം പറഞ്ഞ ലോങ്റേഞ്ചറോ വല തുളക്കുന്ന ഹെഡറോ പെനാൽട്ടിയോ ടാപ് ഇന്നോ..ഗോൾ ഏതുതരം ആവട്ടെ ആവേശം ഒട്ടും കുറയാതെയുള്ള ആഘോഷം തന്നെയാണ് കളിയോടുള്ള താങ്കളുടെ സമർപ്പണത്തിെൻറ തെളിവ്.
36 വയസ്സ് സാധാരണ ഗതിയിൽ കളി നിർത്തി വീട്ടിലിരിക്കുന്ന പ്രായമാണ്. അപൂർവം താരങ്ങൾ മാത്രമാണ് ആ പ്രായത്തിലും പന്തുതട്ടാറുള്ളത്. അതിൽ തന്നെ കൂടുതലും വമ്പൻ ലീഗുകൾ വിട്ട് ചെറു ലീഗുകളിൽ കളിക്കുന്ന ഈ പ്രായത്തിലും താങ്കൾ മത്സരാത്മക ഫുട്ബാളിെൻറ ഉത്തുംഗതയിൽ തന്നെ പന്തുതട്ടുന്നു.
ഗോളുകളുടെ തമ്പുരാൻ
ഇൻറർനാഷനൽ ഫെഡറേഷൻ ഓഫ് ഫുട്ബാൾ ഹിസ്റ്ററി ആൻഡ് സ്റ്റാറ്റിസ്റ്റ്കിസ് (ഐ.എഫ്.എഫ്.എച്ച്.എസ്) കണക്ക് പ്രകാരം ക്ലബിനും രാജ്യത്തിനുമായി ഏറ്റവും കൂടുതൽ ഗോൾ നേടിയിട്ടുള്ള കളിക്കാരനാണ് ക്രിസ്റ്റ്യാനോ. രാജ്യത്തിനായി 184 മത്സരങ്ങളിൽ 115ഉം ക്ലബുകൾക്കായി 913 കളികളിൽ 686ഉം ഗോളുകളുമാണ് ക്രിസ്റ്റ്യാനോയുടെ സമ്പാദ്യം. ആകെ 1097 മത്സരങ്ങളിൽ 801 ഗോളുകൾ. 765 ഗോളുകളുമായി ഇതിഹാസതാരം പെലെയാണ് രണ്ടാം സ്ഥാനത്ത്.
756 ഗോളുമായി ലയണൽ മെസ്സി മൂന്നാമതുണ്ട്. റൊമാരിയോ (753), ഫെറങ്ക് പുഷ്കാസ് (729) എന്നിവരാണ് തുടർ സ്ഥാനങ്ങളിൽ. എന്നാൽ, മറ്റു ചില കണക്കുകൾ പ്രകാരം ജർമനിയുടെ എർവിൻ ഹെൽമ്കെൻ (982), ഓസ്ട്രിയക്കും ചെകോസ്ലോവാക്യക്കും കളിച്ചിട്ടുള്ള ജോസഫ് ബികാൻ (948), ഇംഗ്ലണ്ടിെൻറ റോണി റൂക് (886) തുടങ്ങിയവർ റൊണാൾഡോക്ക് മുന്നിലുണ്ട്.
ലോക ഫുട്ബാൾ ഭരിക്കുന്ന ഫിഫയാകട്ടെ ഇതുവരെ ഇക്കാര്യത്തിൽ ഔദ്യോഗികമായി പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ, ബികെൻ 805 ഗോളുകൾ സ്കോർ ചെയ്തതായി കാണിച്ച് ഒരു കുറിപ്പ് ഫിഫ 2020ൽ പ്രസിദ്ധീകരിച്ചിരുന്നു. എക്കാലത്തെയും മികച്ച ഗോൾനേട്ടക്കാരനായി അതിൽ ബികാനെ വിശേഷിപ്പിക്കുകയും ചെയ്തു.
എന്നാൽ, ഇതിൽ റിസർവ് ടീമുകൾക്കും അനൗദ്യോഗിക സൗഹൃദ മത്സരങ്ങളിലും നേടിയവ പരിഗണനാവിധേയമല്ലെന്നാണ് കൂടുതൽ കണക്കെടുപ്പുകാരുടെയും നിലപാട്. 1,283 ഗോളുകൾ നേടിയിട്ടുള്ള പെലെയുടെ പേരിലുള്ള ഔദ്യോഗിക ഗോളുകളുടെ എണ്ണം 765ൽ പരിമിതപ്പെടാനുള്ള കാരണവും ഇതുതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.