ടൈബ്രേക്കറിൽ യൂറോ ഗോൾഡൻ ബൂട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോക്ക്
text_fieldsലണ്ടൻ: ടൂർണമെന്‍റിൽ നിന്ന് നേരത്തെ പുറത്തായെങ്കിലും യൂറോ കപ്പിലെ ഗോൾവേട്ടക്കാരനുള്ള സുവർണ പാദുകം പോർചുഗീസ് സുപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് സ്വന്തം. ഇംഗ്ലണ്ടിന്‍റെയും ഇറ്റലിയുടെയും താരങ്ങളിൽ ആർക്കും ക്രിസ്റ്റ്യാനോയെ മറികടക്കാനായില്ല. നാലു മത്സരങ്ങളിൽ നിന്ന് റോണോ അഞ്ച് ഗോളുകളാണ് സ്കോർ ചെയ്തത്.
നാലുഗോളുള്ള ഹാരി കെയ്നിനും മൂന്ന് ഗോളുള്ള റഹീം സ്റ്റിർലിങ്ങിനും ഫൈനൽ മത്സരത്തിൽ റൊണാൾഡോക്ക് വെല്ലുവിളി ഉയർത്താനായില്ല. ചെക്ക് റിപബ്ലിക്ക് ഫോർവേഡ് പാട്രിക് ഷിക് അഞ്ച് ഗോളുകൾ വലയിലാക്കിയിട്ടുണ്ടെങ്കിലും അസിസ്റ്റുകളുടെ എണ്ണത്തിൽ മുൻതൂക്കം റൊണാൾഡോക്കായിരുന്നു.
യൂറോ കപ്പിൽ ഇത് ആദ്യമായാണ് റൊണാൾഡോ ഗോൾഡൻ ബുട്ട് സ്വന്തമാക്കുന്നത്. 2016ൽ സ്വന്തം ടീം ജേതാക്കളായപ്പോൾ ഗോൾവേട്ടക്കാരുടെ പട്ടികയിൽ ഫ്രാൻസിന്‍റെ അേന്റായിൻ ഗ്രീസ്മാന് പിന്നിൽ രണ്ടാമനായിരുന്നു റൊണാൾഡോ.
നാലു മത്സരങ്ങളിൽ നിന്നായി റൊണാൾഡോ വെറും 360 മിനിറ്റുകളാണ് പന്തുതട്ടിയത്. ഗോൾവേട്ടക്കാരുടെ പോരാട്ടത്തിൽ താരത്തോട് മത്സരിച്ച കെയ്നും റഹീം സ്റ്റിർലിങ്ങും (മൂന്ന് ഗോൾ) 600 മിനിറ്റിലധികം കളിക്കളത്തിലുണ്ടായിരുന്നു. റൊണാൾഡോയുടെ അഞ്ചിൽ മൂന്നെണ്ണം പെനാൽറ്റിയിലൂടെയായിരുന്നു.
പ്രീക്വാർട്ടറിൽ ബെൽജിയത്തോട് 1-0ത്തിന് തോറ്റാണ് നിലവില ജേതാക്കളെന്ന പകിട്ടുമായെത്തിയ പോർചുഗൽ പുറത്തായത്. നാലു ഗോളുമായി നാല് കളിക്കാർ പട്ടിക പൂർത്തിയാക്കിയിട്ടുണ്ട്. ഹാരി കെയ്ൻ (ഇംഗ്ലണ്ട്), കരീം ബെൻസേമ (ഫ്രാൻസ്), എമിൽ ഫോഴ്സ്ബെർഗ് (സ്വീഡൻ), റൊമേലു ലുകാക്കു (ബെൽജിയം) എന്നിവരാണ് ആ താരങ്ങൾ.
ഇക്കുറി യൂറോ കപ്പിൽ നിരവധി ഗോളുകൾ വീണെങ്കിലും നാണക്കേടിന്‍റെ മറ്റൊരു റെക്കോഡ് കൂടിയുണ്ട്. 11 സെൽഫ് ഗോളുകളാണ് ഇക്കുറി പിറന്നത്. 2016ലെ യൂറോ കപ്പിലെ മൂന്ന് ഗോളുകളായിരുന്നു ഏറ്റവും ഉയർന്ന സംഖ്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.