യൂറോകപ്പിലും ലോകകപ്പിലുമായി റൊണാൾഡോ അടിച്ചത് 50ലേറെ ഫ്രീകിക്കുകൾ; ഗോളായത് ഒന്നു മാത്രം
text_fieldsലിസ്ബൺ: ബെൽജിയത്തിനെതിരെ പ്രീക്വാർട്ടറിൽ തോറ്റ് പോർച്ചുഗൽ പുറത്തായതിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഫ്രീകിക്ക് എടുക്കാനുള്ള കഴിവിനെച്ചൊല്ലി ചർച്ച ഉയരുന്നു. റൊണാൾഡോക്കെതിരെ വിമർശനവുമായി ആഴ്സനലിെൻറ മുൻതാരം ഇയാൻ റൈറ്റ് അടക്കമുള്ളവർ രംഗത്തെത്തി.
മത്സരത്തിെൻറ ഹാഫ് ടൈമിനിടെ ഐ.ടി.വി ചർച്ചക്കിടയിലാണ് വിമർശനവുമായി ഇയാൻ റൈറ്റ് എത്തിയത്. മത്സരത്തിൽ റൊണാൾഡോ ആദ്യം തൊടുത്ത ഫ്രീകിക്ക് ബെൽജിയം ഗോൾകീപ്പർ തിബോ കോർട്ടോയിസ് തടുത്തിരുന്നു. അതിനെക്കുറിച്ച് ഇയാൻ റൈറ്റും മുൻ ഫ്രഞ്ച് താരം പാട്രിക്ക് വിയേരയും വിലയിരുത്തിയതിങ്ങനെ:
ഇയാൻ റൈറ്റ്: എത്ര ഫ്രീകിക്കുകൾ റൊണാൾഡോ ഗോളാക്കിയിട്ടുണ്ട്. 50ൽ ഒന്നു മാത്രം. ഇപ്പോഴും ഒന്നും സംഭവിച്ചില്ല.
പാട്രിക് വിയേര: കോർട്ടോ അതുപോലുള്ള സേവുകൾ ചെയ്യുമെന്ന് എല്ലാവരും പ്രതീക്ഷിക്കും. ഇതുപോലെയുള്ള ഫ്രീകിക്കുകളിൽ ഗോൾ വഴങ്ങിയാൽ അദ്ദേഹത്തിന് സ്വയം നഷ്ടബോധം തോന്നും. എന്നാലും അത് നല്ല സേവ് ആയിരുന്നു.
ഇയാൻ റൈറ്റ്: പന്ത് വരുന്നത് കാണാൻ കോർട്ടോക്ക് സമയം കിട്ടിയിരുന്നു. പിന്നെ അടിക്കുന്നത് റൊണാൾഡോയാണ്. അദ്ദേഹം ഫ്രീകിക്കിൽ നിന്നും അധികം ഗോൾനേടില്ല.
രണ്ടാം പകുതിയിൽ റൊണാൾഡോ ഫ്രീകിക്ക് എടുത്തെങ്കിലും മുന്നിലെ പ്രതിരോധ മതിലിൽ തട്ടിയിരുന്നു. സെറ്റ്പീസ് സ്പെഷ്യലിസ്റ്റ് ബ്രൂണോ ഫെർണാണ്ടസ് അടക്കമുള്ളവർ ടീമിലുണ്ടെങ്കിലും റൊണാൾഡോ തന്നെയാണ് കിക്കുകൾ എടുക്കാറുള്ളത്.
2004 യൂറോ മുതൽ കളിക്കുന്ന റൊണാൾഡോ ടൂർണമെൻറ് ചരിത്രത്തിൽ 28 ഫ്രീകിക്കുകൾ അടിച്ചിട്ടുണ്ടെങ്കിലും ഒന്നും ഗോളായിട്ടില്ല. 2018ൽ സ്പെയിനിനെതിരെ നേടിയ ഉഗ്രൻ ഫ്രീകിക്ക് ഗോളാണ് ലോകകപ്പ് ചരിത്രത്തിൽ റൊണാൾഡോയുടെ പേരിലുള്ള ഗോൾ. മാഞ്ചസ്റ്റർ യുനൈറ്റഡ് ജഴ്സിയിൽ 13ഉം റിയൽ മാഡ്രിഡ് ജഴ്സിയിൽ 32ഉം ഗോളുകൾ റൊണാൾഡോ ഫ്രീകിക്കിൽ നിന്നും കുറിച്ചിട്ടുണ്ട്. യുവൻറസിനായി 72 ഫ്രീകിക്കുകളിൽ നിന്നും ഒരുഗോൾ മാത്രമാണ് റോണോ കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.