‘ക്രിസ്റ്റ്യാനോ ഇസ്‌ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നു’; വെളിപ്പെടുത്തലുമായി മുൻ സഹതാരം
text_fieldsപോർച്ചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്‌ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി അൽ നസ്റിന്‍റെ മുൻ ഗോൾകീപ്പർ വലീദ് അബ്ദുല്ല. ഇസ്‌ലാം മതത്തോട് ക്രിസ്റ്റ്യാനോക്ക് വലിയ ആദരവാണെന്നും കൂടുതലറിയാൻ താൽപര്യം കാണിച്ചിരുന്നുവെന്നും അറബ് ടെലിവിഷൻ ഷോയിൽ അബ്ദുല്ല പറഞ്ഞു. 2017 മുതൽ 2024 വരെ അൽ നസ്റിന്‍റെ ഗോൾകീപ്പറായിരുന്ന അബ്ദുല്ലക്കൊപ്പം റൊണാൾഡോ സഹതാരമായിരുന്നു.
“റൊണാൾഡോ ശരിക്കും ഇസ്‌ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ട്. ഞാൻ അദ്ദേഹത്തോട് ഇക്കാര്യം സംസാരിച്ചിരുന്നു. അദ്ദേഹം മതപരിവർത്തനത്തിന് താൽപര്യം പ്രകടിപ്പിച്ചു. അദ്ദേഹം ടീമിലുള്ള എല്ലാവരോടും ഇസ്‌ലാം വിശ്വാസപ്രകാരമുള്ള പ്രാർഥനയിൽ ഏർപ്പെടാൻ പറയാറുണ്ട്. സൗദി അറേബ്യയുടെ സംസ്കാരത്തെ കുറിച്ച് തുടക്കത്തിൽ അദ്ദേഹത്തിന് ധാരണയുണ്ടായിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം എന്നോട് വിശദമായി അദ്ദേഹം ചോദിക്കാറുണ്ടായിരുന്നു” -വലീദ് അബ്ദുല്ല പറഞ്ഞു.
പരിശീലന വേളകളിൽ പ്രാർഥനാ സമയത്ത് എല്ലാം നിർത്തിവെക്കാൻ കോച്ചിനോട് ക്രിസ്റ്റ്യാനോ ആവശ്യപ്പെടാറുണ്ടെന്നും അബ്ദുല്ല പറഞ്ഞു. ടീമിലെ എല്ലാ കളിക്കാർക്കും ക്രിസ്റ്റ്യാനോ തുല്യ പ്രാധാന്യമാണ് നൽകുന്നത്. വളരെ അച്ചടക്ക ശീലമുള്ള താരമാണ് അദ്ദേഹം. മികച്ച കളിക്കാരൻ എന്നതിലുപരിയായി ലാളിത്യം കാത്തുസൂക്ഷിക്കുന്ന ആളുമാണ് ക്രിസ്റ്റ്യാനോ എന്നും അബ്ദുല്ല പരിപാടിയിൽ പറയുന്നു.
2022 ഡിസംബർ 30നാണ് സൗദി അറേബ്യൻ ക്ലബ്ബായ അൽ നസ്റുമായി റൊണാൾഡോ രണ്ടര വർഷത്തെ കരാറിൽ ഏർപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ എറിക് ടെൻഹാഗുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് താരം അൽ നസ്റുമായി 200 മില്യൻ യൂറോയുടെ കരാറിൽ ഏർപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.