അന്ന് മരണത്തെ അതിജീവിച്ച് ഗോളുകൾ അടിച്ചു കൂട്ടി, ഇന്ന് അദ്ഭുത പ്രഭാഷകൻ...!
text_fieldsടോപ്പ് സ്പീക്കർ ജർമനി -പ്രചോദനാത്മകമായ പ്രഭാഷണങ്ങൾ ആസ്വദിക്കാൻ. നിങ്ങളുടെ അടുത്ത ഈവന്റിനായി ബന്ധപ്പെടുക! . ജർമൻ ഭാഷയിലുള്ള മികച്ച പ്രഭാഷകരിൽ ഒരാളാണ് ഡാനിയൽ എൻഗേൽസ്ബെർഗ്. സ്കൂൾ, കോളജ്, സർവകലാശാലാ തലത്തിലും കായിക വേദികളിലും ആരാധകരെ സൃഷ്ടിച്ചു മോട്ടിവേഷന്റെ പുതിയ തലങ്ങളിൽ എത്തിക്കുന്ന ഈ പന്തുകളി രാജകുമാരന്റെ വാക്കുകൾക്കായി ജർമൻ യുവത കാത്തിരിക്കുന്നു.
ഈ കീനോട്ട് നിങ്ങൾ മറക്കില്ല...! ഇതൊരു പരസ്യമാണ് എല്ലാ സമൂഹമാധ്യമങ്ങളിലും സ്ഥിരമായി കാണാറുള്ള ഒരു പരസ്യം...! ഒരുപാട് പങ്കുവെക്കപ്പെടുന്ന ഒരു പരസ്യം. ഈ പ്രഭാഷകൻ ആരെന്നറിയുമ്പോഴേ നിങ്ങൾ അതിശയിക്കുകയുള്ളു, അത്ഭുതപ്പെടുകയുള്ളു, ആളൊരു പന്തുകളിക്കാരനായിരുന്നു. 2018 വരെ പ്രോഫി ഫുട്ബാൾ കളിച്ചയാൾ. എന്നാൽ അതിലും വലിയ ഒരു പൂർവ കാലം അയാൾക്കുണ്ട്, കളിക്കിടെ കുഴഞ്ഞു വീണയാൾ, 13 മിനിറ്റോളം ഹൃദയം നിലച്ചയാൾ, വൈദ്യ ശാസ്ത്രത്തെപ്പോലും വിസ്മയിപ്പിച്ച് ജീവിതത്തിലേക്കു പൊട്ടിച്ചിരിച്ചുകൊണ്ട് കടന്നുവന്നയാൾ, എല്ലാ നിയന്ത്രണങ്ങളും വിലക്കുകളും അവഗണിച്ച് ഹൃദയ ചലനം നിയന്ത്രിക്കാൻ Defibrillator എന്ന ഉപകരണം ഹൃദയത്തിൽ സ്ഥാപിച്ച് പ്രഫഷനൽ ഫുട്ബാൾ രംഗത്തു നിലയുറപ്പിച്ചയാൾ...
ടീമിന് വേണ്ടി അയാൾ കളിച്ച മത്സരങ്ങളിലൊക്കെയും നിർണായക ഗോളുകൾ നേടിയ താരം, പേര്: ഡാനിയൽ എൻഗേൽസ്ബെർഗ്..! 1990 നവംബർ അഞ്ചിന് കൊളോൻ നഗരത്തിൽ ജനനം. ആറാം വയസുമുതൽ പന്തുകളിക്കാരൻ
കൊളോൺ ലേവർകൂസൻ ബോഹും സ്റ്റുട്ട് ഗാർട്ട് തുടങ്ങി പ്രമുഖ ടീമുകളിൽ ഒക്കെ കളിച്ചിട്ടുണ്ട്, അങ്ങനെയാണ് 2013ലെ ലോക കായിക വേദി അതുവരെ കണ്ടിട്ടില്ലാത്ത അപൂർവങ്ങളിൽ അപൂർവമായ ആ അപകടം സംഭവിച്ചത്.
"2013 ജൂലൈ 13നു ജർമനിയിലെ മൂന്നാം ഡിവിഷൻ ഫുട്ബാൾ ലീഗ് മത്സരത്തിനിടയിൽ സ്റ്റുട്ട്ഗാർട്ട് കിക്കേസ്സിന്റെ മുൻനിരക്കാരൻ "ഡാനിയൽ" ബോധരഹിതനായി നിലം പതിച്ചു....,! കളിക്കളത്തിലെ സാധാ പരിക്കാകുമെന്നു കരുതി പ്രഥമ ശുശ്രൂഷ വിഭാഗം പുറത്തു കൊണ്ട് പോയി പരിശോധിച്ചപ്പോഴാണ് ആ ഹൃദയം നിശ്ചലമായത് ശ്രദ്ധയിൽപെടുന്നത്.....!! ഡാനിയാൽ 13 മിനിറ്റ് നേരം ഒരു മൃതശരീരമായിരുന്നുവെന്ന് !!! വിദഗ്ധരായ ഡോക്ടർമാരുടെ തീവ്ര പരിചരണത്തിന് ശേഷം ആ കളിക്കാരന്‍റെ ഹൃദയം വീണ്ടും ചലിച്ചു തുടങ്ങി, അപ്പോഴാണറിയുന്നത് അത്യന്തം സങ്കീർണമായ നിരവധി തകരാറുകൾ ആ കളിക്കാരന്റെ ഹൃദയത്തെ ബാധിച്ചിരിക്കുന്നുവെന്നും അടിയന്തര ശാസ്ത്രക്രിയ അനിവാര്യമെന്നും!
