ക്രിസ്റ്റ്യാനോ വീണ്ടും, ജയത്തോടെ അഞ്ചാം സ്ഥാനത്തേക്കുയർന്ന് അൽ നസ്ർ
text_fieldsറിയാദ്: സൗദി പ്രോ ലീഗിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോൾവേട്ട തുടരുന്നു. പോർചുഗലിന്റെ വിഖ്യാത പ്രതിഭ വീണ്ടും വല കുലുക്കിയ കളിയിൽ അൽ നസ്ർ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അൽ റായിദിനെ കീഴടക്കി. സൗദി പ്രോ ലീഗിൽ റൊണാൾഡോയുടെ ഗോൾനേട്ടം ഏഴായി ഉയർന്നു.
ബുറൈദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യപകുതി ഒപ്പത്തിനൊപ്പമായിരുന്നു. മുൻ ഷാക്റ്റർ ഡോണെസ്ക് കോച്ച് ഇഗോർ ജോവിസെവിച്ചിന്റെ ശിക്ഷണത്തിലിറങ്ങിയ അൽ റായിദ് 4-4-2 ശൈലിയിൽ അൽ നസ്റിന്റെ താരഗണങ്ങളെ മികവുറ്റ രീതിയിൽ എതിരിട്ടു. എന്നാൽ, ഇടവേളക്ക് മുമ്പ് ബന്ദേർ വയേഷി ചുകപ്പുകാർഡ് കണ്ട് പുറത്തായതോടെ ആളെണ്ണം കുറഞ്ഞത് റായിദിന്റെ കരുനീക്കങ്ങളെ ബാധിച്ചു.
ആതിഥേയ പ്രതിരോധം പാറ കണക്കെ ഉറച്ചുനിന്നപ്പോൾ ആദ്യഘട്ടത്തിൽ ലോങ് ബാളുകളെ ആശ്രയിച്ചാണ് അൽ നസ്ർ കൂടുതലും കളി മെനഞ്ഞത്. ഒടുവിൽ ഇടവേളക്ക് പിരിയാനിരിക്കെ സൂപ്പർ താരം സാദിയോ മാനെ അൽ നസ്റിനെ മുന്നിലെത്തിച്ചു. ലൂസ് ബാൾ പിടിച്ചെടുത്ത സെനഗലുകാരൻ പെനാൽറ്റി ബോക്സിന്റെ ഓരത്തുനിന്ന് പൊള്ളുന്ന ഷോട്ടുതിർക്കുകയായിരുന്നു. സെക്കൻഡുകൾക്കകം വയേഷി ചുകപ്പുകാർഡ് കണ്ടു. മാനെയെ ഫൗൾ ചെയ്തതിനായിരുന്നു മാർച്ചിങ് ഓർഡർ.
അണിയിൽ ആളെണ്ണം കൂടുതലുള്ളതിന്റെ ആനുകൂല്യത്തിൽ രണ്ടാം പകുതി അൽ നസ്റിന്റെ പൂർണ നിയന്ത്രണത്തിലായിരുന്നു. ഇടേവള കഴിഞ്ഞിറങ്ങിയതും ബോക്സിന് പുറത്തുനിന്ന് ആൻഡേഴ്സൺ ടാലിസ്ക തൊടുത്ത ഷോട്ട് അൽ നസ്റിന്റെ ലീഡുയർത്തി. 78-ാം മിനിറ്റിൽ ടാലിസ്കയുടെ പാസിൽ ബോക്സിൽ എതിർഡിഫൻഡറുടെ പ്രതിരോധം പൊട്ടിച്ച് ക്രിസ്റ്റ്യാനോ തൊടുത്ത തകർപ്പൻ ഷോട്ട് അൽ നസ്റിന്റെ ജയമുറപ്പിച്ചു. 89-ാം മിനിറ്റിൽ കളിഗതിക്കെതിരായി നടന്ന നീക്കത്തിൽനിന്ന് ലഭിച്ച പെനാൽറ്റി കിക്ക് ലക്ഷ്യത്തിലെത്തിച്ച് മുഹമ്മദ് ഫൂസെയ്ർ അൽ റായിദിന്റെ ആശ്വാസഗോൾ നേടി.
ജയത്തോടെ ലീഗിൽ അൽ നസ്ർ അഞ്ചാം സ്ഥാനത്തേക്കുയർന്നു. അൽ റയീദ് 15-ാം സ്ഥാനത്താണിപ്പോൾ. തിങ്കളാഴ്ച എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ അൽ നസ്ർ ഇറാൻ ടീമായ പെർസെപോളിസിനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.