ബ്രസീൽ താരം ഡാനി ആൽവസിന് ജാമ്യമില്ല; ജയിലിൽ തുടരും
text_fieldsപീഡനക്കേസിൽ ജാമ്യം അനുവദിക്കണമെന്ന ബ്രസീൽ താരം ഡാനി ആൽവസിന്റെ ആവശ്യം സ്പാനിഷ് കോടതി തള്ളി. വിചാരണക്ക് മുമ്പ് ജയിൽ മോചിതനാക്കണമെന്നാവശ്യപ്പെട്ട് താരത്തിന്റെ അഭിഭാഷകർ നൽകിയ അപേക്ഷയാണ് ബ്രസീലിലേക്ക് നാടുവിട്ടേക്കാമെന്നു പറഞ്ഞ് തള്ളിയത്.
ഡിസംബർ 30ന് ബാഴ്സലോണയിലെ നൈറ്റ്ക്ലബിൽ യുവതിയെ പീഡിപ്പിച്ചെന്നാണ് ആൽവസിനെതിരായ കേസ്. ബാഴ്സലോണ ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതോടെ താരം ഉയർന്ന കോടതിയെ സമീപിച്ചേക്കും.
കേസിൽ അന്വേഷണം ഏറെ മുന്നോട്ടുപോയെന്നും ആൽവസിനെതിരെ തെളിവുകളുണ്ടെന്നും ബ്രസീലിലേക്ക് നാടുവിട്ടാൽ വിചാരണക്കായി തിരിച്ചെത്തിക്കുക എളുപ്പമല്ലെന്നും പ്രോസിക്യൂഷൻ പറയുന്നു. എന്നാൽ, പാസ്പോർട്ട് സമർപിക്കാമെന്നും എവിടെ പോയെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഇലക്ട്രോണിക് ടാഗ് കഴുത്തിൽ ഘടിപ്പിക്കാമെന്നും വരെ താരം സമ്മതിച്ചെങ്കിലും കോടതി അനുവാദം നൽകിയിട്ടില്ല.
ഉയർന്ന സാമ്പത്തിക സ്ഥിതിയുള്ള താരം നാടുവിടാൻ കുറുക്കുവഴികൾ സ്വീകരിക്കുമെന്നാണ് പ്രോസിക്യൂഷൻ വാദം.
ബാഴ്സലോണയുടെ ഇതിഹാസ താരങ്ങളിലൊരാളായ ആൽവസ് ക്ലബ് ജഴ്സിയിൽ 408 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. ആറു തവണ ലാ ലിഗ കിരീടവും മൂന്ന് ചാമ്പ്യൻസ് ലീഗും ഈ സമയത്ത് സ്വന്തമാക്കി. പി.എസ്.ജി, യുവന്റസ് ജഴ്സിയിലും ഇറങ്ങിയ താരം ഏറ്റവുമൊടുവിൽ ഖത്തർ ലോകകപ്പിൽ ബ്രസീൽ ടീമിലും അംഗമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.