807 ഗോൾ; ഏക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി റൊണാൾഡോ
text_fieldsമാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ തട്ടകമായ 'സ്വപ്നങ്ങളുടെ നാടകശാല'യിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന നായകൻ നിറഞ്ഞുനിന്ന ദിവസമായിരുന്നു ശനിയാഴ്ച. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻനിര ക്ലബുകളോടൊപ്പം നിൽക്കാൻ പൊരുതുന്ന യുനൈറ്റഡിന് അനിവാര്യമായ ജയം ഒറ്റക്ക് നേടിക്കൊടുക്കുമ്പോൾ 37കാരനായ ഇതിഹാസതാരം മറ്റൊരു നേട്ടം കൂടി നേടിയെടുത്തു. രാജ്യത്തിനും ക്ലബിനുമായി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന മോഹിപ്പിക്കുന്ന റെക്കോഡ്.
ടോട്ടൻഹാം ഹോട്സ്പറിനെതിരായ യുനൈറ്റഡിന്റെ 3-2 വിജയത്തിൽ മൂന്നു ഗോളുകളും എതിർവലയിലേക്കടിച്ചു കയറ്റിയ റൊണാൾഡോ ഗോൾനേട്ടം 807ലെത്തിച്ചപ്പോൾ തകർന്നുവീണത് 1931-1956 കാലത്ത് ഓസ്ട്രിയക്കും ചെക്കസ്ലോവാക്യക്കും കളിച്ച ജോസഫ് ബികാന്റെ റെക്കോഡ് (805). മുൻകാലത്തെ പല കളികളും രേഖപ്പെടുത്തപ്പെടാത്തതിനാലും ഔദ്യോഗിക മത്സരങ്ങളല്ലാത്ത ചെറിയ കളികൾ പോലും കണക്കിൽപെട്ടതിനാലും ഗോൾ സ്കോറർമാരുടെ പട്ടികയിൽ ഫുട്ബാൾ ലോകത്ത് പല കണക്കുകളുമുണ്ട്.
ഗിന്നസ് റെക്കോഡ് പ്രകാരം ഇതിഹാസ താരം പെലെയുടെ 1,279 ഗോളുകളാണ് മുന്നിൽ. എന്നാൽ, മിക്ക ഫുട്ബാൾ വിദഗ്ധരും ഇതംഗീകരിക്കുന്നില്ല. പെലെ 757 ഗോളുകൾ സ്കോർ ചെയ്തതായാണ് മിക്ക രേഖകളിലെയും കണക്ക്. ഔദ്യോഗിക ലോകഫുട്ബാൾ സംഘടനയായി കണക്കാക്കപ്പെടുന്ന ഫിഫയാവട്ടെ ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. എന്നാൽ, ബികാന്റെ 805 ഗോളുകളാണ് മുന്നിലെന്ന് 2020ൽ ഫിഫ അംഗീകരിച്ചിരുന്നു.
വിഖ്യാത ഫുട്ബാൾ കണക്ക് വിദഗ്ധരായ റെക് സ്പോർട്ട് സോക്കർ സ്റ്റാറ്റിസ്റ്റിക്സ് ഫൗണ്ടേഷൻ (ആർ.എസ്.എസ്.എസ്.എഫ്) പ്രകാരവും ബികാനായിരുന്നു മുന്നിൽ. ഈ നേട്ടമാണിപ്പോൾ റൊണാൾഡോ മറികടന്നത്.
59 ഹാട്രിക്
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ 59ാമത് ഹാട്രിക്കാണിത്. ഗിന്നസ് റെക്കോഡ് പ്രകാരം പെലെയാണ് (92) ഹാട്രിക്കിൽ മുന്നിൽ. ആർ.എസ്.എസ്.എസ്.എഫ് കണക്കുപ്രകാരം 1924-1951 കാലത്ത് കളിച്ച ജർമനിയുടെ എർവിൻ ഹെൽമെഷനും (141). നിലവിൽ കളിക്കുന്നവരിൽ ക്രിസ്റ്റ്യാനോ തന്നെയാണ് മുന്നിൽ. രണ്ടാമത് ലയണൽ മെസ്സിയും (55).
കൂടുതൽ ഗോൾ
(അവലംബം: ആർ.എസ്.എസ്.എസ്.എഫ്)
1. ക്രിസ്റ്റ്യാനോ റൊണാൾഡോ 807
2. ജോസഫ് ബികാൻ 805
3. റൊമാരിയോ 772
4. ലയണൽ മെസ്സി 759
5. പെലെ 757
6. ഫെറങ്ക് പുഷ്കാസ് 746
7. ഗെർഡ് മുള്ളർ 734
8. യുസേബിയോ 622
9. ഫെറങ്ക് ഡീക് 576
10. ഊവ് സീലർ 575
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.