സൗഹൃദത്തിൽ ഇന്ത്യക്ക് തോൽവി
text_fieldsദോഹ: ആരവങ്ങളൊഴിഞ്ഞ ഗാലറിക്കു മുന്നിൽ കളിച്ച ഇന്ത്യക്ക് സൗഹൃദ ഫുട്ബാളിൽ തോൽവി. ഖത്തർ സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജോർഡനെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു തോറ്റത്. ഗോൾരഹിതമായി പിരിഞ്ഞ ആദ്യ പകുതിക്കൊടുവിൽ രണ്ടാം പകുതിയിൽ ഇരു ടീമിനും കാര്യമായ അവസരങ്ങളും പിറന്നു. എന്നാൽ കൂട്ടമായ ആക്രമണത്തിലൂടെ ഇന്ത്യൻ ഗോൾമുഖം വിറപ്പിച്ച ജോർഡൻ അനായാസം വലകുലുക്കി വിജയമുറപ്പിച്ചു. 76ാം മിനിറ്റിൽ മുൻതർ അബു അമാറയും, ഇഞ്ചുറിടൈമിന്‍റെ മൂന്നാം മിനിറ്റിൽ മുഹമ്മദ് അബു റൈഖും നേടിയ ഗോളുകളിലൂടെയായിരുന്നു എതിരാളികൾ നീലപ്പടയുടെ വിജയ മോഹങ്ങൾ തല്ലിക്കെടുത്തിയത്.
നീണ്ട ഇടവേളക്കു ശേഷം ദേശീയ ടീമിൽ തിരിച്ചെത്തിയ നായകൻ സുനിൽ ഛേത്രിയും, മൻവിർ സിങ്ങും നയിച്ച ഇന്ത്യൻ മുന്നേറ്റത്തിനൊപ്പം മലയാളി താരം സഹൽ അബ്ദുൽ സമദ്, ഗ്ലാൻ മാർടിനസ്, അനിരുദ്ധ് ഥാപ്പ എന്നിവർ മധ്യനിര കാത്തു. ആദ്യ പകുതിയിൽ ജോർഡൻ മുന്നേറ്റത്തെ ഫലപ്രദമായി തടയാൻ സന്ദേശ് ജിങ്കാനും സുഭാഷിഷ് ബോസും അടങ്ങിയ പ്രതിരോധത്തിന് കഴിഞ്ഞിരുന്നു. ഗോളി ഗുർപ്രീത് സിങ്ങിന്‍റെ ഫോം കൂടിയായതോടെ എതിരാളികളുടെ ഗോൾ അവസരങ്ങൾ ഏറെയും ചെറുക്കാനായി.
എന്നാൽ, രണ്ടാം പകുതിയിൽ ഇന്ത്യ മുന്നേറ്റം കൂടുതൽ ചടുലമാക്കി ആക്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. സന്ദേശ് ജിങ്കാന്‍റെ പിഴവിലായിരുന്നു 76ാം മിനിറ്റിലെ ഗോൾ പിറന്നത്.
പ്രതിരോധിച്ചു നിൽക്കുന്നതിനിടെ സംഭവിച്ച പിഴവ് ഗോളായതോടെ ഇന്ത്യ അൽപം പതറി. ഇതിനിടയിൽ യാസിർ മുഹമ്മദിന്‍റെയും സഹൽ അബ്ദുൽ സമദിന്‍റെയും മികച്ച ചില മുന്നേറ്റങ്ങളും ഷോട്ടുകളും നിർഭാഗ്യംകൊണ്ട് പുറത്താവുകയും ചെയ്തു. തിരിച്ചടിക്കാനുള്ള ഇന്ത്യൻ ശ്രമത്തിനിടെയായിരുന്നു 93ാം മിനിറ്റിൽ മുഹമ്മദ് അബു റൈഖ് ജോർഡന്‍റെ രണ്ടാം ഗോളും കുറിക്കുന്നത്.
ജൂണിൽ രണ്ടാം വാരം കൊൽക്കത്തയിൽ നടക്കുന്ന ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ കളത്തിലിറങ്ങുന്നതിന് മുന്നോടിയായാണ് ഇന്ത്യ ജോർഡനെതിരെ സന്നാഹത്തിനിറങ്ങിയത്.
കാണികളില്ലാതെയായിരുന്നു കളി നടന്നത്. എങ്കിലും വിശഷിടാതിഥികളായി ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉൾപ്പെടെ പ്രമുഖരെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.