''മാഞ്ചസ്റ്ററിൽ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് അപ്രസക്തമാകും, കാരണം റൊണാൾഡോ അരങ്ങേറുന്നു''
text_fieldsമാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാനത്തേതും നിർണായകവുമായ ടെസ്റ്റ് മത്സരം വെള്ളിയാഴ്ച മുതൽ ആരംഭിക്കുകയാണ്. മാഞ്ചസ്റ്റിലെ ഓൾഡ് ട്രാഫോഡ് മൈതാനത്താണ് അവസാന ടെസ്റ്റ് മത്സരം. മത്സരം സമനിലയാകുകയോ വിജയിക്കുകയോ ചെയ്താൽ ഇന്ത്യക്ക് അഭിമാനകരമായ പരമ്പരവിജയം സ്വന്തമാകും. ഇംഗ്ലണ്ടിനാകട്ടെ, മാനം രക്ഷിക്കാൻ ജയം അനിവാര്യവുമാണ്.
കാര്യങ്ങൾ ഇങ്ങനൊക്കെ ആണെങ്കിലും അതിനേക്കാൾ വലിയ സംഭവം അതിനിടയിൽ മാഞ്ചസ്റ്ററിൽ നടക്കുന്നുണ്ട്. സാക്ഷാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ യുനൈറ്റഡലിലേക്കുള്ള ഗംഭീരമായ റീ എൻട്രിയാണത്. മാഞ്ചസ്റ്റർ യുനൈറ്റഡ് ഹോം ഗ്രൗണ്ടും ക്രിക്കറ്റ് സ്റ്റേഡിയവും തമ്മിൽ വെറും 800 മീറ്റർ അകലം മാത്രമാണുള്ളത്.
''ക്രിസ്റ്റ്യാനോ ഇംഗ്ലീഷ് സമയം വൈകീട്ട് 3 മണിക്ക് (ഇന്ത്യൻ സമയം -7:30)ന് അരങ്ങേറുകയാണ്. അതുകൊണ്ടുതന്നെ ഞാൻ പറയുന്നു, ടെസ്റ്റ് ക്രിക്കറ്റ് അപ്രസക്തമാകും. ആ ദിവസം ടെസ്റ്റ് ക്രിക്കറ്റിനെ മറന്നേക്കൂ. ആ ദിനം റൊണാൾഡോക്ക് വേണ്ടി മാത്രമുള്ളതാണ്'' -മുൻ ഇംഗ്ലീഷ് നായകനും കമേന്ററ്ററുമായ മൈക്കൽ വോണിന്‍റെ അഭിപ്രായം ഇങ്ങനെയാണ്. ഇതേ വാചകം പ്രീമിയർ ലീഗിന്‍റെ ഇന്ത്യയിലെ ഔദ്യോഗിക പേജും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ന്യൂകാസിൽ യുനൈറ്റഡുമായി നടക്കുന്ന മത്സരത്തിൽ റൊണാൾഡോ കളത്തിലിറങ്ങുമെന്നാണ് കരുതുന്നത്. റൊണാൾഡോ യുനൈറ്റഡിനൊപ്പം ചേർന്ന്് ഗ്രൗണ്ടിൽ പരിശീലനം തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.