ക്രിസ്റ്റ്യാനോയുടെ അൽ നസ്ർ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ സെമി കാണാതെ പുറത്ത്; അല്‍ ഐനിനോട് തോറ്റത് ഷൂട്ടൗട്ടിൽ
text_fieldsറിയാദ്: ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് സെമി കാണാതെ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നസ്ർ പുറത്ത്. ക്വാർട്ടർ ഫൈനലിൽ യു.എ.ഇ ക്ലബ് അൽ ഐനിനോട് പെനാൽറ്റി ഷൂട്ടൗട്ടിലാണ് സൗദി ക്ലബ് പരാജയപ്പെട്ടത്.
ക്വാര്‍ട്ടറിന്‍റെ ആദ്യ പാദത്തില്‍ 1-0ന് തോറ്റ അല്‍ നസ്ര്‍ രണ്ടാം പാദത്തില്‍ ഒരുഘട്ടത്തിൽ 3-0ന് പിന്നിലായിട്ടും നാലു ഗോളുകള്‍ തിരിച്ചടിച്ച് സമനില പിടിച്ചെങ്കിലും ഷൂട്ടൗട്ടില്‍ 3-1 എന്ന സ്കോറിന് കീഴടങ്ങി. ഷൂട്ടൗട്ടിൽ നസ്റിന്‍റെ മൂന്നു താരങ്ങൾ അവസരം നഷ്ടപ്പെടുത്തി. ക്രിസ്റ്റ്യാനോ മാത്രമാണ് ലക്ഷ്യം കണ്ടത്.
സൗഫിയാനെ റഹീമിന്‍റെ ഇരട്ട ഗോളിൽ (28, 45 മിനിറ്റുകളിൽ) ആദ്യ പകുതിക്ക് പിരിയുന്നതിനു മുമ്പേ തന്നെ അൽ ഐൻ മത്സരത്തിൽ വ്യക്തമായ ലീഡ് നേടിയിരുന്നു (അഗ്രഗേറ്റ് സ്കോർ 3-0). ഇഞ്ചുറി ടൈമില്‍ അബ്ദുള്‍ റഹ്മാന്‍ ഗരീബിലൂടെ (45+5) സൗദി ക്ലബ് ഒരു ഗോള്‍ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ഖാലിദ് ഐസയുടെ സെല്‍ഫ് ഗോളിലൂടെ അൽ നസ്ർ മത്സരത്തിൽ ഒപ്പമെത്തി. 72ാം മിനിറ്റില്‍ അലക്സ് ടെല്ലസ് കൂടി വലകുലുക്കിയതോടെ ഇരുപാദങ്ങളിലെ സ്കോറും തുല്യമായി (3-3).
നിശ്ചിത സമയത്ത് ആർക്കും വിജയഗോൾ കണ്ടെത്താനാകാതെ വന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. ഇതിനിടെ 98ാം മിനിറ്റിൽ ഐമൻ അഹ്മദ് ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയതോടെ അൽ നസ്ർ 10 പേരിലേക്ക് ചുരുങ്ങി. 103ാം മിനിറ്റില്‍ സുല്‍ത്താന്‍ അല്‍ ഷംസിയിലൂടെ അല്‍ ഐന്‍ വീണ്ടും ലിഡെടുത്തു. നിശ്ചിത സമയത്ത് രണ്ടു സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയ ക്രിസ്റ്റ്യാനോ 118ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ടീമിന് പ്രതീക്ഷ നൽകി.
അധിക സമയത്തും ഇരുപാദങ്ങളിലെയും സ്കോർ തുല്യമായതോടെ വിജയികളെ തീരുമാനിക്കാൻ മത്സരം പെനല്‍റ്റി ഷൂട്ടൗട്ടിലേക്ക്. ആദ്യത്തെ രണ്ടു അവസരങ്ങളും അൽ നസ്ർ താരങ്ങൾ നഷ്ടപ്പെടുത്തിയപ്പോൽ, അൽ ഐൻ താരങ്ങൾ ലക്ഷ്യം കണ്ടു. മൂന്നാമത്തെ കിക്കെടുക്കാനായി ക്രിസ്റ്റ്യാനോ വരുമ്പോൾ ടീം 2-0ത്തിന് പിന്നിലായിരുന്നു. താരം ലക്ഷ്യം കണ്ടെങ്കിലും നാലാമത്തെ കിക്കെടുത്ത ഒട്ടാവിയോയും കിക്ക് പാഴാക്കി. 3-1 എന്ന സ്കോറിന് അല്‍ ഐന്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.