1000 ക്ലബ് മത്സരങ്ങൾ; ഗോളടിച്ച് ആഘോഷമാക്കി റൊണാൾഡോ
text_fieldsറിയാദ്: അൽ നസ്റിന്റെ പോർച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർത്തിയാക്കിയത് 1000 ക്ലബ് മത്സരങ്ങൾ. ബുധനാഴ്ച രാത്രി എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ അൽ ഫീഹക്കെതിരെയായിരുന്നു റൊണാൾഡോയുടെ കരിയറിലെ 1000ാമത്തെ മത്സരം. റൊണാൾഡോയുടെ ഒറ്റ ഗോൾ ബലത്തിലാണ് അൽ നസ്ർ ചാമ്പ്യൻസ് ലീഗ് ആദ്യ പാദത്തിലെ എവേ മത്സരം ജയിച്ച് കയറിയത്.
റിയാദിലെ പ്രിൻസ് ഫൈസൽ ബിൻ ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരം ആദ്യ പകുതി ഗോൾ രഹിതമായിരുന്നു. കളിയിലൂടനീളം പന്തിൻമേലുള്ള നിയന്ത്രണം അൽ നസ്ർ കയ്യടക്കി വെച്ചിരുന്നെങ്കിലും ഗോൾ കണ്ടെത്താനായിരുന്നില്ല.
81ാം മിനിറ്റിൽ സൂപ്പർ താരത്തിന്റെ ബൂട്ടിൽ നിന്നാണ് വിജയഗോൾ പിറന്നത്. ക്രിസ്റ്റ്യാനോ ഈ വർഷം നേടുന്ന ആദ്യ ഗോൾ കൂടിയായിരുന്നു അത്. ഫീഹക്കെതിരെയുള്ള രണ്ടാം പാദ മത്സരം ഈ മാസം 21ന് അൽ നസ്റിന്റെ അൽ അവ്വൽ പാർക്ക് സ്റ്റേഡിയത്തിൽ നടക്കും.
അഞ്ച് തവണ ബാലൻ ഡി ഓർ ജേതാവായ ക്രിസ്റ്റ്യാനോ സ്പോർട്ടിംഗ് ലിസ്ബൺ, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവൻ്റസ്, അൽ നസ്ർ എന്നീ ക്ലബുകളിലൂടെയാണ് 1000 മത്സരങ്ങൾ പൂർത്തിയാക്കിയത്.
അഞ്ച് ചാമ്പ്യൻസ് ലീഗുകളും മൂന്ന് വ്യത്യസ്ത രാജ്യങ്ങളിലായി ഏഴ് ലീഗ് കിരീടങ്ങളും ആറ് ആഭ്യന്തര കപ്പ് ട്രോഫികളും കരിയറിൽ നേടിയിട്ടുണ്ട്.
2002-ൽ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 700-ലധികം ഗോളുകളും 200-ലധികം അസിസ്റ്റുകളും നേടിയിട്ടുണ്ട്. 450 ഗോളുകൾ നേടിയ റയൽ മാഡ്രിഡിൻ്റെ എക്കാലത്തെയും ടോപ് സ്‌കോറർ കൂടിയാണ് റൊണാൾഡോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.