ഒടുവിൽ നാല് ഓപറേഷനുകൾക്ക് ശേഷവും ആ ഹൃദയത്തിന്റെ ചലനം സാധാരണ ഗതിയിൽ ആക്കാൻ വൈദ്യശാസ്ത്രത്തിനായില്ല! ഏതു നേരവും അത് എന്നെന്നേക്കുമായി നിലച്ചുപോകുന്ന അവസ്ഥ. ഒരേ ഒരു പരിഹാരമേയുള്ളു ഒരു "ടെഫിബ്രിലടോർ (Defibrillator)" ഹൃദയത്തിനുള്ളിൽ സ്ഥാപിക്കണം....., ചലനം നിലക്കുന്ന നേരം ഈ യന്ത്രത്തിൽ നിന്നുള്ള വൈദ്യുതി പ്രവാഹം ഹൃദയചലനം പുനർജീവിപ്പിക്കും! സർജറിക്കുശേഷം വിധിയെ പഴിച്ചു കഴിയുന്നതിനു പകരം ഡാനിയാൽ പോയത് നേരെ കളിക്കളത്തിലേക്കായിരുന്നു ! താരത്തിന്‍റെ കളിക്കളത്തിലേക്കുള്ള മടങ്ങി വരവ് സഹ കളിക്കാർക്കും പരിശീലകർക്കും ചിന്തിക്കാൻ പോലുമായില്ല...
എന്നാൽ ഒരു കാരണവശാലും മടക്കമില്ലെന്ന വാശിയോടെ അയാൾ ബൂട്ട് കെട്ടി..., ഒടുവിൽ ഒരു പ്രത്യേക കവചം കളി കുപ്പായത്തിനു പുറത്തു ധരിക്കണമെന്ന നിബന്ധനയോടെ ഡോക്ടർമാർ അയാൾക്ക് കളിക്കാൻ അനുമതി നൽകി. 2014 നവംബെർ 14, വെള്ളിയാഴ്ച വൈകീട്ട് 4.18 ആയപ്പോൾ സ്റ്റുട്ട്ഗാർട്ട് കിക്കേഴ്സും വെഹാൻ ക്ലബും തമ്മിലുള്ള മത്സരം 1-1 എന്ന നിലയിൽ, മത്സരം അവസാനിക്കാൻ കേവലം ഏഴ് മിനിറ്റു മാത്രം, സ്റ്റുട്ട്ഗാർട്ട് പരിശീലകൻ ഒരു പരീക്ഷണത്തിന് തയാറാകുന്നു. ഡാനിയാലിനെ കളത്തിലിറക്കി, ലോക കായിക ചരിത്രത്തിലെ ഏറ്റവും വലിയ അതിശയമാണ് അടുത്ത നിമിഷം നാം കാണുന്നത്. കഴിഞ്ഞ മത്സരത്തിൽ മൃതശരീരമായി പുറത്തു എടുത്തു കൊണ്ട് പോയ ആ മനുഷ്യൻ ഗോളടിച്ചിരിക്കുന്നു! ആ ഗോളിൽ അയാളുടെ ടീം വിജയിച്ചിരിക്കുന്നു!
അന്ന് ലോകത്തെ അതിശയിപ്പിച്ച ആ കളിക്കാരൻ 2017വരെ അത് തുടർന്ന്. അതിനുശേഷവും അയാൾ പന്തുകളിയോട് കൂറ് പുലർത്തി. ഹൃദയത്തിൽ യന്ത്രവുമായി അദ്ദേഹം ഇപ്പോൾ ബോഹും ജൂനിയർ ടീമിനെ കളി പഠിപ്പിക്കുന്നു. എന്നാൽ അതുകൊണ്ടൊന്നും തീരുന്നില്ല, ഡാനിയാലിന്‍റെ അത്ഭുത പ്രകടനങ്ങൾ. ഇന്നയാൾ ജർമൻ യുവതയുടെ ആരാധനാ പുരുഷനാണ്. എല്ലാ അവധി ദിവസങ്ങളിലും അയാളുടെ മാന്ത്രിക വാക്കുകൾക്കായി അവർ കാത്തിരിക്കുന്നു. ജീവിതം മടുത്തവർ, ആത്മഹത്യക്കു ശ്രമിച്ചവർ, മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ടവർ, നല്ലൊരു നാളെ സ്വപ്നം കാണുന്നവർ...!
മരണത്തെ പുഞ്ചിരിയോടെ നേരിട്ട്, തൽക്കാലം നിന്നോടൊപ്പം വരാൻ മനസില്ല എന്ന് പറഞ്ഞുകൊണ്ട് ജീവിതത്തിലേക്ക് മടങ്ങിവന്നവൻ... ഡാനിയലിന് ഒരു പിൻഗാമിയുണ്ട്. ഡെന്മാർക്കിന്റെ ക്രിസ്ത്യൻ എറിക് സെൻ. 2020 യൂറോകപ്പിലെ മത്സരം കോവിഡ് കാരണം ഒരു വർഷം വൈകിയാണ് നടന്നത്. 2021 ജൂൺ 12നു ഡെന്മാർക്ക്-ഫിൻലൻഡ് മത്സരത്തിനിടയിൽ എറിക്സെനും ഇതുപോലെ കുഴഞ്ഞു വീണിരുന്നു അദ്ദേഹത്തിന്റെ സഹ കളിക്കാരുടെ സമയോചിതമായ ഇടപെടലോടെ അദ്ദേഹത്തിന് അവിടെ വെച്ചു തന്നെ പരിചരണവും തുടർ ചികിത്സയും ലഭിച്ചു. അദ്ദേഹവും ഡാനിയലിനെ പോലെ മരണത്തെ അതിജീവിച്ച് മടങ്ങിയെത്തി, ഹൃദയത്തിൽ യന്ത്രവുമായാണ് ഫുട്ബാൾ കളിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.