പോർചുഗലിൽ ക്രിസ്റ്റ്യാനോയുടെ സ്വപ്ന ഭവനം ഒരുങ്ങുന്നു; വെട്ടിലായി അയൽക്കാർ
text_fieldsപോർചുഗീസ് ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്വപ്ന ഭവനത്തിന്‍റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. പോർചുഗീസ് തലസ്ഥാനമായ ലിസ്ബണിൽനിന്ന് അൽപം മാറി കാസ്കൈസിലാണ് ആഢംബര വീട് ഒരുങ്ങുന്നത്. 22 മില്യൺ ഡോളർ ചെലവിൽ എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടെയും നിർമിക്കുന്ന വീട് രൂപകൽപന ചെയ്തത് താരത്തിന്‍റെ കുടുംബം തന്നെയാണ്.
രാജ്യത്തെ ഏറ്റവും ചെലവേറിയ വീടിന്‍റെ നിർമാണം അടുത്ത വർഷം ജൂണോടെ പൂർത്തിയാകുമെന്നാണ് റിപ്പോർട്ട്. നാലു നിലകളുള്ള വീട്ടിൽ നാലു ആഢംബര സ്യൂട്ടുകളുണ്ടാകും. പ്രദേശത്തെ പ്രകൃതി ഭംഗി ആസ്വദിക്കാനായി പൂർണമായി ഗ്ലാസുകൊണ്ടാകും ഇതിന്‍റെ ചുമരുകൾ. കൂടാതെ തിയറ്റർ, ജിംനേഷ്യം, ടെന്നീസ് ക്വാർട്ട്, സർവിസ് ഏരിയ ഉൾപ്പെടെയുള്ള സൗകര്യങ്ങളും താരത്തിന്‍റെ സ്വപ്ന ഭവനത്തിലുണ്ടാകും.
താരത്തിന്‍റെ 20ലധികം വരുന്ന ആഢംബര കാറുകൾക്കായി രണ്ടു ഗാരേജുകളും ഒരുങ്ങുന്നുണ്ട്. എന്നാൽ, ലോക ഫുട്ബാളിലെ സൂപ്പർതാരം തങ്ങളുടെ അയൽക്കാരനാകുന്നതിന്‍റെയും രാജ്യത്തെ ഏറ്റവും വലിയ ആഢംബര ഭവനം തൊട്ടടുത്തുവരുന്നതിന്‍റെയും സന്തോഷമൊന്നും സമീപത്തെ വീട്ടുകാരുടെ മുഖത്തില്ല. മാത്രമല്ല, ഇതുകൊണ്ട് ദുരിതത്തിലായിരിക്കുകയാണ് ഈ കുടുംബങ്ങൾ.
താരത്തിന്‍റെ വീടിന്‍റെ ഉയരമാണ് ഭൂരിഭാഗം കുടുംബങ്ങൾക്കും പ്രശ്നം. ‘മൂന്നുവർഷം എടുത്ത് നിർമിക്കുന്ന ഭവനം ഒരു ആശുപത്രിക്കു സമാനമാണ്. നിർമാണം നടക്കുന്നതിനാൽ മാസങ്ങളായി ഞങ്ങളുടെ റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടിരിക്കുന്നു. പൂന്തോട്ടം മുഴുവൻ പൊടിയാണ്. എല്ലാം റൊണാൾഡോയുടെ ഈ പിരമിഡ് കാരണമാണ്’ -അയൽക്കാരിലൊരാൾ പറയുന്നു.
അടുത്ത വർഷം മധ്യത്തോടെ വീടിന്‍റെ നിർമാണം പൂർത്തിയാകുമെങ്കിലും 2025 വരെ സൗദി ക്ലബ് അൽ നസ്റുമായി കരാറുള്ള ക്രിസ്റ്റ്യാനോ ഇവിടേക്ക് താമസം മാറ്റില്ല. കരാർ പൂർത്തിയാക്കി 40 ാം വയസ്സിൽ താരം ഫുട്ബാളിനോട് വിട പറഞ്ഞ് സ്വപ്ന ഭവനത്തിലേക്ക് താമസം മാറ്റുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.