അതുല്യ റെക്കോഡിലേക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്വന്താമാകുക മറ്റാർക്കും തകർക്കാനാവാത്ത നേട്ടം
text_fieldsഅന്താരാഷ്ട്ര ഫുട്ബാളിൽ മറ്റാർക്കും തകർക്കാനാവാത്ത റെക്കോഡിലേക്ക് പോര്‍ച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങുന്നു. ചൊവ്വാഴ്ച യൂറോ കപ്പ് യോഗ്യത റൗണ്ടിൽ ഐസ്‍ലൻഡിനെതിരെ ഇറങ്ങിയാൽ അന്താരാഷ്ട്ര ഫുട്ബാളിൽ 200 മത്സരം കളിക്കുന്ന ആദ്യ താരമെന്ന അതുല്യ നേട്ടമാണ് പോർച്ചുഗീസുകാരനെ കാത്തിരിക്കുന്നത്. 2003 ആഗസ്റ്റിൽ കസാഖിസ്താനെതിരെയായിരുന്നു പോർച്ചുഗീസ് ജഴ്സിയിലെ അരങ്ങേറ്റം.
യൂറോ യോഗ്യത റൗണ്ടില്‍ ബോസ്‌നിയ ഹെർസഗോവിനക്കെതിരെ ശനിയാഴ്ച ഇറങ്ങുമ്പോള്‍ അത് റൊണാള്‍ഡോയുടെ 199ാമത്തെ മത്സരമാകും. 196 മത്സങ്ങള്‍ കളിച്ച കുവൈത്ത് താരം ബദല്‍ അല്‍ മുതവയുടെ റെക്കോഡ് നേരത്തെ റൊണാള്‍ഡോ മറികടന്നിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു നാഴികക്കല്ലിലേക്ക് ചുവടുവെക്കുന്നത്.
അന്താരാഷ്ട്ര ഫുട്‌ബാള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്രിസ്റ്റ്യാനോ. 122 ഗോളാണ് ഇതുവരെ നേടിയത്. മാർച്ചിൽ ലിച്ചെൻസ്റ്റീനിനെതിരെയും ലക്സംബർഗിനെതിരെയും ഇറങ്ങി റൊണാൾഡോ ഗോൾ നേടിയിരുന്നു. 109 ഗോൾ നേടിയ ഇറാന്റെ അലി ദേയിയാണ് ഇക്കാര്യത്തിൽ തൊട്ടുപിന്നിലുള്ളത്. ലയണൽ മെസ്സി 175 മത്സരങ്ങൾ അർജന്റീനക്കായി കളിച്ച് 103 ഗോളുകളാണ് നേടിയത്.
റൊണാള്‍ഡോ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പോര്‍ച്ചുഗല്‍ ജഴ്‌സിയണിഞ്ഞത് പെപ്പെയാണ് -133. ലൂയിസ് ഫിഗോ (127), നാനി (112) എന്നിവരാണ് തൊട്ടുപിന്നില്‍. സ്‌പോര്‍ട്ടിങ് ലിസ്ബണ്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ്, അല്‍ നസ്ര്‍ ക്ലബുകള്‍ക്കായി റൊണാള്‍ഡോ 837 ഗോളും നേടിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.