97ാം മിനിറ്റിൽ ക്രിസ്റ്റ്യാനോയുടെ വിജയഗോൾ; അൽ ശബാബിനെയും വീഴ്ത്തി അൽ നസ്ർ മുന്നോട്ട്
text_fieldsറിയാദ്: സൗദി പ്രൊ ലീഗിൽ തോൽവി അറിയാതെ അൽ നസ്ർ കുതിക്കുന്നു. സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ വിജയഗോളിലൂടെ അൽ ശബാബിനെ 2-1 ന് കീഴടക്കി. അൽ ശബാബ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരം അവസാനം നിമിഷം വരെ പ്രവചാനതീതമായിരുന്നു. അന്തിമ വിസിലിന് തൊട്ട് മുൻപ് ലഭിച്ച രണ്ട് പെനാൽറ്റികൾ ഒന്ന് വിജയഗോളാക്കി അൽ നസ്ർ മുതലെടുത്തപ്പോൾ അൽ ശബാബ് കിട്ടിയ അവസരം കളഞ്ഞുകുളിച്ചു.
മത്സരത്തിന്റെ 69ാം മിനിറ്റിലാണ് അൽ നസ്ർ ആദ്യ ലീഡെടുക്കുന്നത്. അബ്ദുറഹിമാൻ ഗരീബ് എടുത്ത കോർണർ കിക്ക് ബോക്സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ അയ്മറിക്ക് ലപോർട്ടെ ഗംഭീരമായ ഇടങ്കാലൻ വോളിയിലൂടെ വലയിലെത്തിച്ചു.
വിജയം ഉറപ്പിച്ച് മുന്നേറവേ നിശ്ചിത സമയത്തിന്റെ അവസാന നിമിഷം ഒാൺഗോളിന്റെ രൂപത്തിൽ അൽശബാബ് സമനില പിടിച്ചു. 90ാം മിനിറ്റിൽ അൽശബാബ് താരം നവാഫ് അൽസാദി ബോക്സിലേക്ക് നീട്ടിനൽകിയ പന്ത് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെ അൽ നസ്ർ താരം അലി അൽ ഹസ്സന്റെ കാലിൽ തട്ടി സ്വന്തം വലയിലെത്തുകായായിരുന്നു(1-1).
94ാം മിനിറ്റിൽ മുന്നേറ്റം തടയുന്നതിനിടെ ശബാബിന്റെ ബ്രസീലിയൻ ഡിഫൻഡർ റോബർട്ട് റെനാൻ ബോക്സിനകത്ത് അബ്ദുറഹിമാൻ ഗരീബിനെ ഫൗൾ ചെയ്ത് വീഴ്ത്തി. റഫറി പെനാൽറ്റി വിധിച്ചതോടെ അൽപനേരം ഇരുടീമിന്റെ കളിക്കാർ തമ്മിൽ ഏറ്റുമുട്ടി. അൽ നസ്ർ ഡിഫൻഡർ മുഹമ്മദ് സിമാക്കന് യെല്ലോ കാർഡ് ലഭിച്ചു. തുടർന്ന് പെനാൽറ്റി കിക്കെടുത്ത സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സമർത്ഥമായി വലയിലെത്തിച്ചതോടെ (2-1) അൽ നസ്ർ വീണ്ടും ലീഡെടുത്തു. ക്രിസ്റ്റ്യാനൊയുടെ 907മത്തെ അന്താരാഷ്ട്ര ഗോളായിരുന്നു അത്.
വിജയം ഉറപ്പിച്ച അൽ നസ്റിനെ നിരാശരാക്കി ശബാബിന് അനുകൂലമായി പെനാൽറ്റിയെത്തി. 99ാം മിനിറ്റിൽ ബോക്സിനകത്ത് ശബാബ് താരത്തെ സിമാക്കൻ വീഴ്ത്തിയതാണ് തിരിച്ചടിയായത്. വാർ പരിശോധിച്ച് റഫറി ശബാബിന് അനുകൂലമായ പെനാൽറ്റി വിധിക്കുകയും സിമാക്കനെ രണ്ടാം യെല്ലോ കാർഡ് നൽകി പുറത്താക്കുകയും ചെയ്തു. എന്നാൽ, ഹംദല്ലയുടെ പെനാൽറ്റി കിക്ക് പോസ്റ്റിൽ തട്ടി പുറത്ത് പോയതോടെ സമനില പിടിക്കാനുള്ള ശബാബിന്റെ അവസാന കച്ചിത്തുരുമ്പും നഷ്ടമായി.
ജയത്തോടെ അൽ നസ്ർ പ്രൊ ലീഗ് പട്ടികയിൽ അൽഹിലാലിന് പിന്നിൽ രണ്ടാമതായി മുന്നേറുകയാണ്. ഏഴു മത്സരങ്ങളിൽ നിന്ന് അഞ്ച് ജയവും രണ്ടു സമനിലയും ഉൾപ്പെടെ 17 പോയിന്റാണ് അൽ നസ്റിനുള്ളത്. ഏഴിൽ ഏഴും ജയിച്ച അൽ ഹിലാൽ 21 പോയിന്റുമായി ഒന്നാമത് തുടരുന്നു. 15 പോയിന്റുമായി അൽ ഇത്തിഹാദാണ് മൂന്നാമത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.