ക്ലാസനുനേരെ ‘മിസൈലാക്രമണം’: ഡച്ച് ലീഗിൽ എല്ലാ കളികളും നിർത്തിവെക്കുമെന്ന് ഭീഷണി
text_fieldsപ്രമുഖ ഡച്ചുതാരം ഡേവി ക്ലാസനു നേരെ കുപ്പിയെറിഞ്ഞ് തലക്ക് പരിക്കേറ്റ സംഭവത്തിനു പിന്നാലെ കടുത്ത നടപടികൾക്കൊരുങ്ങി ഡച്ച് ഫുട്ബാൾ അസോസിയേഷൻ. ഫെയനൂർദിനെതിരായ ഡച്ച് കപ്പ് സെമി ഫൈനലിലാണ് അയാക്സ് മിഡ്ഫീൽഡർ ഡേവി ക്ലാസൻ ആക്രമിക്കപ്പെട്ടത്. ടീമിനെ മുന്നിലെത്തിച്ച ഗോൾ ആഘോഷിക്കാൻ കോർണർ ഫ്ലാഗിനരികെ നിന്നപ്പോഴായിരുന്നു മൂർച്ചയുള്ള വസ്തു തലയിൽ പതിച്ചത്. തലപൊട്ടി ചോര ചിന്തിയതോടെ കളി അരമണിക്കൂർ നേരം നിർത്തിവെച്ചു. സ്വന്തം മൈതാനത്ത് ഫെയനൂർദ് അസിസ്റ്റന്റ് കോച്ച് നേരിട്ടിറങ്ങി പ്രശ്നം അവസാനിപ്പിച്ച ശേഷം കളി പുനരാരംഭിച്ചെങ്കിലും തല ചുറ്റൽ അനുഭവപ്പെട്ട് ക്ലാസൻ തിരിച്ചുകയറി. ആക്രമണം നടത്തിയ പ്രതിയുൾപ്പെടെ 32 പേരെ പിന്നീട് കസ്റ്റഡിയിലെടുത്തു.
സമാന സംഭവങ്ങൾ ആവർത്തിച്ചാൽ ഡച്ച് ലീഗിൽ മത്സരങ്ങൾ പൂർണമായി നിർത്തിവെക്കുമെന്ന് ഫുട്ബാൾ അസോസിയേഷൻ മുന്നറിയിപ്പ് നൽകി. ഏതെങ്കിലും മത്സരത്തിനിടെ ഉണ്ടായാൽ ഉടൻ ആ മത്സരം അവസാനിപ്പിക്കാൻ റഫറിമാർക്കും നിർദേശം നൽകി. ആദ്യാവസാനം സംഘർഷങ്ങൾ കണ്ട ഫെയനൂർദ് മൈതാനത്ത് തുടക്കത്തിലെ വെടിക്കെട്ടിൽ പുകമൂടി മത്സരം തുടങ്ങാൻ വൈകിയിരുന്നു. പിന്നീടാണ് ആക്രമണവുമുണ്ടായത്. ഇതിനെതിരെ സെമിറ്റിക് വിരുദ്ധ മുദ്രാവാക്യം വിളികളും കേട്ടു.
അതേ സമയം, ആക്രമണമുണ്ടായ ഭാഗത്തെ 2,000 സീറ്റുകൾ അടച്ചുപൂട്ടാൻ ഫെയനൂർദ് ക്ലബ് തീരുമാനിച്ചു. ഏപ്രിൽ 13ന് റോമക്കെതിരെ യൂറോപ ലീഗ് ക്വാർട്ടർ ഫൈനൽ മുതൽ ഈ ഭാഗം അടഞ്ഞുകിടക്കും.
നെതർലൻഡ്സ് പ്രധാനമന്ത്രി മാക് റുട്ടെ അടക്കം പ്രമുഖർ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഉന്നത തല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.
കളി ജയിച്ച അയാക്സ് ആംസ്റ്റർഡാം ഡച്ച് കപ്പ് ഫൈനലിൽ പി.എസ്.വി ഐന്തോവനെ നേരിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.