കെവിൻ ഡിബ്രൂയിൻ സിറ്റി വിടില്ലെന്ന് പെപ് ഗ്വാർഡിയോള
text_fieldsലണ്ടൻ: മാഞ്ചസ്റ്റർ സിറ്റിയുടെ ബെൽജിയം സൂപ്പർതാരം കെവിൻ ഡി ബ്രൂയിൻ ക്ലബ് വിട്ട് സൗദിയിലേക്ക് ചേക്കേറുമെന്ന ചർച്ചകൾ സജീവമായിരിക്കെ എല്ലാ ഊഹാപോഹങ്ങളേയും തള്ളി സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോള.
ഡി ബ്രൂയ്‌ൻ ക്ലബ് വിടില്ലെന്ന് ഉറപ്പിച്ചു പറയുകായാണ് ഗ്വാർഡിയോള. നോർത്ത് കരോലിനയിൽ കെൽറ്റിക്കിനെതിരായ സിറ്റിയുടെ സൗഹൃദ മത്സരത്തിന് മുമ്പ് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യ പരിശീലകന്റെ ഉറപ്പ്.
വരാനിരിക്കുന്ന സീസണിൽ മാഞ്ചസ്റ്റർ സിറ്റിയിൽ തുടരുമെന്ന് ഗാർഡിയോള പറയുന്നുണ്ടെങ്കിലും ഡി ബ്രൂയിന്റെ പ്രതികരണങ്ങളിൽ ക്ലബ് വിടാനുള്ള സാധ്യതളാണ് തെളിയിയുന്നത്.
സിറ്റിയുമായുള്ള കരാർ ഒരു വർഷത്തിനുള്ളിൽ അവസാനിക്കും. നിലവിലെ കരാറിനപ്പുറമുള്ള തന്റെ ഭാവി പദ്ധതികളെക്കുറിച്ച് ഭാര്യ മിഷേലുമായി ചർച്ച നടത്തിയതായി ഡി ബ്രൂയിൻ തുറന്ന് സമ്മതിക്കുന്നുമുണ്ട്.
സൗദി പ്രോ-ലീഗിൽ നിന്ന് വന്ന വലിയൊരു ഓഫർ തള്ളിക്കളയില്ലെന്ന് സൂചന തന്നെയാണ് അടുത്തിടെയുണ്ടായ പ്രതികരണങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
"എന്റെ മൂത്ത കുട്ടിക്ക് ഇപ്പോൾ എട്ട് വയസ്സായി, ഇംഗ്ലണ്ട് അല്ലാതെ വേറൊന്നും അറിയില്ല. സിറ്റിയിൽ ഞാൻ എത്ര കാലം കളിക്കുമെന്ന് അവൻ ചോദിക്കുന്നു. സമയം വന്നാൽ, ഞങ്ങൾ അതിനെ അനുയോജ്യമായ രീതിയിൽ നേരിടേണ്ടിവരും," ഡി ബ്രൂയിൻ അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞു.
2015ൽ വുൾഫ്സ്ബർഗിൽ നിന്ന് സിറ്റിയിലെത്തിയ ഡി ബ്രൂയിൻ 257 മത്സരങ്ങളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. 68 ഗോളുകളും സിറ്റിക്ക് വേണ്ടി നേടി. ആറ് പ്രീമിയർ ലീഗ് കിരീടങ്ങളും ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും ഉൾപ്പെടെ സിറ്റിയിൽ 15 പ്രധാന ട്രോഫികളുടെ ഭാഗമായിട്ടുണ്ട്.
ആഗസ്റ്റ് 18 ന് ചെൽസിയുമായുള്ള മത്സരത്തോടെയാണ് പ്രീമിയർ ലീഗിൽ സിറ്റിയുടെ പുതിയ സീസൺ ആരംഭിക്കുന്നത്. കഴിഞ്ഞ സീസണിലെ അതേ സ്ക്വാഡ് തനിക്കും ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഗാർഡിയോള..
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.