ക്രിസ്റ്റ്യാനോക്ക് വിലക്ക് വരുമോ? അശ്ലീല ആംഗ്യത്തിൽ അച്ചടക്ക സമിതി അന്വേഷണം
text_fieldsറിയാദ്: സൗദി പ്രൊ ലീഗിൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് വിലക്ക് വരുമോ? മത്സരശേഷം താരം മൈതാനത്ത് നടത്തിയ അശ്ലീല ആംഗ്യത്തിൽ സൗദി അറേബ്യൻ ഫുട്ബാൾ ഫെഡറേഷന്‍റെ അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചതായി പ്രദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ഞായറാഴ്ച രാത്രി അൽ ഷബാബിനെ കീഴടക്കി വിജയാഹ്ലാദം പ്രകടിപ്പിക്കവെയാണ് ക്രിസ്റ്റ്യാനോ ഗാലറിയിലേക്ക് നോക്കി അശ്ലീല ആംഗ്യം കാണിച്ചത്. ഷബാബിന്‍റെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു അൽ നസ്റിന്റെ ജയം. ക്രിസ്റ്റ്യാനോ ഒരു ഗോൾ നേടിയപ്പോൾ ബ്രസിലീയൻ താരം ടലിസ്ക ഇരട്ടഗോളുകൾ നേടി.
മത്സരത്തിന്‍റെ തുടക്കത്തിൽതന്നെ മെസ്സി, മെസ്സി വിളികളുമായി ഷബാബ് ആരാധകർ ക്രിസ്റ്റ്യനോയെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെയാണ് മത്സര ശേഷം ആരാധകരെ നോക്കി താരം കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുന്നത്. ‘അൽ ഷബാബ് ആരാധകർക്കു മുന്നിൽ അൽ നസ്ർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കാണിച്ച അശ്ലീല ആംഗ്യം കാണികളിൽ നീരസത്തിന് കാരണമായി, വിഷയത്തിൽ അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചു -പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
ആംഗ്യം കാണിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പരിശോധിച്ച് രണ്ടു ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. പ്രൊ ലീഗ് സീസണിൽ 22 ഗോളുകളുമായി ഗോൾ വേട്ടക്കാരിൽ ഒന്നാമനാണ് ക്രിസ്റ്റ്യാനോ. 39 കാരനായ റൊണാൾഡോ മുമ്പും സമാനമായ വിമർശനങ്ങൾ നേരിട്ടിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ, അൽ ഹിലാലിനെതിരായ പരാജയത്തിന് ശേഷം ഡഗൗട്ടിലേക്കുള്ള യാത്രക്കിടെ ജനനേന്ദ്രിയത്തിൽ പിടിക്കുന്ന തരത്തിൽ ആംഗ്യം കാണിച്ചിരുന്നു.
റിയാദ് സീസൺ കപ്പ് ഫൈനലിൽ അൽ നസ്ർ പരാജയപ്പെട്ട് മടങ്ങുമ്പോൾ സ്റ്റാൻഡിൽനിന്ന് എറിഞ്ഞ അൽ ഹിലാൽ സ്കാർഫ് തന്റെ ഷോർട്ട്സിൽ ഇട്ടു വലിച്ചെറിയുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.